സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തിന് കൂടുതൽ മാർഗനിർദ്ദേശങ്ങളായി

2020-06-19 20:26:56

 തിരുവനന്തപുരം:കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളത്തിലെ വിവിധ സർക്കാർ ഓഫീസുകളുടെയും പൊതുമേഖല സ്ഥാപനങ്ങളുടെയും അർധ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം ക്രമീകരിക്കുന്നത് സംബന്ധിച്ച് കൂടുതൽ മാർഗനിർദ്ദേശങ്ങളായി.

ജൂൺ 30 വരെയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ ബാധകം. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പ് മേലധികാരികൾക്ക് അച്ചടക്ക നടപടി സ്വീകരിക്കാം. അവശ്യ സർവീസുകളായ പഞ്ചായത്ത്, വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. ഇവിടങ്ങളിലെ ജീവനക്കാരുടെ 50 ശതമാനം രണ്ടാഴ്ചക്കാലത്തേക്കും ബാക്കിയുള്ള 50 ശതമാനം അടുത്ത രണ്ടാഴ്ച കാലത്തേക്കുമായി ക്രമീകരിച്ച് റോസ്റ്റർ തയ്യാറാക്കി പ്രവർത്തിക്കണം.

മറ്റ് ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണവും സ്ഥലസൗകര്യവും പ്രവർത്തന സ്വഭാവവും പരിഗണിച്ച് സമൂഹിക അകലം ഉറപ്പുവരുത്തി പ്രവർത്തിക്കുന്നതിന് ജീവനക്കാരുടെ എണ്ണം ഓഫീസ് മേലധികാരിക്ക് ക്രമീകരിക്കാം. ഓഫീസുകളിലെ സൂപ്പർവൈസറി ഉദ്യോഗസ്ഥർ ഹാജരാകുന്ന ദിവസങ്ങളിൽ അവരുടെ ചുമതല കൂടാതെ മറ്റു വിഭാഗങ്ങളുടെ പ്രവർത്തനവും സുഗമമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തണം.

സെക്രട്ടേറിയറ്റിലെ ഓരോ വകുപ്പിലെയും ക്രമീകരണം വകുപ്പ് സെക്രട്ടറിമാരോ അവർ ചുമതലപ്പെടുത്തുന്നവരോ നടത്തണം. ഓഫീസിൽ ഹാജരാകാത്ത ദിവസം ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിൽ പ്രവർത്തിക്കണം. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഓഫീസിൽ എത്തണം.

ഓഫീസുകളിൽ സാമൂഹ്യ അകലം പാലിക്കുന്നതിന് ഒരു ഓഫീസറുടെ ക്യാബിൻ ഒന്നിലധികം പേർ പങ്കിടാതിരിക്കാൻ ശ്രദ്ധിക്കണം. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തുമ്പോൾ ഓഫീസ് പ്രവർത്തനം സാധാരണ നിലയിൽ ഹാജരാകുന്ന ഉദ്യോഗസ്ഥരാൽ നിർവഹിക്കപ്പെടുന്നുവെന്ന് മേലധികാരി ഉറപ്പാക്കണം. പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ള ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണം.

ക്രമീകരണത്തിന്റെ ഭാഗമായി ഓഫീസിൽ ഹാജരാകാത്ത ജീവനക്കാർ മേലധികാരി ആവശ്യപ്പെടുമ്പോൾ എത്തണം. മറ്റു ജില്ലകളിൽ താമസിക്കുന്ന, കൂടുതൽ ദൂരം യാത്ര ചെയ്യേണ്ട, ജീവനക്കാർക്ക് സ്വന്തം ജില്ലയിലെ കളക്‌ട്രേറ്റ്, പഞ്ചായത്ത് ഓഫീസുകളിൽ മാതൃവകുപ്പിന്റെ അനുമതിയോടെ റിപ്പോർട്ട് ചെയ്ത് ജോലി നിർവഹിക്കാം.

ഹോട്ട്‌സ്‌പോട്ട്, കണ്ടെയ്ൻമെന്റ് സോണുകളിലെ ജീവനക്കാർക്കും ക്വാറന്റൈനിലുള്ളവർ കഴിയുന്ന വീടുകളിലെ ജീവനക്കാർക്കും ഓഫീസിൽ ഹാജരാകുന്നതിന് ഇളവ് നൽകും. ബന്ധപ്പെട്ട തദ്ദേശസ്ഥാപനത്തിലെ സെക്രട്ടറിയിൽ നിന്നുള്ള സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിച്ചാൽ ഈ കാലയളവിൽ ബന്ധപ്പെട്ട മേലധികാരിക്ക് സ്‌പെഷ്യൽ കാഷ്വൽ ലീവ് അനുവദിക്കാം.

സാധ്യമാകുമെങ്കിൽ വർക്ക് ഫ്രം ഹോം നിർവഹിക്കാൻ വേണ്ട ക്രമീകരണം മേലധികാരി ഏർപ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ കളക്ടർമാർ നിർദ്ദേശിക്കുന്ന ചുമതലകൾ അധ്യാപകർ നിർവഹിക്കണം.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.