നാലുവർഷത്തിനിടെ ടൂറിസം മേഖലയിൽ വൻ വളർച്ച – മന്ത്രി കടകംപള്ളി സുരേന്ദ്രൻ

2020-08-18 20:06:00

  തിരുവനന്തപുരം:സംസ്ഥാനത്തെ ടൂറിസം മേഖലയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ വൻ വളർച്ച ഉണ്ടായതായി സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.  അന്താരാഷ്ട്ര തലത്തിൽ വ്യത്യസ്തവും വിപുലവുമായി നടത്തിയ പ്രചാരണ ക്യാംപയിനുകളിലൂടെയും, നിലവിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നടത്തിയ വികസനപ്രവർത്തനങ്ങളുടെയും, പുതിയ ഡെസ്റ്റിനേഷനുകൾ വികസിപ്പിച്ചെടുക്കാനായതിന്റെയും ഫലമായാണ് ടൂറിസം മേഖലയിൽ നാലുവർഷത്തിനിടെ മുന്നേറാനായത്. ഓഖി, നിപ, പ്രളയം തുടങ്ങി വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ വളർച്ച.

കേരളത്തിൽ നടക്കുന്ന വിവിധ വള്ളംകളികൾ കോർത്തിണക്കി ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിധത്തിൽ ചാമ്പ്യൻസ് ബോട്ട് ലീഗ് സംഘടിപ്പിച്ചു. 2019-ൽ കേരളത്തിലെ 12 കേന്ദ്രങ്ങളിൽ ചാമ്പ്യൻസ് ബോട്ട്  ലീഗ് വള്ളംകളി മത്സരം വിജയകരമായി അരങ്ങേറി. തിരുവനന്തപുരം ജില്ലയിലെ ചാല പൈതൃക തെരുവ് നവീകരിച്ച് സംരക്ഷിക്കുന്നതിന് 10 കോടി രൂപയുടെ പൈതൃക പദ്ധതി നടപ്പാക്കി വരുന്നു. ഒന്നാംഘട്ടം ഉദ്ഘാടനം ചെയ്തു. മടവൂർപ്പാറയിൽ ഏഴു കോടി രൂപ ചെലവിൽ ടൂറിസം അടിസ്ഥാന സൗകര്യ വികസന പദ്ധതി നടപ്പാക്കി.

കോഴിക്കോട് മിഠായി തെരുവ് പൈതൃക പദ്ധതി ആറരക്കോടി രൂപ ചെലവിൽ പൂർത്തിയാക്കി നാടിന് സമർപ്പിച്ചു. സംസ്ഥാനത്ത് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ആദ്യ ടൂറിസം പദ്ധതി ജടായുപാറ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ടം പൂർത്തിയായി. മൂന്നാംഘട്ടം പ്രവൃത്തി നടന്നുവരുന്നു.

സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ 15,518 യൂണിറ്റുകൾ പുതുതായി രൂപീകരിച്ച് പ്രത്യക്ഷമായും പരോക്ഷമായും 78000 പേർക്ക്  ടൂറിസം മേഖലയിൽ തൊഴിൽ നൽകാനായി. കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ സഞ്ചാരികൾക്കുള്ള അടിസ്ഥാന സൗകര്യം ഉറപ്പ് വരുത്തുന്ന ഗ്രീൻ കാർപ്പറ്റ് പദ്ധതി ആവിഷ്‌കരിച്ചു. തദ്ദേശസ്ഥാപനങ്ങൾ, സാമൂഹ്യ സംഘടനകൾ, എൻ.ജി.ഒകൾ വിദ്യാർഥി  സമൂഹം എന്നിവരുടെ സഹകരണത്തോടെയാണ് ഗ്രീൻ കാർപറ്റ് പദ്ധതി നടപ്പാക്കുന്നത്.

ടൂറിസം വികസന പ്രക്രിയയിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പ് വരുത്താൻ ഉത്തരവാദിത്ത ടൂറിസം മിഷന്റെ ആഭിമുഖ്യത്തിൽ പെപ്പർ പദ്ധതി നടപ്പാക്കി. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ എല്ലാം തന്നെ ഭിന്നശേഷി സൗഹൃദം ആക്കുന്നതിനുള്ള നടപടിക്ക് തുടക്കം കുറിച്ചു. ആദ്യഘട്ടത്തിൽ നൂറോളം കേന്ദ്രങ്ങൾ ഭിന്നശേഷി സൗഹൃദമാക്കി.

വേളി ടൂറിസ്റ്റ് വില്ലേജ് ചുറ്റി കാണാൻ സഞ്ചാരികൾ സൗകര്യമൊരുക്കുന്ന ട്രെയിൻ സർവീസ് കേരളത്തിൽ ആദ്യമായി ആരംഭിക്കാൻ 10 കോടി രൂപയുടെ പദ്ധതി പൂർത്തിയാക്കി. വേളി ടൂറിസ്റ്റ് വില്ലേജിന്റെ സമഗ്രവികസനത്തിനായി 20 വർഷം മുമ്പ് ഏറ്റെടുത്ത ഭൂമിയിൽ ആദ്യമായി കൺവെൻഷൻ സെന്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, ഇക്കോ പാർക്ക്, അർബൻ പാർക്ക് എന്നിവ ആരംഭിക്കാൻ 34 കോടി രൂപയുടെ പദ്ധതിയുടെ നിർമാണ പ്രവർത്തനം ആരംഭിച്ചു.

തെൻമല ഇക്കോ-ടൂറിസം പദ്ധതി കൂടുതൽ ആകർഷകമാക്കാൻ അഞ്ചു കോടി രൂപ മുടക്കി ലൈറ്റ് ആൻറ് സൗണ്ട് ഷോ പദ്ധതി നിർമാണം പൂർത്തിയായി സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. തിരുവനന്തപുരം ജില്ലയിലെ പ്രമുഖ ടൂറിസം കേന്ദ്രങ്ങളായ കോവളം, ശംഖുമുഖം, ആക്കുളം, വർക്കല, എന്നിവിടങ്ങളിൽ 60 കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരം സംരക്ഷിക്കുന്നതിനും, സഞ്ചാരികൾക്കായി ഡിജിറ്റൽ മ്യൂസിയം സ്ഥാപിക്കാനുമായി 10 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വെള്ളാർ ക്രാഫ്റ്റ് വില്ലേജ് സർഗാലയ മാതൃകയിൽ നവീകരിച്ചു. ശ്രീനാരായണഗുരുവിന്റെ ജൻസ്ഥലമായ ചെമ്പഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുവിന്റെ ജീവിത ചരിത്രവും ദർശനവും സഞ്ചാരികൾക്ക് ലഭ്യമാക്കാനും ഉദ്ദേശിച്ചുകൊണ്ട് ഒരു കൺവെൻഷൻ സെന്ററും, ഡിജിറ്റൽ മ്യൂസിയം നിർമ്മാണത്തിനുമായി ആദ്യഘട്ടം 10 കോടി രൂപ അനുവദിച്ചു.

നിർമ്മാണ പ്രവൃത്തി ത്വരിതഗതിയിൽ നടന്നുവരുന്നു. ഗുരുവായൂരിൽ 24 കോടി രൂപ ചെലവഴിച്ച് 56 മുറികളുള്ള പുതിയ ഗസ്റ്റ് ഹൗസിന്റെ നിർമ്മാണ പ്രവർത്തനം ആരംഭിച്ചു. ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. തിരുവനന്തപുരത്ത് പത്മനാഭസ്വാമിക്ഷേത്ര പരിസരം ആകർഷകമാക്കാൻ കേന്ദ്രസർക്കാരിന്റെ സഹായത്തോടെ 100 കോടി രൂപയുടെ സ്വദേശി ദർശൻ പദ്ധതി സമയബന്ധിതമായി പൂർത്തീകരിച്ചതായി മന്ത്രി അറിയിച്ചു.

മലബാർ, മലനാട് റിവർ ക്രൂയിസ് പ്രോജക്ടിന് സംസ്ഥാന സർക്കാർ 50 കോടിയോളം രൂപയുടെ പദ്ധതിയ്ക്ക് അംഗീകാരം നൽകുകയും 15 ലധികം ബോട്ട് ടെർമിനലുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയായി വരുന്നു. 325 കോടി രൂപ ചെലവ് വരുന്ന മലബാർ, മലനാട് റിവർ ക്രൂയിസ് പ്രോജക്ട് മലബാറിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കും.

ആലപ്പുഴ, തലശ്ശേരി, പൊന്നാനി എന്നീ കേരളത്തിലെ പഴയ പുരാതന വ്യാപാര കേന്ദ്രങ്ങളിൽ പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കി വരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലെ പൈതൃക സ്മാരകങ്ങൾ അടിസ്ഥാനമാക്കി പൈതൃക സംരക്ഷണ പദ്ധതി നടപ്പാക്കാൻ നടപടിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.