കരിപ്പൂർ വിമാന അപകടം : 115 പേർ ചികിത്സയിൽ

2020-08-09 23:26:43

കരിപ്പൂര്‍ വിമാന അപകടം: 115 പേര്‍  ചികിത്സയില്‍ തുടരുന്നു
 പൊതു വാർത്തകൾ  August 9, 2020

14 പേരുടെ നില ഗുരുതരം
57 പേര്‍ വീടുകളിലേക്ക് മടങ്ങി
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡിങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറിയുണ്ടായ അപകടത്തില്‍  115 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നതായി ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍  അറിയിച്ചു. അതില്‍   14 പേരുടെ നില ഗുരുതരമായി തുടരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവര്‍  ചികിത്സ തുടരുന്നത്.  57 പേര്‍ വിദഗ്ധ ചികിത്സക്ക്  ശേഷം വിവിധ ആശുപത്രികളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.കോട്ടക്കല്‍ അല്‍മാസ് ആശുപത്രി രണ്ട് പേര്‍, പെരിന്തല്‍മണ്ണ അല്‍ഷിഫ ആശുപത്രി 16 പേര്‍, മഞ്ചേരി കൊരമ്പയില്‍ ആശുപത്രി ഒരാള്‍, മഞ്ചേരി മലബാര്‍ ആശുപത്രി ഒരാള്‍, കോഴിക്കോട് മിംസ് ആശുപത്രി 32 പേര്‍, കോട്ടക്കല്‍ മിംസ് അഞ്ചു പേര്‍, പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രി രണ്ട്  പേര്‍,  കോഴിക്കോട് മൈത്ര ആശുപത്രി 10പേര്‍, കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രി 22പേര്‍, കോഴിക്കോട്  ഇഖ്റ ആശുപത്രി അഞ്ചു പേര്‍, പെരിന്തല്‍മണ്ണ എം.ഇ.എസ് ആശുപത്രി മൂന്ന് പേര്‍,  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്‍പത് പേര്‍, കോഴിക്കോട് ബീച്ച് ആശുപത്രി ഏഴ് പേര്‍ എന്നിങ്ങനെയാണ്  പരിക്കേറ്റവര്‍ വിവിധ ആശുപത്രികളില്‍  ചികിത്സയിലുള്ള കണക്ക്.
മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനാല്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നവരില്‍ ഇതുവരെ ഒരാള്‍ക്ക് മാത്രമാണ് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളതെന്നും ജില്ലാകലക്ടര്‍ അറിയിച്ചു. ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രി അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്.
കരിപ്പൂര്‍ വിമാന അപകടം: അന്വേഷണ സംഘം രൂപികരിച്ചു
കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി താഴേക്ക് പതിച്ച് 18 പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന്റെ നേതൃത്വത്തില്‍ സംഘം രൂപികരിച്ചു. മലപ്പുറം അഡീഷനല്‍ എസ്.പി. ജി.  സാബു വിന്റെ നേതൃത്വത്തില്‍ 30 അംഗ ടീമാണ്  രൂപീകരിച്ചത്. മലപ്പുറം ഡി.വൈ.എസ്.പി ഹരിദാസന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരിക്കും. പെരിന്തല്‍മണ്ണ എ.എസ്. പി ഹേമലത,  ഇന്‍സ്പെക്ടര്‍മാരായ ഷിബു,  കെ.എം ബിജു, സുനീഷ് പി. തങ്കച്ചന്‍,  തുടങ്ങിയവരും  സൈബര്‍ സെല്‍ അംഗങ്ങളും   ടീമില്‍ അംഗങ്ങളാണ്.
സംഭവ സ്ഥലത്തിനടുത്തു എയര്‍പോര്‍ട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന രണ്ട് പേരില്‍ ഒരാളായ സി.ഐ.എസ്.എഫ് എ.എസ്.ഐയുടെ  മൊഴിയുടെ അടിസ്ഥാനത്തില്‍ എയര്‍ക്രാഫ്റ്റ് നിയമം 11,  ഇന്ത്യന്‍ ശിക്ഷാ നിയമം 337,  338,  304 എ വകുപ്പുകള്‍ പ്രകാരം (ക്രൈം നമ്പര്‍ 222/2020) കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരുന്നു.
ദുബായില്‍ നിന്നും 184 യാത്രക്കാരും ആറ് ജീവനക്കാരുമായി കരിപ്പൂരിലെത്തിയ ഐ.എക്‌സ് 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വെള്ളിയാഴ്ച (ഓഗസ്റ്റ് ഏഴ്) രാത്രിയാണ്  അപകടത്തില്‍പ്പെടുന്നത്. നാല് കുട്ടികളുള്‍പ്പടെ 18 പേരാണ് മരിച്ചത്. അതില്‍ രണ്ടുപേര്‍ വിമാനത്തിന്റെ  പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍ എന്നിവരായിരുന്നു.
 

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.