മത്സ്യമേഖലയിലെ വികസനം ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കും: മുഖ്യമന്ത്രി

2020-07-07 21:13:39

  തിരുവനന്തപുരം:മത്സ്യമേഖലയിലെ സുസ്ഥിര വികസനം ആരോഗ്യമുള്ള തലമുറയെ വാർത്തെടുക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നെയ്യാർഡാമിൽ നിർമ്മിച്ച ശുദ്ധജല മത്സ്യവിത്തുൽപ്പാദന കേന്ദ്രത്തിന്റെയും ഗിഫ്റ്റ് ഹാച്ചറിയുടെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിംഗിലൂടെ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം പദ്ധതികളിലൂടെ കേരളത്തിന് ആവശ്യമായ  മുഴുവൻ  മത്സ്യവിത്തുകളും സംസ്ഥാനത്തിനുള്ളിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പദ്ധതിയിലൂടെ ധാരാളം തൊഴിൽസാധ്യത സൃഷ്ടിക്കപ്പെടുമെന്നും ഇത് പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുമായി ചേർന്നാണ് ഫിഷറീസ് വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. ശുദ്ധജല മത്സ്യവിത്തുൽപ്പാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കുക, രോഗവിമുക്തമായ ഉയർന്ന ഗുണനിലവാരമുള്ള വിത്തുകൾ കർഷകർക്ക് ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 13 കോടി രൂപയാണ് ആകെ ചെലവ്. നൂറ് ലക്ഷം മത്സ്യവിത്തുകൾ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിക്കും. നെയ്യാർഡാമിലുള്ള ദേശീയ ഫിഷറീസ് ഹാച്ചറി കോംപ്ലക്‌സിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ചടങ്ങിൽ പങ്കെടുത്ത എല്ലാവരെയും തെർമൽ സ്‌കാനിങ്ങിനു വിധേയരാക്കി.

ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ സ്വാഗതം പറഞ്ഞു. കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആർ. അജിത, വൈസ് പ്രസിഡന്റ് എസ്. ശ്യാംലാൽ, പഞ്ചായത്തംഗം ആർ. ലത, ഫിഷെറീസ് വകുപ്പ് ഡയറക്ടർ എം.ജി രാജമാണിക്യം, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.