കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് പ്രതിരോധ മികവ്

2020-07-22 19:53:35

    തിരുവനന്തപുരം:കേരളത്തിലെ കുറഞ്ഞ മരണ നിരക്ക് സൂചിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ പ്രതിരോധ മികവിനെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിങ്കളാഴ്ച മാത്രം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 36,806 കേസുകളും 596 മരണങ്ങളുമാണ്. അയൽ സംസ്ഥാനങ്ങളുടെ കാര്യമെടുത്താൽ തമിഴ്‌നാട്ടിൽ തിങ്കളാഴ്ച 4,985 കേസുകളും 70 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കർണ്ണാടകത്തിലാകട്ടെ 3,648 കേസുകളും 72 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടു. എന്നാൽ ജനസാന്ദ്രതയും, വയോജന സാന്ദ്രതയും, ഹൃദ്രോഗം പോലുള്ള രോഗങ്ങളുടെ എണ്ണവുമൊക്കെ വളരെ കൂടുതലുള്ള കേരളത്തിൽ കുറഞ്ഞ മരണ നിരക്കാണുള്ളത്.

ടെസ്റ്റുകളുടെ കാര്യത്തിലും കേരളം ബഹുദൂരം മുന്നിലാണ്. ഒരു പോസിറ്റീവ് കേസിനു 44 ടെസ്റ്റുകളാണ് നമ്മൾ നടത്തുന്നത്. മഹാരാഷ്ട്രയിൽ അത് 5ഉം, ഡൽഹിയിൽ 7ഉം, തമിഴ്‌നാടിൽ 11ഉം കർണാടകയിൽ 17ഉം, ഗുജറാത്തിൽ 11ഉം ആണ്. കേരളം ടെസ്റ്റുകളുടെ കാര്യത്തിൽ പുറകിലാണെന്നു പറയുന്നവർ നോക്കുന്നത് ടെസ്റ്റുകളുടെ കേവലമായ എണ്ണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തു തന്നെ കേസ് ഫറ്റാലിറ്റി റേറ്റ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് ഇന്ന് കേരളം. കേരളത്തിലെ കേസ് ഫറ്റാലിറ്റി റേറ്റ് 0.33 ശതമാനം ആണ്. അതായത് 100 പേരിൽ 0.33 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. അതേ സമയം ഡൽഹിയിലെ കേസ് ഫറ്റാലിറ്റി റേറ്റ് 3 ശതമാനവും, തമിഴ്‌നാട്ടിൽ 1.5 ശതമാനവും,  മഹാരാഷ്ട്രയിൽ 3.8 ശതമാനവും. ഗുജറാത്തിൽ 4.4 ശതമാനവും കർണാടകയിൽ 2.1 ശതമാനവും ആണ്.

ജനുവരി 30നാണ് ലോകാരോഗ്യ സംഘടന ആഗോള തലത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി അടിയന്തര മുന്നറിയിപ്പ് നൽകിയത്. എന്നാൽ, കേരളം ജനുവരി ആദ്യം തന്നെ പ്രശ്‌ന സാധ്യതകൾ മുൻകൂട്ടിക്കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. സെക്കണ്ടറി കോണ്ടാക്ടുകൾ ട്രെയ്‌സ് ചെയ്യുന്ന ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനം കേരളമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.