തിരുവനന്തപുരം പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം

2020-07-18 20:45:36

തിരുവനന്തപുരം: തീരമേഖലകളെ മൂന്നു സോണുകളായി തിരിച്ചു
തിരുവനന്തപുരം ജില്ലയിലെ ചില പ്രദേശങ്ങൾ അതീവ ഗുരുതര സാഹചര്യം നേരിടുകയാണെന്നും തീരമേഖലയിലെ പുല്ലുവിള, പൂന്തുറ പ്രദേശങ്ങളിൽ സാമൂഹ്യവ്യാപനം ഉണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തീരപ്രദേശങ്ങളിൽ പൂർണമായി ശനിയാഴ്ച മുതൽ ലോക്ക്ഡൗൺ നടപ്പാക്കും. ഇത് ഫലപ്രദമായി നടപ്പാക്കുന്നതിന് തീരമേഖലയെ മൂന്ന് സോണുകളായി തരംതിരിച്ചു. അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയാണ് ഒന്നാമത്തെ സോൺ. പെരുമാതുറ മുതൽ വിഴിഞ്ഞം വരെ രണ്ടാമത്തെ സോണും വിഴിഞ്ഞം മുതൽ ഊരമ്പ് വരെ മൂന്നാമത്തെ സോണുമാണ്.

തീരമേഖലയിൽ അതിവേഗത്തിൽ രോഗവ്യാപനമുണ്ടാകുകയാണ്. കരിങ്കുളം പഞ്ചായത്തിലെ പുല്ലുവിളയിൽ 97 സാമ്പിളുകൾ പരിശോധിച്ചതിൽ 51 പേർക്ക് വെള്ളിയാഴ്ച പോസിറ്റീവായി. പൂന്തുറ ആയുഷ് കേന്ദ്രത്തിൽ 50 പേർക്ക് നടത്തിയ ടെസ്റ്റിൽ 26 എണ്ണം പോസിറ്റീവാണ്. പുതുക്കുറിശ്ശിയിൽ 75 സാമ്പിളുകൾ പരിശോധിച്ചതിൽ 20 എണ്ണം പോസിറ്റീവായി വന്നു. അഞ്ചുതെങ്ങിൽ 83 സാമ്പിളുകൾ പരിശോധിച്ചതിൽ 15 പോസിറ്റീവാണ്. രോഗവ്യാപനം തീവ്രമായതിന്റെ ലക്ഷണങ്ങളാണിത്. ഈ ഗുരുതരസ്ഥിതി നേരിടാൻ സർക്കാർ എല്ലാ സംവിധാനങ്ങളെയും യോജിപ്പിച്ച് മുന്നോട്ടുപോവുകയാണ്.

സംസ്ഥാനത്ത് ഗുരുതരമായ രോഗവ്യാപനം നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ജില്ലയിൽ വെള്ളിയാഴ്ച പോസിറ്റീവായ 246 കേസുകളിൽ രണ്ടുപേർ മാത്രമാണ് വിദേശങ്ങളിൽനിന്ന് എത്തിയവർ. 237 പേർക്ക് രോഗബാധയുണ്ടായത് സമ്പർക്കംമൂലമാണ്. നാല് ആരോഗ്യപ്രവർത്തകർ. മൂന്നുപേരുടെ ഉറവിടം അറിയില്ല. ഇത് അസാധാരണ സാഹചര്യമാണ്.

സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ പൊലീസിന്റെ നേതൃത്വത്തിൽ പ്രത്യേക സംവിധാനത്തിന് രൂപം നൽകി. ഈ സംവിധാനത്തിന്റെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാധ്യായ ആയിരിക്കും. പ്രത്യേക കൺട്രോൾ റൂം രൂപീകരിക്കും. ആരോഗ്യം, പൊലീസ്, കോർപ്പറേഷൻ, പഞ്ചായത്തുകൾ എന്നിവ സംയുക്തമായാണ് പ്രതിരോധ പ്രവർത്തനം നടത്തുക. എല്ലാ വിവരങ്ങളും കൺട്രോൾ റൂമിൽ ലഭ്യമാക്കും.

അഞ്ചുതെങ്ങ് മുതൽ പെരുമാതുറ വരെയുള്ള മേഖലയുടെ ചുമതല ട്രാഫിക് സൗത്ത് എസ്പി ബി കൃഷ്ണകുമാറിനും വേളി മുതൽ വിഴിഞ്ഞം വരെയുള്ള മേഖലയുടെ ചുമതല വിജിലൻസ് എസ്പി കെ ഇ ബൈജുവിനുമാണ്. കാഞ്ഞിരംകുളം മുതൽ പൊഴിയൂർ വരെയുള്ള മേഖല പൊലീസ് ട്രെയിനിങ് കോളേജ് പ്രിൻസിപ്പൽ കെ എൽ ജോൺകുട്ടിയുടെ നിയന്ത്രണത്തിലായിരിക്കും. മൂന്നു മേഖലകളിലേക്കും ഡി വൈ എസ്പിമാരെയും നിയോഗിച്ചിട്ടുണ്ട്. ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും ഈ സംവിധാനം നടപ്പാക്കുന്നതിന് വിനിയോഗിക്കും.

ഈ സോണുകളിൽ ഓരോന്നിലും രണ്ട് മുതിർന്ന ഐഎഎസ് ഓഫീസർമാരെ വീതം ഇൻസിഡൻറ് കമാൻഡർമാരായി നിയമിച്ചു. സോൺ ഒന്ന്: എസ്. ഹരികിഷോർ, യു.വി. ജോസ്. സോൺ രണ്ട്: എം.ജി. രാജമാണിക്യം, പി. ബാലകിരൺ. സോൺ 3: എസ്. വെങ്കിടേസപതി, ബിജു പ്രഭാകർ. ഇതിനുപുറമെ ആവശ്യം വന്നാൽ പി.ഐ. ശ്രീവിദ്യ, ദിവ്യ എസ്. അയ്യർ എന്നിവരുടെയും സേവനം വിനിയോഗിക്കും. ഇതിന് പുറമെ ആരോഗ്യകാര്യങ്ങൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ നടക്കും.

തീരമേഖലയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കാം. മത്സ്യബന്ധനം സംബന്ധിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ തുടരും. അരിയും ഭക്ഷ്യധാന്യവും വിതരണം ചെയ്യുന്നതിന് സിവിൽ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും. പൂന്തുറയിലെ പാൽ സംസ്‌കരണ യൂണിറ്റ് പ്രവർത്തിക്കും. ജില്ലാ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ പ്രത്യേകമായി പ്രഖ്യാപിക്കും.

ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ സ്ഥാപിക്കുന്ന പ്രവർത്തനം ദ്രുതഗതിയിൽ പൂർത്തിയാക്കും. കണ്ടെയിൻമെൻറ് സോണുകൾ ജനങ്ങൾ പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങൾക്കു മാത്രമേ യാത്ര അനുവദിക്കൂ. അവശ്യ സാധനങ്ങൾ ലഭ്യമാക്കാൻ നടപടിയെടുക്കുന്നുണ്ട്.

കരിങ്കുളം ഗ്രാമപഞ്ചായത്തിൽ വെള്ളിയാഴ്ച രാവിലെ ആറുമണി മുതൽ ഒരാഴ്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തി. പുല്ലുവിളയിൽ സാമൂഹ്യവ്യാപനം ഉണ്ടാവുകയും പഞ്ചായത്തിൽ 150ലധികം ആക്ടീവ് കോവിഡ് കേസുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കഠിനംകുളം, ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പൗഡിക്കോണം, ഞാണ്ടൂർക്കോണം, കരകുളം ഗ്രാമപഞ്ചായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര എന്നീ വാർഡുകളെയും കണ്ടെയിൻമെൻറ് സോണിൽ ഉൾപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.