അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപക മഴ ലഭിക്കുമെന്ന് പ്രതീക്ഷ

2020-07-18 20:42:51

തിരുവനന്തപുരം:  അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 17ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് നൽകിയ അടുത്ത രണ്ടാഴ്ചയിലേക്കുള്ള (ജൂലൈ 17 മുതൽ ജൂലൈ 30 വരെ) ദ്വൈവാര മഴ പ്രവചനത്തിൽ കേരളത്തിൽ സാധാരണ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
വടക്കൻ ജില്ലകളിൽ സാധാരണയിൽ കുറഞ്ഞ മഴയും തെക്കൻ ജില്ലകളിൽ സാധാരണ മഴയുമാണ് പ്രവചിക്കുന്നത്. ജൂലൈ രണ്ടാം പാദത്തിലെ സാധാരണ മഴ തന്നെ വലിയ മഴയാണ്. അതിനാൽ തന്നെ അടുത്ത രണ്ടാഴ്ച കേരളത്തിൽ വ്യാപകമായി മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്. ഇതിൽ ഒറ്റപ്പെട്ടയിടങ്ങളിൽ പെയ്യുന്ന ശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ട്.
ഈവർഷം മൺസൂൺ സീസണിൽ ഇത് വരെ (ജൂൺ 1 മുതൽ ജൂലൈ 17 വരെ) കേരളത്തിൽ ആകെ ലഭിച്ചത് 823.2 മില്ലിമീറ്റർ മഴയാണ്. ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ മഴയുടെ ദീർഘകാല ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും പ്രാദേശിക ഭരണസംവിധാനവുമൊക്കെ മൺസൂൺ മുന്നൊരുക്ക യോഗങ്ങൾ നടത്തി തയ്യാറെടുപ്പുകൾ അവലോകനം ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി പറഞ്ഞു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.