ജലജന്യ രോഗ നിയന്ത്രണത്തിന് വയറിളക്ക നിയന്ത്രണ പക്ഷാചരണം

2020-07-04 19:53:21

 തിരുവനന്തപുരം:അൽപം ശ്രദ്ധിച്ചാൽ ജീവൻ രക്ഷിക്കാം
മഴ തുടരുന്ന സാഹചര്യത്തില്‍ ജലജന്യ രോഗങ്ങള്‍ പ്രത്യേകിച്ച് വയറിളക്ക രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗ നിയന്ത്രണത്തിനും ബോധവല്‍ക്കരണത്തിനുമായി വയറിളക്ക രോഗ പക്ഷാചരണം നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 5 വയസിന് താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 10 ശതമാനം വയറിളക്ക രോഗം മൂലമാണ്. ഏകദേശം 1.2 ലക്ഷം കുട്ടികള്‍ ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് മരിക്കാന്‍ ഇടയാകുന്നത് വയറിളക്കം മൂലമാണ്. വേനല്‍ക്കാലത്തും തുടര്‍ന്നുവരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി കാണപ്പെടുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ തന്നെ കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകുന്നതാണ്. അതിനാല്‍ തന്നെ എല്ലാവരും ശ്രദ്ധിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

വയറിളക്ക രോഗ ചികിത്സയില്‍ പാനീയ ചികിത്സയ്ക്കുള്ള പ്രാധാന്യവും സിങ്ക് ഗുളികകളുടെ പ്രാധാന്യവും ബോധവല്‍ക്കരണ പരിപാടിയിലൂടെ ജനങ്ങളിലേക്ക് പ്രത്യേകിച്ച് അമ്മമാരിലേയ്ക്ക് എത്തിക്കുകയാണ് പക്ഷാചരണ ലക്ഷ്യം. ആരോഗ്യ കേന്ദ്രങ്ങളിലും ഉപാരോഗ്യ കേന്ദ്രങ്ങളിലും ഒ ആര്‍ എസ് ഡിപ്പോകള്‍ ഉറപ്പാക്കുക, പ്രാഥമിക ആരോഗ്യ കേന്ദ്രം വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഒ ആര്‍ എസ് കോര്‍ണറിന്റെ പ്രവര്‍ത്തനം ഉറപ്പാക്കുക, കിടത്തി ചികിത്സയുള്ള സ്ഥാപനങ്ങളില്‍ വയറിളക്കരോഗ ചികിത്സ യൂണിറ്റ് സജ്ജമാക്കുക, വയറിളക്ക രോഗ ചികിത്സയില്‍ ഒ ആര്‍ എസ് പാനീയ ചികിത്സയോടൊപ്പം സിങ്ക് ഗുളികയുടെ ഉപയോഗം ഉറപ്പാക്കുകയു മാണ് ഈ പരിപാടിയുടെ ലക്ഷ്യങ്ങള്‍

പാനീയ ചികിത്സ

90 ശതമാനം വയറിളക്ക രോഗങ്ങളും വീട്ടില്‍ നല്‍കുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാന്‍ കഴിയും. പാനീയചികിത്സ കൊണ്ട് നിര്‍ജലീകരണവും അതുവഴിയുണ്ടാകുന്ന മരണങ്ങളും കുറയ്ക്കാന്‍ സാധിക്കുന്നു. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങ വെള്ളം, ഉപ്പിട്ട മോരും വെള്ളം തുടങ്ങിയ ഗൃഹ പാനീയങ്ങള്‍ പാനീയ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്നതാണ്.

മറക്കല്ലേ ഒആര്‍എസ് ലായനി

ജലാംശ ലവണാംശ നഷ്ടം പരിഹരിക്കാന്‍ ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദ്ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒ ആര്‍ എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദ്ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. അതോടൊപ്പം എളുപ്പം ദഹിക്കുന്ന ആഹാരങ്ങളായ കഞ്ഞി, പുഴുങ്ങിയ ഏത്തപ്പഴം എന്നിവയും നല്‍കേണ്ടതാണ്.

ഡോക്ടറുടെ സേവനം ഉടനടി ലഭ്യമാക്കണം

അമിതമായ വയറിളക്കം, അമിതദാഹം, നിര്‍ജലീകരണം, പാനീയങ്ങള്‍ കുടിക്കാന്‍ പറ്റാത്ത അവസ്ഥ, മയക്കം, കുഴിഞ്ഞു താണ കണ്ണുകള്‍, വരണ്ട വായും നാക്കും തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കേണ്ടതാണ്.

പ്രതിരോധ മാര്‍ഗങ്ങള്‍

കോവിഡ് 19 രോഗ പ്രതിരോധത്തിന് ഏറ്റവും പ്രധാനം എന്നതുപോലെ സോപ്പുപയോഗിച്ച് ഫലപ്രദമായി കൈകഴുകുക എന്നതാണ് ഇവിടെയും പ്രധാന പ്രതിരോധ മാര്‍ഗം. ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും, മലവിസര്‍ജ്ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിര്‍ബന്ധമായും കൈകള്‍ കഴുകേണ്ടത് അത്യാവശ്യമാണ്.

*  കൈകാലുകളിലെ നഖം വെട്ടി വൃത്തിയാക്കി സൂക്ഷിക്കുക

* കുടിവെള്ളവും ആഹാരസാധനങ്ങളും എപ്പോഴും അടച്ച് സൂക്ഷിക്കുക

* പഴകിയതും മലിനവുമായ ആഹാരം കഴിക്കാതിരിക്കുക

* ആഹാരം പാചകം ചെയ്യുന്നതിന് ശുദ്ധജലം മാത്രം ഉപയോഗിക്കുക

* പഴവര്‍ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക

* ശീതളപാനീയങ്ങള്‍ ശുദ്ധജലമുപയോഗിച്ച് തയ്യാറാക്കിയതാണെന്ന് ഉറപ്പുവരുത്തുക

* ശുദ്ധജലം തിളപ്പിച്ചാറിയതിനു ശേഷം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക

* കിണറുകളുടെയും മറ്റു കുടിവെള്ള സ്രോതസുകളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കുക. അവ മഴക്കാലത്തോടനുബന്ധിച്ചും ഇടയ്ക്കിടെയും ക്ലോറിനേറ്റ് ചെയ്യുക.

* മലമൂത്രവിസര്‍ജനം കക്കൂസില്‍ മാത്രം നടത്തുക

* വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.