രാജ്യത്തെ ആദ്യ ഗവ. ഡെന്റല്‍ ലാബ് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിച്ചു

2020-08-25 20:19:16

തിരുവനന്തപുരം:തിരുവനന്തപുരം സര്‍ക്കാര്‍ ഡെന്റല്‍ കോളേജിന്റെ ഭാഗമായി പുലയനാര്‍കോട്ട ടി.ബി. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ ഡെന്റല്‍ ലാബിന്റെ പ്രവര്‍ത്തനോദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

ദന്തല്‍ ചികിത്സാ രംഗത്തെ പുതിയ കാല്‍വയ്പ്പാണ് ഡെന്റല്‍ ലാബെന്ന് മന്ത്രി കെ.കെ. ശൈല ടീച്ചര്‍ പറഞ്ഞു. ജനങ്ങള്‍ക്കും പഠനഗവേഷണ മേഖലകളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഡെന്റല്‍ ലാബ് സഹായകരമാണ്. 1.30 കോടി രൂപ ചെലഴിച്ചാണ് ലാബ് സജ്ജമാക്കിയിരിക്കുന്നത്. ലാബിന്റെ പ്രവര്‍ത്തനത്തിന് 10 പുതിയ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ച് വന്നിരുന്ന കൃത്രിമ പല്ല് നിര്‍മാണം പൂര്‍ണമായും പുതിയ ലാബില്‍ നിര്‍മ്മിക്കാനാകും. ഡെന്റല്‍ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗണ്‍, ബ്രിഡ്ജ്, ഇന്‍ലെ, ഓണ്‍ലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവരുന്നത്. ഡെന്റല്‍ ലാബ് സാക്ഷാത്ക്കരിക്കുന്നതോടെ ചുരുങ്ങിയ ചെലവില്‍ ഇവിടെ ചെയ്യാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ദന്തല്‍ കോളേജിനെയും മറ്റ് സര്‍ക്കാര്‍ ആശുപത്രികളേയും ആശ്രയിക്കുന്ന സാധാരണക്കാര്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നതും സംസ്ഥാനത്തെ ദന്തല്‍ വിദ്യാഭ്യാസ മേഖലയ്ക്ക് മുതല്‍കൂട്ടാകുന്നതുമാണ് ഈ പദ്ധതി. പല്ലടയ്ക്കുവാനും പല്ല് പൊട്ടാതിരിക്കാനുള്ള ആവരണം നിര്‍മ്മിക്കുവാനും കൃത്രിമ പല്ലുണ്ടാക്കാനും, ലോഹങ്ങളും ലോഹസങ്കരങ്ങളും സിറാമിക്‌സും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ദന്തല്‍ കൗണ്‍സിലിന്റെ മാനദണ്ഡപ്രകാരം ഇത്തരത്തിലുള്ള ഒരു ലബോറട്ടറി പ്രത്യേകിച്ചും സിറാമിക് യൂണിറ്റോടുകൂടിയ സംവിധാനം കോളേജിന്റെ അംഗീകാരത്തിനുള്ള നിബന്ധനകളില്‍ ഒന്നാണ്. കൂടാതെ സംസ്ഥാനത്തെ ദന്തല്‍ വിദ്യാഭ്യാസമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ബിഡിഎസ്, എംഡിഎസ്, പാരാ ഡെന്റല്‍ എന്നിവയ്ക്ക് വേണ്ട ലബോറട്ടറി പരിശീലനം കൊടുക്കാന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികളെ സ്വകാര്യ ലാബില്‍ പഠനയാത്രയ്ക്ക് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ദന്തല്‍ കോളേജ് പോലെ ദേശീയാടിസ്ഥാനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനത്തില്‍ ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ഇതിലൂടെ സഹായിക്കും. അക്കാഡമിക് രംഗത്ത് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഗവേഷണം. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ദന്തല്‍ ലബോറട്ടറി പൊതുമേഖലയില്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ ഏറ്റവും ആവശ്യമുള്ള സംവിധാനങ്ങള്‍ ഒരുക്കിയശേഷം അടുത്ത പടിയായി അത്യാധുനിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കാവുന്നതാണ്. ഇതുവഴി ഏറ്റവും നൂതനമായ ദന്ത ചികിത്സാരീതികള്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി.

ഡോ. ശശി തരൂര്‍ എം.പി., നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എസ്.എസ്. സിന്ധു, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടമാരായ ഡോ. തോമസ് മാത്യു, ഡോ. എം.കെ. മംഗളം, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സാറ വര്‍ഗീസ്, ദന്തല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. അനിറ്റാ ബാലന്‍, ഡെന്റല്‍ ലാബ് സൂപ്പര്‍വൈസര്‍ ഡോ. വി.ജി. സാം ജോസഫ്, വകുപ്പ് മേധാവി ഡോ. മാലി ജി നായര്‍, ഡി.ആര്‍. അനില്‍, കെ.പി. ദാനിഷ് എന്നിവര്‍ പങ്കെടുത്തു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.