കോവിഡ് രോഗവ്യാപനം പിടിച്ചുനിർത്താൻ കേരളത്തിനായി: മുഖ്യമന്ത്രി

2020-09-05 21:50:53

തിരുവനന്തപുരം:മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കോവിഡ് രോഗവ്യാപനം പിടിച്ചുനിർത്താൻ കേരളത്തിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ പത്തു ലക്ഷം പേരെ കണക്കാക്കുമ്പോൾ 2168 പേർക്കാണ് രോഗബാധയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.  8479 ആണ് ആന്ധ്ര പ്രദേശിലെ കേസ് പെർ മില്യൺ. 5000ത്തിനും മുകളിലാണ് തമിഴ്‌നാട്ടിലും കർണ്ണാടകയിലും. തെലുങ്കാനയിൽ 3482 ആണ്. ഇന്ത്യൻ ശരാശരി 2731. ജനസാന്ദ്രതയിൽ കേരളം ഈ സംസ്ഥാനങ്ങൾക്കെല്ലാം മുന്നിലാണ്.
ആക്റ്റീവ് കേസുകളുടെ എണ്ണത്തിൽ കേരളം അയൽ സംസ്ഥാനങ്ങളേക്കാൾ വളരെ ഭേദപ്പെട്ട നിലയിലാണ്. ഒന്നാം തീയതിയിലെ നിലയെടുത്താൽ 22,578 ആക്റ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. കർണ്ണാടകത്തിൽ 91,018 ആക്റ്റീവ് കേസുകളാണ് ഉള്ളത്. 1,01,210 കേസുകളാണ് ആന്ധ്രപ്രദേശിലുള്ളത്. തമിഴ്‌നാട്ടിൽ 52,379 കേസുകളും തെലുങ്കാനയിൽ 32,341 കേസുകളാണുമുള്ളത്.

മറ്റു സംസ്ഥാനങ്ങളിൽ 10 ദിവസം കഴിഞ്ഞ് ലക്ഷണങ്ങൾ ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുമ്പോൾ, ആന്റിജൻ പരിശോധന നടത്തി നെഗറ്റീവായ ശേഷം മാത്രമാണ് കേരളത്തിൽ രോഗിയെ ഡിസ്ചാർജ് ചെയ്യുന്നത്. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ ഒരുക്കമല്ല.

കേസ് ഫറ്റാലിറ്റി റേറ്റ്, അതായത് രോഗബാധിതരായ 100 പേരിൽ എത്ര പേർ മരിച്ചു എന്ന കണക്ക് പരിശോധിച്ചാൽ കേരളത്തിൽ 0.4 ആണ്. തമിഴ്‌നാട്ടിലും കർണാടകയിലും 1.7 ഉം, ആന്ധ്രപ്രദേശിൽ 0.9 ഉം ആണ്. വയോജനങ്ങളുടെ എണ്ണവും, കാൻസർ, പ്രമേഹം പോലുള്ള രോഗങ്ങൾ ബാധിച്ചവരുടെ എണ്ണവും ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നിട്ടും ഏറ്റവും കുറഞ്ഞ മരണ സംഖ്യ നിലനിർത്താൻ സാധിക്കുന്നത് നാട് നടത്തിയ മികച്ച പ്രവർത്തനത്തിന് ഉദാഹരണമാണ്.
കേരളത്തിന്റെ ടെസ്റ്റ് പെർ മില്യൺ ബൈ കേസ് പെർ മില്യൺ 22 ആണ്. തമിഴ്‌നാടിന്റേത് 11 ആണ്. അതായത് 22 പേർക്ക് ടെസ്റ്റുകൾ ചെയ്യുമ്പോഴാണ് ഇവിടെ ഒരാൾക്ക് രോഗം കണ്ടെത്തുന്നത്. തമിഴ്‌നാട്ടിൽ 11 ടെസ്റ്റുകൾ നടത്തുമ്പോൾ ഒന്ന് എന്ന തോതിലാണ് രോഗം കണ്ടെത്തുന്നത്. തെലുങ്കാനയിൽ അത് 10.9 ഉം, കർണ്ണാടകയിലും ആന്ധ്രപ്രദേശിലും 8.4 ഉം ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്, അതായത് 100 ടെസ്റ്റുകൾ ചെയ്യുമ്പോൾ എത്ര എണ്ണം പോസിറ്റീവ് ആകുന്നു എന്ന കണക്കു നോക്കിയാലും നമ്മൾ മികച്ച നിലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് കുറഞ്ഞിരിക്കുകയാണ് അഭികാമ്യം. കേരളത്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 4.3 ആണ്. തമിഴ്‌നാട്ടിൽ 8.9ഉം തെലുങ്കാനയിൽ 9.2ഉം, കർണാടകയിലും ആന്ധ്രയിലും 11.8ഉം ആണ്.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.