മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രി സമുച്ചയത്തിന് 15.25 കോടി അനുവദിച്ചു

2020-07-01 21:35:41

   തിരുവനന്തപുരം: മലയിന്‍കീഴ് താലൂക്ക് ആസ്ഥാന ആശുപത്രിയുടെ സമഗ്ര വികസനത്തിന് തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ പരിഗണിച്ച് 15.25 കോടി രൂപയുടെ സാമ്പത്തികാനുമതി കിഫ്ബിയില്‍ നിന്ന് ലഭ്യമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

അത്യാധുനിക സംവിധാനങ്ങളോടെയുള്ള 4 നില ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. സ്ഥലപരിമിതിയാല്‍ ഏറെ ബുദ്ധിമുട്ടുന്ന ആശുപത്രിയ്ക്ക് ഏറെ സൗകര്യങ്ങളുണ്ടാക്കുന്നതാണ് പുതിയ കെട്ടിടം. എത്രയും വേഗം ഈ ആശുപത്രി സമുച്ചയം യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവിലുള്ള അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിന്റേയും പഴയ കെട്ടിടത്തിന്റേയും സ്ഥാനത്താണ് പുതിയ 4 നില ആശുപത്രി സമുച്ചയം നിര്‍മ്മിക്കുന്നത്. ഗ്രൗണ്ട് ഫ്‌ളോറില്‍ അത്യാഹിത വിഭാഗം, റിസപ്ഷന്‍, വെയിറ്റിംഗ് ഏരിയയും അനുബന്ധ സൗകര്യങ്ങളുമാണ് ഉണ്ടാകുക.

ഒന്നാം നിലയില്‍ വിവിധ ഒ.പി.കള്‍, അനുബന്ധ വെയിറ്റിംഗ് ഏരിയ, 11 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡ് എന്നിവ ഉണ്ടായിരിക്കും. രണ്ടാം നിലയില്‍ 10 കിടക്കകളുള്ള സ്ത്രീകളുടെ വാര്‍ഡും 16 കിടക്കകളുള്ള പുരുഷന്‍മാരുടെ വാര്‍ഡും സജ്ജമാക്കും. മൂന്നാമത്തെ നിയില്‍ അഡ്മിനിസ്‌ട്രേഷന്‍ എരിയയും 2 അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുമാണ് സജ്ജമാക്കുന്നത്.

മെഡിസിന്‍, സര്‍ജറി, ഓര്‍ത്തോ, ഗൈനക്, പീഡിയാട്രിക്, എന്‍.സി.ഡി. എന്നീ വിഭാഗങ്ങളുടെ പരിശോധനാ മുറികളും വെയിറ്റിംഗ് ഏരിയയും നഴ്‌സിംഗ് സ്റ്റേഷനും ഫാര്‍മസിയുമുണ്ടാകും. സ്ത്രീകള്‍, പുരുഷന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ടോയിലറ്റുകളും സജ്ജമാക്കുന്നതാണ്.

മലയിന്‍കീഴ് സര്‍ക്കാര്‍ ആശുപത്രിയെ താലൂക്ക് ആസ്ഥാന ആശുപത്രിയായി ഉയര്‍ത്തിയത് ഈ സര്‍ക്കാരാണ്. അതിന് ശേഷം നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടന്നു വരുന്നത്. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയ ശേഷം സൂപ്രണ്ട്, ഫിസിഷ്യന്‍ 1, ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ 4, സ്റ്റാഫ് നഴ്‌സ 3, ലാബ് ടെക്‌നീഷ്യന്‍ 1, ഫാര്‍മസിസ്റ്റ് 1 തുടങ്ങിയ തസ്തികകള്‍ പുതുതായി അനുവദിച്ചു. ലാബ് പുതുക്കി പണിഞ്ഞ് ആധുനിക വത്ക്കരിച്ചു.

സെമി ആട്ടോ അനലൈസര്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി. ഫാര്‍മസിയില്‍ മോഡ്യുലാര്‍ റാക്ക് സ്ഥാപിച്ചു. എക്‌സ് റേ യൂണിറ്റ്, ഫിസിയോ തെറാപ്പി യൂണിറ്റ് തുടങ്ങിയവ സ്ഥാപിച്ചു. ആധുനിക സജീകരണങ്ങളോടു കൂടിയ ദന്തല്‍ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമായി നടത്തുന്നതിന്റെ ഭാഗമായി രോഗികള്‍ക്കായി പ്രത്യേകം വാര്‍ഡ് സജ്ജീകരിക്കുകയും 2 ആംബുലന്‍സുകള്‍ അനുവദിക്കുകയും ചെയ്തു. വയോജനങ്ങളുടെ പരിരക്ഷയ്ക്കായി ജറിയാട്രിക് വാര്‍ഡ് ആരംഭിച്ചു. ഡയാലിസിസ് യൂണിറ്റ് ആംരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ആശുപത്രി വികസനത്തിനായി ഐ.ബി. സതീഷ് എം.എല്‍.എ. നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്നും മന്ത്രി വ്യക്തമാക്കി.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.