അഞ്ച് ത്രിവേണി ഉല്‍പ്പന്നങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

2020-08-18 20:07:24

തിരുവനന്തപുരം:ഓണവിപണിയിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്‍റെ ആഭിമുഖ്യത്തില്‍ ത്രിവേണി ബ്രാന്‍റില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ് ആദ്യഘട്ടത്തില്‍ വിപണിയിലെത്തിക്കുക.

കോവിഡ് പ്രതിസന്ധി കാലത്ത് അവശ്യവസ്തുക്കള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നത് പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് കണ്‍സ്യൂമര്‍ഫെഡ് ഈ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നത്. മലപ്പുറത്തെ കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്‍റെ നിയന്ത്രണത്തിലുള്ള കോഡൂര്‍ കോക്കനട്ട് കോംപ്ലക്സ് എന്ന സഹകരണ സ്ഥാപനത്തിലാണ് ത്രിവേണി വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കുന്നത്. ആദ്യത്തെ മൂന്നു മാസം ത്രിവേണി വെളിച്ചെണ്ണ വാങ്ങുന്നവര്‍ക്ക് ത്രിവേണി നോട്ടുബുക്ക് സൗജന്യമായി നല്‍കുന്നതിന് കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചിട്ടുണ്ട്.

ഇടുക്കിയിലെ തേയില കര്‍ഷകരില്‍നിന്നും തേയില ശേഖരിച്ച് ‘സഹ്യ’ എന്ന പേരില്‍ ചായപ്പൊടി പുറത്തിറക്കുന്ന തങ്കമണി സര്‍വീസ് സഹകരണ ബാങ്ക് മുഖേനയാണ് ത്രിവേണി ചായപ്പൊടി വിപണിയിലിറക്കുന്നത്. പ്രീമിയം, എക്സ്ട്രാ സ്ട്രോംങ്, പ്രീമിയം ഹോട്ടല്‍ ബ്ലന്‍റ്, ലീഫ് ടീ, ബള്‍ക്ക് ടീ എന്നിങ്ങനെ വിവിധ ബ്രാന്‍റുകളിലായി ചായപ്പൊടികള്‍ വിപണിയില്‍ ലഭ്യമാകും.

പത്തനംതിട്ടയിലെ മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്‍റെ സ്ഥാപനമായ മൈഫുഡ് റോളര്‍ ഫ്ളവര്‍ ഫാക്ടറിയുമായി സഹകരിച്ചാണ് ത്രിവേണി ബ്രാന്‍റില്‍ ആട്ട, മൈദ, റവ എന്നിവ നിര്‍മിക്കുന്നത്. ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താന്‍ കണ്‍സ്യൂമര്‍ഫെഡിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹ്ബൂബ്, എം.ഡി. വി.എം. മുഹമ്മദ് റഫീക് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.