പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി

2020-07-17 19:04:04

 തിരുവനന്തപുരം:   ജനുവരി ഒന്നിന് പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളുടെ പുരോഗതി വിലയിരുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തിൽ ആദ്യഘട്ടം വിജയിച്ചു. അതിന്റെ പരിപാലനത്തിൽ തദ്ദേശസ്ഥാപനങ്ങൾ ജാഗ്രത പുലർത്താൻ നിർദേശം നൽകി. പ്രദേശത്തെ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഇപ്പോൾതന്നെ ഇതിൽ സജീവമായി ഭാഗഭാക്കാണ്. ബ്ലോക്ക് തലത്തിൽ നഴ്സറികൾ ഉണ്ടാക്കാൻ നടപടികൾ സ്വീകരിക്കും. കൃഷിവകുപ്പിലേതു പോലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും ആവശ്യമായ ചെടികൾ ഉൽപാദിപ്പിക്കാൻ കഴിയണം. അങ്ങനെ വന്നാൽ നാം വിതരണം ചെയ്യുന്ന ചെടികളുടെ എണ്ണം വർധിപ്പിക്കാനാകും.
റെയിൻ ഷെൽട്ടറുകളുടെ നിർമാണം ആഗസ്റ്റ് മാസത്തോടെ പൂർത്തികരിക്കാനാകും. ആയിരം ഷെൽട്ടറുകൾ നിർമിക്കാനാണ് ലക്ഷ്യമിട്ടത്. പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഇത് നല്ല രീതിയിൽ വിജയമാവുകയാണ്. അതിൽ 285 എണ്ണം പൂർത്തിയായി. 354 എണ്ണം ആഗസ്റ്റ് 15നുള്ളിലും 361 എണ്ണം ആഗസ്റ്റ് 31നകവും പൂർത്തികരിക്കും. നമ്മുടെ നാടിൻറെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതാണ് റെയ്ൻ ഷെൽട്ടറുകൾ. വിദേശ രാജ്യങ്ങളിൽ ഗ്രീൻ ഹൗസാണ് ഉള്ളത്. നമുക്ക് ഇത് മതിയാകും. നല്ല മാറ്റം കാർഷിക രംഗത്ത് ഉണ്ടാക്കാൻ ഇതുവഴി സാധിക്കും.
ആഗസ്റ്റ് മാസത്തോടെ റോഡ് അറ്റകുറ്റജോലികൾ തുടങ്ങും. രണ്ടുഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ഒന്നാം ഘട്ടത്തിൽ 2011 റോഡുകളുടെയും രണ്ടാം ഘട്ടത്തിൽ 2118 റോഡുകളുടെയുമാണ് അറ്റകുറ്റ പണികൾ പൂർത്തീകരിക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്.
മത്സ്യകൃഷി ചെയ്യാൻ പൊതുകുളങ്ങൾ പാട്ടത്തിന് നൽകാൻ നടപടികളായി. ആഗസ്റ്റ് മാസത്തോടെ നടപടി പൂർത്തികരിക്കും. ഇതിനാവശ്യമായ മത്സ്യകുഞ്ഞുങ്ങളെ എല്ലായിടത്തും എത്തിക്കാൻ നടപടി സ്വീകരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇക്കാര്യം മോണിറ്റർ ചെയ്യണം.
ഗതാഗത വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും യോജിപ്പ് കെഎസ്ആർടിസി ടോയ്ലറ്റുകൾ നവീകരിക്കും.
സാമൂഹിക സന്നദ്ധസേനയിൽ 3.55 ലക്ഷം വളണ്ടിയർമാരാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ ഗണ്യമായ വിഭാഗം സജീവമായി നിലവിൽ രംഗത്തുണ്ട്. യൂത്ത് ലീഡർഷിപ്പ് അക്കാദമി ആഗസ്റ്റിൽ പ്രവർത്തനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.