കോവിഡ് രോഗികൾക്ക് മെച്ചപ്പെട്ട ചികിത്‌സ ഉറപ്പാക്കാൻ പ്രത്യേക പദ്ധതി

2020-06-25 21:04:31

തിരുവനന്തപുരം: കോവിഡ് രോഗികളെ ചികിത്‌സിക്കുന്നതിന് രോഗികളുടെ എണ്ണമനുസരിച്ച് സജ്ജീകരണങ്ങൾ ഒരുക്കുന്നതിന്പ്ലാൻ എ, ബി, സി തയ്യാറാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്ലാൻ എ പ്രകാരം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് 14 ജില്ലകളിലായി 29 കോവിഡ് ആശുപത്രികളും അവയോടു ചേർന്ന് 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങളും ഉപയോഗിക്കും.

ഇത്തരത്തിൽ സജ്ജമാക്കിയ 29 കോവിഡ് ആശുപത്രികളിൽ കോവിഡ് ചികിത്സയ്ക്ക് മാത്രമായി 8537 കിടക്കകളും 872 ഐസിയു കിടക്കകളും 482 വെന്റിലേറ്ററുകളും നിലവിൽ തയ്യാറാക്കിയിട്ടുണ്ട്. രോഗികൾ കൂടുന്ന മുറയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിലെ കൂടുതൽ കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കും. കൂടാതെ രണ്ടാംനിര കോവിഡ് ആശുപത്രികളും തെരഞ്ഞെടുക്കും.

ഇപ്പോൽ സജ്ജീകരിച്ചിട്ടുള്ള 29 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുള്ള 3180 കിടക്കകളിൽ 479 രോഗികൾ ചികിത്സയിലുണ്ട്. ഇത്തരത്തിൽ പ്ലാൻ എ, ബി, സി എന്ന മുറയ്ക്ക് 171 കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി 15,975 കിടക്കകൾ കൂടി സജ്ജമാക്കിയിട്ടുണ്ട്.

സർക്കാർ ചെലവിൽ ടെസ്റ്റിങ്, ക്വാറന്റൈൻ, ചികിത്സ എന്നിവയ്ക്കായി ആംബുലൻസുകളിൽ ആശുപത്രികളിൽ എത്തിച്ച ആളുകളുടെ എണ്ണം ഏപ്രിലിൽ 7,561 ഉം മെയിൽ 24,695 ഉം ജൂണിൽ 30,599 ആണ്. സംസ്ഥാനത്ത് പത്തുലക്ഷം പേരിൽ 109 പേർക്കാണ് രോഗം (കേസ് പെർ മില്യൻ) ഉണ്ടായത്. രാജ്യത്താകെ അത് 362 ആണ്. സംസ്ഥാനത്ത് മരണനിരക്ക് 0.6 ശതമാനമാണെങ്കിൽ രാജ്യത്തിന്റേത് 3.1 ശതമാനമാണ്.

ടെസ്റ്റുമായി ബന്ധപ്പെട്ട് സാമ്പിൾ പോസിറ്റിവിറ്റി റേറ്റ് കേരളത്തിൽ 1.8 ശതമാനമാണ്. രാജ്യത്തിന്റേത് 6.2 ശതമാനം. ഇത് രണ്ടുശതമാനത്തിൽ താഴെയാവുക എന്നതാണ് ആഗോളതലത്തിൽ തന്നെ രാജ്യങ്ങൾ ലക്ഷ്യമിടുന്നത്. ഇവിടെയുണ്ടായ 22 മരണങ്ങളിൽ 20ഉം മറ്റു ഗുരുതര രോഗങ്ങൾ ബാധിച്ചവരാണ്.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.