ഉദയം ഹോം മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

2020-07-11 19:17:37

   തിരുവനന്തപുരം:തെരുവില്‍ കഴിഞ്ഞിരുന്നവരെ പുനരധിവസിപ്പിക്കാനായി മാങ്കാവില്‍ ആരംഭിച്ച ഉദയം ഹോം തൊഴില്‍-എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജില്ലാ ഭരണകൂടം പുലര്‍ത്തുന്ന മാനുഷിക നിലപാടിന്റെ പ്രതിഫലനമാണ് തെരുവുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ടി ആരംഭിച്ച ഉദയം ഹോം എന്ന് അദ്ദേഹം പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ശ്രദ്ധ എല്ലാ വിഭാഗങ്ങളിലേക്കും എത്തുന്നു എന്ന് ഇതിലൂടെ വ്യക്തമാണ്. സ്വന്തമായി വീടില്ലാത്ത കോഴിക്കോട് പട്ടണത്തില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ ജില്ലാ ഭരണകൂടം മുന്‍കൈ എടുക്കുകയായിരുന്നു. താല്‍ക്കാലിക സംവിധാനം ആയാണ് ഇപ്പോള്‍ ഈ കേന്ദ്രം തുടങ്ങിയിട്ടുള്ളത്. ഇവിടുത്തെ അന്തേവാസികള്‍ക്ക് സുരക്ഷിതമായ സ്ഥിരം കേന്ദ്രം ഒരുക്കും. തൊഴില്‍ ലഭ്യമാക്കുന്നതിന് നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ തണല്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണ് ഉദയം ഹോം ആരംഭിച്ചത്. വിവിധ കാരണങ്ങളാല്‍ തെരുവുകളില്‍ കഴിയുന്നവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു സ്ഥിരം സംവിധാനമെന്ന നിലയിലേക്കുള്ള ആദ്യപടിയായാണ് ഉദയം ഹോം ആരംഭിച്ചത്.

എംഎല്‍എമാരായ എ പ്രദീപ്കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ കലക്ടര്‍ സാംബശിവറാവു, സിറ്റി പൊലിസ് കമിഷണര്‍ എ വി ജോര്‍ജ്, സബ് കലക്ടര്‍ ജി പ്രിയങ്ക, വാര്‍ഡ് കൗണ്‍സിലര്‍ പി പി ഷഹീദ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു 
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.