ആദ്യഘട്ടം 45,000 മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ്

2020-07-04 19:50:34

  തിരുവനന്തപുരം:  സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി മത്സ്യബന്ധന-ഹാർബർ എൻജിനിയറിങ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.
ഇതു സംബന്ധിച്ച് സ്റ്റേറ്റ് ലെവൽ ബാങ്കിംഗ് കമ്മിറ്റി ഉദ്യോഗസ്ഥരുമായി  ചർച്ച നടത്തി. ആദ്യ ഘട്ടത്തിൽ 35,000 മത്സ്യത്തൊഴിലാളികൾക്കും 10,000 മത്സ്യകർഷകർക്കും കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യം ലഭിക്കും.
ബാങ്കുകളിൽ അപേക്ഷ സമർപ്പിക്കുന്നത് അനുസരിച്ച് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കാനാണ് തീരുമാനം.  ഫിഷറീസ് വകുപ്പിന്റെ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികൾക്കാണ് കാർഡിന്റെ  ആനുകൂല്യം ലഭിക്കുന്നത്.
കാർഡിനു വേണ്ടിയുള്ള അപേക്ഷാഫോം  അതാത് മേഖലയിലുള്ള ബാങ്കുകൾ ഫിഷറീസ് വകുപ്പിനും മത്സ്യഫെഡിനും ലഭ്യമാക്കും. മത്സ്യത്തൊഴിലാളികൾക്ക് ബന്ധപ്പെട്ട ഫിഷറീസ് വകുപ്പിന്റെയും മത്സ്യഫെഡിന്റെയും ഓഫീസുകളിൽ നിന്ന് അപേക്ഷ ലഭിക്കും.
മത്സ്യവിൽപ്പനക്കാർക്കും കിസാൻ ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും.   സാഫിൽ  രജിസ്റ്റർ ചെയ്തിട്ടുള്ള മത്സ്യ വിൽപ്പനക്കാർക്കാണ്  ആനുകൂല്യം ലഭിക്കുക.
സാഫ് മുഖേന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് രൂപീകരിച്ചിട്ടുള്ള വനിതാ മത്സ്യത്തൊഴിലാളികൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രം കേരള ബാങ്കുമായി ഒപ്പിട്ടിട്ടുണ്ട്.  ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലെ 1000 മത്സ്യത്തൊഴിലാളികൾക്ക് കാർഡിന്റെ ആനുകൂല്യം ലഭിക്കും. തുടർന്ന് ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ച് 10,000 വനിതാ മത്സ്യത്തൊഴിലാളികൾക്ക് ആനുകൂല്യം ലഭ്യമാക്കും.
രണ്ടാം ഘട്ടത്തിൽ മുഴുവൻ തീരദേശ മത്സ്യത്തൊഴിലാളികൾക്കും കിസാൻ കാർഡ് വിതരണം ചെയ്യും.   ഇതിനായി മത്സ്യഫെഡിൽ രജിസ്റ്റർ ചെയ്യണമെന്നുള്ള നിബന്ധന ഒഴിവാക്കും.
ഫിഷറീസ് വകുപ്പിന്റെ സ്റ്റേറ്റ് ലെവൽ ടെക്‌നിക്കൽ കമ്മറ്റി ഉടൻ ചേർന്ന് മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കാവുന്ന ബാങ്ക് വായ്പയുടെ പരിധി അവർ ചെയ്യുന്ന വ്യവസായത്തിന്റെ അടിസ്ഥാനത്തിൽ നിർണ്ണയിക്കും.  കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി വഴി ഈടില്ലാതെ 1.6 ലക്ഷം രൂപയും ഈടോടെ മൂന്ന് ലക്ഷം രൂപയുമാണ് ലഭിക്കുന്നത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.