കേരളത്തിന്റെ ആരോഗ്യരംഗം: ഡോക്ടർമാരുടെ പങ്ക് നിസ്തുലം- മുഖ്യമന്ത്രി

2020-07-01 21:38:07

തിരുവനന്തപുരം:  കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിൽ ഡോക്ടർമാർ സ്തുത്യർഹമായ പങ്കാണ് വഹിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

‘ഡോക്‌ടേഴ്‌സ് ഡേ’ ദിനാചരണത്തിന്റെ ഭാഗമായി ഐ.എം.എ സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് മഹാമാരി നേരിടുന്നതിന് സർക്കാർഡോക്ടർമാരോടൊപ്പം സ്വകാര്യഡോക്ടർമാരും രംഗത്തുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യമേഖലയെ കൂടി ഈ പോരാട്ടത്തിൽ പങ്കാളിയാക്കിയാണ് സർക്കാർ മുന്നോട്ടുപോകുന്നത്. ഇക്കാര്യത്തിൽ ഐ.എം.എ നടത്തുന്ന സേവനങ്ങൾക്ക് മുഖ്യമന്ത്രി നന്ദി പ്രകടിപ്പിച്ചു. തുടർന്നും ഐ.എം.എയുടെ സഹകരണം ഉണ്ടാകണം. ഒന്നിച്ചുനിൽക്കേണ്ട സന്ദർഭമാണിത്.

ഈ ഘട്ടത്തിൽ പോലും തെറ്റദ്ധാരണ പരത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഐ.എം.എ ഭാരവാഹികൾ മുഖ്യമന്ത്രിയെ കണ്ട് സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ വിമർശനം ഉന്നയിച്ചുവെന്ന് ചിലർ പ്രചരിപ്പിക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്താനുള്ള ഇത്തരം ശ്രമങ്ങൾ നാം തിരിച്ചറിയണം. ഐ.എം.എയും സർക്കാരും നല്ല യോജിപ്പോടെയാണ് മുന്നോട്ടുപോകുന്നത്.

ഈ പ്രതിസന്ധി ഘട്ടത്തിൽ നമ്മുടെ ഡോക്ടർമാർ കേരളത്തിൽ മാത്രമല്ല, മറ്റിന്ത്യൻ സംസ്ഥാനങ്ങളിലും പല ലോക രാജ്യങ്ങളിലും സേവനത്തിന്റേതായ പുതിയ മാതൃകകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയെ ചെറുക്കുന്നതിൽ ലോക രാജ്യങ്ങളെ സഹായിക്കുന്നത് അവിടങ്ങളിലെ മലയാളി ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരാണ് എന്നതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോക്ക്ഡൗൺ പിൻവലിച്ചതിനെത്തുടർന്ന് മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ആളുകൾ തിരികെ എത്തിത്തുടങ്ങിയതോടെ നമ്മുടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം ഗണ്യമായി വർധിച്ചിട്ടുണ്ട്.

എങ്കിലും സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കാര്യമായ വർധനവില്ലെന്നതും മരണനിരക്ക് വലിയതോതിൽ വർധിച്ചിട്ടില്ലെന്നതും നമുക്ക് ആശ്വാസം നൽകുന്നുണ്ട്. എന്നാൽ, വരും ദിവസങ്ങളിൽ നമുക്ക് കൂടുതൽ വെല്ലുവിളികളെ നേരിടേണ്ടിവരും. ഇപ്പോഴത്തെ പോലെ ആ ഘട്ടത്തിലും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും സർക്കാരിനോടൊപ്പം ഉണ്ടാവുമെന്ന് ഉറപ്പുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.