തദ്ദേശ തെരഞ്ഞെടുപ്പ്: കൊവിഡ് ബാധിതരുടെ പ്രോക്സി വോട്ടിന് നിയമസാധുത നല്‍കാന്‍ ഓര്‍ഡിനന്‍സ്

2020-08-20 21:13:46

  
തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ കൊവിഡ് ബാധിതര്‍ക്കും കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും പ്രോക്സി വോട്ടിന് നിയമസാധുത നല്‍കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. കൊവിഡ് രോഗികള്‍ക്കും, ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പ്രോക്സി വോട്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാറിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം.

പ്രോക്സിവോട്ട് അനുവദിക്കുന്നതിന് പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി ആക്ടുകളില്‍ ഭേദഗതി വേണമെന്ന ആവശ്യമായിരുന്നു തിരഞ്ഞെടപ്പ് കമ്മീഷന്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്. ഇതിനോട് സര്‍ക്കാര്‍ അനൂകുല സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 24ന് നടക്കുന്ന നിയമസഭ സമ്മേളനത്തിന് ശേഷമായിരിക്കും ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കുക. ഇതിന് മുന്നോടിയായി ഇടത് മുന്നണി നിലപാട് വ്യക്തമാക്കും.

അതേസമയം കൊവിഡ് ബാധിതര്‍ക്ക് പ്രോക്സി വോട്ട് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. പ്രോക്സി വോട്ടിന് അനുമതി നല്‍കുന്നത് തിരഞ്ഞെടുപ്പില്‍ വലിയ ക്രമക്കേട് ഉണ്ടാക്കുമെന്നും ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

 


  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.