മൂലമ്പിള്ളി – പിഴല പാലം ഉദ്ഘാടനം ചെയ്തു

2020-06-22 20:35:20

തിരുവനന്തപുരം:ഗോശ്രീ ദ്വീപ് നിവാസികളുടെ ചിരകാലസ്വപ്നമായ മൂലമ്പിള്ളി-പിഴല പാലത്തിന്റെയും പിഴല കണക്ടിവിറ്റി പാലത്തിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിൽ ഓഗ്‌മെന്റഡ് റിയാലിറ്റി സംവിധാനത്തിലൂടെയാണ്  ഉദ്ഘാടനചടങ്ങ്  സംഘടിപ്പിച്ചത്. 80 കോടിയോളം രൂപ ചെലവഴിച്ചാണ് 608 മീറ്റർ നീളവും 9.6 മീറ്റർ വീതിയുമുള്ള മൂലമ്പിള്ളി-പിഴല പാലം നിർമിച്ചത്. പിഴല കണക്ടിവിറ്റി പാലത്തിന് 14 കോടി രൂപയാണ് ചെലവ്.

മൂലമ്പിള്ളി, പിഴല, കടമക്കുടി എന്നീ ഗോശ്രീ ദ്വീപുകളെ വല്ലാർപാടം-ഇന്റർനാഷണൽ കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനൽ റോഡുമായി ബന്ധിപ്പിക്കുന്നതിന് ആവിഷ്‌കരിച്ച പദ്ധതിയാണ് മൂലമ്പിള്ളി-ചാത്തനാട് റോഡ് പദ്ധതി. പ്രധാന കരയുമായി കാര്യമായ ഗതാഗത ബന്ധമില്ലാതെ കിടക്കുന്ന കടമക്കുടി പഞ്ചായത്തിൽ ഉൾപ്പെടുന്ന മൂലമ്പിള്ളി, പിഴല, വലിയകടമക്കുടി എന്നീ ദ്വീപുകളിലെ നിവാസികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
ഇതിന്റെ ആദ്യഘട്ടമായ മൂലമ്പിള്ളി-പിഴല പാലവും കണക്ടിവിറ്റി പാലവുമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. പിഴല-വലിയകടമക്കുടി, വലിയകടമക്കുടി-ചാത്തനാട് എന്നീ രണ്ട് വലിയ പാലങ്ങളും രണ്ട് ബോക്‌സ് കൾവെർട്ടുകളുമാണ് ഇനി പൂർത്തിയാക്കാനുള്ളത്. അതിനുള്ള അനുബന്ധ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

2013ലാണ് പാലം നിർമാണം തുടങ്ങിയതെങ്കിലും പലവിധ കാരണങ്ങളാൽ പദ്ധതി നീണ്ടുപോയി. ഈ സർക്കാർ വന്നശേഷം യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കണമെന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ടം പൂർത്തിയായത്.

സ്ഥലം ലഭ്യമാകുന്നതിനുണ്ടായ കാലതാമസം, മഹാപ്രളയം, കോവിഡ് മൂലമുണ്ടായ ലോക്ഡൗൺ തുടങ്ങിയ പ്രതിസന്ധികളാണ് നിർമാണ പ്രവൃത്തികൾ വൈകാൻ കാരണമായത്. അതെല്ലാം തരണം ചെയ്ത് പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷനായിരുന്നു. കലക്ടർ എസ്. സുഹാസ് റിപ്പോർട്ട് അവതരിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉൾപ്പെടെ ജനപ്രതിനിധികൾ സംസാരിച്ചു. എസ്. ശർമ എം.എൽ.എ സ്വാഗതം പറഞ്ഞു. കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സജ്ജീകരിച്ച വീഡിയോ കോൺഫറൻസ് സദസ്സിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ്, മുൻ എം.പി എം.എം. ലോറൻസ്, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ ആന്റണി, ജില്ലാ പഞ്ചായത്തംഗം സോനാ ജയരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ പുഷ്ക്കരൻ, മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജൻ, കടമക്കുടി ഗ്രാമപഞ്ചായത്തംഗം സെറിൻ സേവ്യർ, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. കെ ഉണ്ണിക്കൃഷ്ണൻ, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.