തീരസംരക്ഷണത്തിന് 408 കോടി- മുഖ്യമന്ത്രി

2020-06-23 22:20:56

തിരുവനന്തപുരം:കടലാക്രമണം തടയാൻ തീരസംരക്ഷണ പ്രവർത്തനങ്ങൾക്ക് അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ഇതിനായി 408 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കിഫ്ബിയിൽനിന്ന് 396 കോടി രൂപ ചെലവഴിക്കും. ഫിഷറീസ് വകുപ്പ് വഴി 82 കോടി രൂപയും ജലവിഭവകുപ്പിന്റെ ആറുകോടി രൂപയുമാണ് ചെലവഴിക്കുന്നത്.

കോവിഡ് ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ടെൻഡർ വിളിച്ച് കരാർ വെച്ച പദ്ധതികളടക്കം വൈകുന്നുണ്ട്. സമയബന്ധിതമായി പൂർത്തിയാക്കാൻ പ്രയാസമുണ്ടാകുന്നു. ഈ പശ്ചാത്തലത്തിൽ മൺസൂൺ കാലത്തെ തീരദേശ സംരക്ഷണത്തിനുള്ള അടിയന്തര ഇടപെടലിനായി പത്ത് ജില്ലകളിലെ കലക്ടർമാർക്ക് രണ്ടുകോടി രൂപ വീതം അനുവദിക്കും. ഈ അടിയന്തര സഹായം ഉടനെ കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് 19 മഹാമാരി സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കിടയിലും ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ശ്രദ്ധാപൂർവ്വം നിരന്തരം ഇടപെടുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരവധി പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. അങ്കണവാടി കുട്ടികൾക്ക് പോഷകാഹാരങ്ങൾ വീട്ടിലെത്തിച്ചു നൽകി. ലോക്ക്ഡൗൺ കാലയളവിൽ റേഷൻ കടകൾ വഴി ഭക്ഷ്യവിതരണം ഉറപ്പുവരുത്താൻ സാധിച്ചു. കടകളിൽ വരാൻ ബുദ്ധിമുട്ടുകൾ നേരിട്ടവർക്ക് വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു നൽകി. ഇതിനു പുറമേ സൗജന്യ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്തു.

ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകുന്ന പദ്ധതിയും നടപ്പിലാക്കും. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്കാണ് അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ കിറ്റുകൾ വിതരണം ചെയ്യുന്നത്. ചെറുപയർ, കടല, തുവര പരിപ്പ്, പഞ്ചസാര, കറി പൗഡറുകൾ, ആട്ട, ഉപ്പ് തുടങ്ങി 9 ഇനങ്ങളാണ് അരിയ്ക്കു പുറമേ നൽകുന്നത്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26 ലക്ഷത്തിൽ പരം വിദ്യാർഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. 81.37 കോടി രൂപ ഇതിനായി വകയിരുത്തി. ജൂലൈ ആദ്യ വാരത്തോടെ കിറ്റുകൾ വിതരണം ചെയ്യും.

ഓൺലൈൻ പഠനത്തിന് ആവശ്യമായ സാങ്കേതികസൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് സ്റ്റുഡൻറ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലുമായി 1311 ടിവിയും 123 സ്മാർട്ട് ഫോണുകളും വിതരണം ചെയ്തു. 48 ലാപ്ടോപ്പുകളും 146 കേബിൾ കണക്ഷനും നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ ടിവി വിതരണം ചെയ്തത് കണ്ണൂരിലാണ്. 176 എണ്ണം. ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ നൽകിയത് കൊച്ചി സിറ്റിയിലാണ്. 40 എണ്ണം. സ്പോൺസർമാരുടേയും താൽപര്യമുള്ള മറ്റ് വ്യക്തികളുടേയും സഹായത്തോടെയാണ് ഇവ സംഭരിച്ചുനൽകിയത്.

കോവിഡ് പ്രതിരോധത്തിന് പൊലീസ് വളണ്ടിയർമാർ നൽകുന്ന സംഭാവന മാനിച്ച് എല്ലാ ജില്ലകളിലും അവരെ ആദരിക്കും. അപ്രിസിയേഷൻ സർട്ടിഫിക്കറ്റും നൽകും. റോപ്പ് (റോട്ടറി പൊലീസ് ഇൻഗേജ്മെൻറ്) എന്ന പേരിൽ പൊലീസ് വളണ്ടിയർമാർക്ക് ധരിക്കാനായി ജാക്കറ്റുകൾ നൽകുന്ന പദ്ധതിയുമായി കേരളത്തിലെ റോട്ടറി ക്ലബുകൾ മുന്നോട്ടുവന്നിട്ടുണ്ട്. മാസ്‌ക് ധരിക്കാത്ത 4320 സംഭവങ്ങൾ സംസ്ഥാനത്ത് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ക്വാറൻറെയ്ൻ ലംഘിച്ച 10 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.