56 തീരദേശ സ്‌കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിർവഹിച്ചു

2020-07-10 19:39:09

    തിരുവനന്തപുരം:മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളർച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 56 തീരദേശ സ്‌കൂളുകൾക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസ് വഴി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒമ്പത് തീരദേശ ജില്ലകളിൽ നിന്ന് 56 തീരദേശ സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 64 കോടി രൂപയാണ് ആദ്യഘട്ടത്തിൽ അനുവദിച്ചിട്ടുള്ളത്. ഓരോ വിദ്യാലയത്തിലും വിദ്യാർത്ഥി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ആധുനിക ലൈബ്രറി, മികച്ച ലാബുകൾ, സ്റ്റാഫ് റൂം, ശുചിത്വ മുറി എന്നിവ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

22,546 വിദ്യാർത്ഥികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ നിരവധി പരിപാടികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും മത്സരപരീക്ഷകൾക്കായി അവരെ പ്രാപ്തരാക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികൾ ഫിഷറീസ് വകുപ്പു നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഫലമായി 34 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ ലഭിച്ചുവെന്നത് അഭിമാനകരമാണ്. മറ്റ് പ്രൊഫഷണൽ കോഴ്‌സുകളിൽ 62 വിദ്യാർത്ഥികൾക്കും പ്രവേശനം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് നൽകാനുണ്ടായിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ മുൻകാല കുടിശ്ശികയായ 18 കോടി രൂപ പൂർണമായും വിതരണം ചെയ്തു. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ 104 കോടി രൂപ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തു.

മത്സ്യത്തൊഴിലാളികൾക്കുള്ള സമ്പൂർണ ഭവന പദ്ധതി എന്ന ലക്ഷ്യം എത്രയും വേഗം പൂർത്തികരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, ഡോ. തോമസ് ഐസക്, രാമചന്ദ്രൻ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രൻ, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.ടി. ജലീൽ, ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാൾ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു.കെ തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ വീഡിയോ കോൺഫറൻസിൽ സംബന്ധിച്ചു
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.