വിദേശത്തു നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം

2020-06-18 21:25:36

 തിരുവനന്തപുരം:വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾ കോവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. പാസഞ്ചർ മാനിഫെസ്റ്റിലെയും നോർക്ക രജിസ്ട്രേഷനിലെയും വിവരങ്ങൾ വച്ച് യാത്രക്കാരുടെ വിശദാംശങ്ങൾ ശേഖരിക്കുന്നത് കൂടുതൽ വിമാനങ്ങൾ എത്തുമ്പോൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ഈ ക്രമീകരണം.

കോവിഡ് 19 ജാഗ്രത പോർട്ടലിലെ പബ്ളിക് സർവീസ് വിൻഡോയിൽ പ്രവാസി രജിസ്ട്രേഷൻ എന്ന പുതിയ സംവിധാനം ഇതിനായി നിലവിൽ വന്നു. (കോവിഡ് 19 ജാഗ്രത – പബ്ളിക് സർവീസസ്- ഇന്റർനാഷണൽ റിട്ടേർണീസ്- വിശദാംശങ്ങൾ രേഖപ്പെടുത്തുക- സബ്മിറ്റ് ചെയ്യുക). യാത്രാ ടിക്കറ്റ് എടുത്ത ശേഷം വേണം രജിസ്റ്റർ ചെയ്യേണ്ടത്. വന്ദേഭാരത് മിഷനിലും ചാർട്ടേഡ് വിമാനങ്ങളിലും എത്തുന്നവർ ഇത്തരത്തിൽ രജിസ്റ്റർ ചെയ്യണം.

ഇ മെയിലോ ഏതെങ്കിലും ഇന്ത്യൻ മൊബൈൽ നമ്പറോ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുന്നവർക്ക് ഓട്ടോ ജനറേറ്റഡ് രജിസ്ട്രേഷൻ നമ്പർ ലഭിക്കും. സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ശേഷം പെർമിറ്റ് നമ്പർ പ്രവാസികൾക്ക് അയച്ചുനൽകാം.
യാത്രക്കാരുടെ വിവരം ഇതിലൂടെ ബന്ധപ്പെട്ട ജില്ലാ കളക്ടർമാർക്കും തദ്ദേശസ്ഥാപനങ്ങൾക്കും ലഭിക്കുന്നതിനാൽ ഹോം ക്വാറന്റൈൻ അടക്കമുള്ള ആരോഗ്യ പരിപാലനം കൃത്യമായി നടപ്പാക്കാനാവും. എയർപോർട്ടിൽ പെർമിറ്റ് നമ്പർ കാണിക്കുമ്പോൾ ഇവരുടെ വിവരം വേഗത്തിൽ രേഖപ്പെടുത്താൻ കഴിയും. ചാർട്ടേഡ് വിമാനം ഒരുക്കുന്നവർ തന്നെ അതിൽ വരുന്നവരെല്ലാം ഇത്തരത്തിൽ രജിസ്റ്റർ ചെയ്തുവെന്ന് ഉറപ്പാക്കണം.

മികച്ച  ക്വാറന്റൈൻ, ആരോഗ്യ പരിപാലനത്തിനായുള്ള ക്രമീകരണവുമായി എല്ലാ പ്രവാസികളും സഹികരിക്കണമെന്ന് സർക്കാർ അഭ്യർത്ഥിച്ചു.
നോർക്കയിലെയും പാസഞ്ചർ മാനിഫെസ്റ്റിലെയും വിവരങ്ങളിൽ പലപ്പോഴും വ്യത്യാസമുണ്ടാകുന്നത് മടങ്ങിയെത്തുന്ന പ്രവാസികളുടെ വിവരശേഖരണം ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഇതുകാരണം വിമാനത്താവളത്തിൽ താമസം നേരിടുകയും ചെയ്യുന്നു. കോവിഡ് 19 ജാഗ്രതയിലെ രജിസ്ട്രേഷനിലൂടെ ഇതിനും പരിഹാരമാകും.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.