കോവിഡ്കാലത്തെ മഴക്കാലം: അതീവ ശ്രദ്ധവേണം

2020-08-01 22:23:44

തിരുവനന്തപുരം:    കോവിഡ് മഹാമാരിക്കാലമായതിനാൽ അതീവ ശ്രദ്ധയും കരുതലും ഈ മഴക്കാലത്ത് വേണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മഴക്കാല രോഗങ്ങളിൽ പ്രധാനമായ വൈറൽ പനി-ജലദോഷ രോഗങ്ങൾ തുടങ്ങിയവയുടെ ലക്ഷണങ്ങൾ പലതും കോവിഡ് 19 ലക്ഷണങ്ങൾക്ക് സമാനമാണ്. അതുകൊണ്ട് കൂടുതൽ ജാഗ്രത ഈ മഴക്കാലത്ത് പുലർത്തുകയും മഴക്കാല രോഗങ്ങൾ വരാതെ ശ്രദ്ധപുലർത്തണം.

* മാസ്‌കുകളുടെ ഉപയോഗത്തിൽ പ്രത്യേകശ്രദ്ധ പുലർത്തണം. നനഞ്ഞ മാസ്‌കുകൾ ഒരു കാരണവശാലും ധരിക്കരുത്. ഉണങ്ങിയശേഷം ധരിക്കാമെന്നു പറഞ്ഞു മാസ്‌കുകൾ മാറ്റിവക്കുന്നതും നന്നല്ല. പുറത്തു പോകുമ്പോൾ കൂടുതൽ മാസ്‌കുകൾ കയ്യിൽ കരുതുന്നത് നല്ലതാണ്. ഉപയോഗിച്ച മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയരുത്. നനഞ്ഞ മാസ്‌കുകൾ ഒരു സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ചു വക്കുക. തുണി മാസ്‌കുകൾ ആണെങ്കിൽ സോപ്പുപയോഗിച്ചു നന്നായി കഴുകി വെയിലത്തുണക്കി ഇസ്തിരിയിട്ടു ഉപയോഗിക്കണം. ഈ പ്രത്യേക സാഹചര്യത്ത് ഉപയോഗശൂന്യമായ മാസ്‌കുകൾ മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി കത്തിച്ചു കളയണം.

* നനഞ്ഞ മഴക്കോട്ട് പ്രത്യേകമായി ഉണങ്ങാനിടുക. നനഞ്ഞ വസ്ത്രങ്ങൾ കഴിയുന്നതും ധരിക്കുന്നത് ഒഴിവാക്കുക. അതിൽ വൈറസ് സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

* ശരീരത്തിൽ ഇറുകികിടക്കുന്ന ആഭരണങ്ങൾ/വസ്തുക്കൾ/വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക. ഇത്തരത്തിൽ ശരീരവുമായി ഇറുകി കിടക്കുന്ന ആഭരണങ്ങൾ/വസ്തുക്കൾ/വസ്ത്രങ്ങൾ ധരിച്ചാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

* മൊബൈൽ ഫോണുകൾ, ഐഡി കാർഡുകൾ, പേഴ്സുകൾ തുടങ്ങിയവ ഇടയ്ക്കിടക്കു സാനിടൈസർ ഉപയോഗിച്ചു അണുവിമുക്തമാക്കണം. കഴിയുന്നതും ഡിജിറ്റൽ പണമിടപാടുകൾ നടത്താൻ ശ്രമിക്കുക.

* പനിയോ ജലദോഷ രോഗ ലക്ഷണങ്ങളോ കണ്ടാൽ ഇ സഞ്ജീവനി ഓൺലൈൻ ടെലി-മെഡിസിൻ പ്ലാറ്റ്ഫോമിനെ ആശ്രയിക്കണം. ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ തുടരണം.

* രോഗശമനമില്ലെങ്കിൽ ചികിത്സക്കായി അടുത്തുള്ള ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കണം. ചികിത്സക്കായി ആശുപത്രികളിൽ പോകുമ്പോൾ കഴിയുന്നതും രോഗിമാത്രം പോകാൻ ശ്രദ്ധിക്കണം.

* കണ്ടൈൻമെൻറ് സോണുകളിൽ താമസിക്കുന്ന വ്യക്തികളിൽ ഇത്തരം രോഗലക്ഷണങ്ങൾ കണ്ടാൽ അടുത്തുള്ള ആരോഗ്യപ്രവർത്തകർ/ദിശ/ജില്ലാ കൺട്രോൾ റൂമുമായി ഫോണിൽ ബന്ധപ്പെടണം. അവരുടെ നിർദേശങ്ങൾ പാലിച്ചുവേണം ചികിത്സക്കായി ആരോഗ്യസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടത്.

* എസ്.എം.എസ് അഥവാ സോപ്പ് മാസ്‌ക് സാമൂഹിക അകലം ജീവിതചര്യയുടെ ഭാഗമാക്കാനും ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.