സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ ആരംഭിച്ചു

2020-08-21 21:00:07

സപ്ലൈകോ ഓണം ജില്ലാ ഫെയറുകൾ ആരംഭിച്ചു

 പൊതു വാർത്തകൾ  August 21, 2020

*മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ചു
സപ്ലൈകോ ഓണം ജില്ലാ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ഓണാഘോഷത്തിന് ഒരു കുടുംബത്തിനും കോവിഡ് കാരണം പ്രയാസമുണ്ടാകരുതെന്നാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അതിന്റെ  ഭാഗമായാണ് ഇത്തരം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ ഒരു ഭേദ ചിന്തയിമില്ലാതെ എല്ലാവരിലും എത്തിക്കുകയാണ് സർക്കാർ . 88 ലക്ഷം കുടുംബങ്ങൾക്കാണ് സിവിൽ സപ്ലൈസിന്റെ നേതൃത്വത്തിൽ ഓണക്കിറ്റ്  നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊതു വിപണിയിൽ വിലക്കയറ്റം തടഞ്ഞു നിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് , ഹോട്ടികോർപ്പ് അടക്കമുള്ള സർക്കാർ ഏജൻസികൾ സുത്യർഹമായ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഭക്ഷ്യമന്ത്രി പി തിലോത്തമൻ അധ്യക്ഷത വഹിച്ചു.  സംസ്ഥാനത്ത് ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഓണത്തിന്  ഒന്നരമടങ്ങ് കൂടുതൽ അരിയാണ് ഓരോ കുടുംബത്തിനും എത്തിച്ച് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആദ്യ വിൽപന നിർവഹിച്ചു. ഓണത്തിന്റെ ഭാഗമായി കൺസ്യൂമർഫെഡ് 1865 വിൽപ കേന്ദ്രങ്ങളാണ് അരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് വൻതോതിൽ പച്ചക്കറി ഉത്പാദനം വർദ്ധിച്ചെന്നും ഓണത്തോടനുബന്ധിച്ച് 2000ത്തോളം ഹോട്ടികോർപ്പ്  വിൽപന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. എല്ലാ വിഭാഗത്തിൽപ്പെട്ട ജങ്ങൾക്കും ഓണം സന്തോഷത്തോടെ ആഘോഷിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ഇരുവരും ഓൺലൈനായാണ്  ചടങ്ങിൽ പങ്കെടുത്തത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന വിപണന കേന്ദ്രങ്ങളിൽ ഹോം അപ്ലൈൻസസ് ഉൾപ്പടെ എല്ലാ നിത്യോപയോഗ സാധനങ്ങളും ലഭിക്കും. ബ്രാന്റഡ് ഉൽപ്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ആരംഭിച്ച ഓണം ജില്ലാ ഫെയർ 30വരെ പ്രവർത്തിക്കും. താലൂക്ക് ഫെയറുകൾ, ഓണം മാർക്കറ്റുകൾ, ഓണം മിനി ഫെയറുകൾ എന്നിവ 26 മുതൽ 30 വരെ വിപണന കേന്ദ്രങ്ങളോട് ചേർന്ന് നടത്തും.
മേയർ കെ ശ്രീകുമാർ, സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി.കുമാർ, മാനേജിംഗ് ഡയറക്ടർ പി എം അലി അസ്ഗർ പാഷ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.