ഖരമാലിന്യ മാനേജ്‌മെന്റിന് 2100 കോടി രൂപയുടെ പദ്ധതി നടപ്പാക്കും

2020-09-05 21:59:00

തിരുവനന്തപുരം:2100 കോടി രൂപയുടെ ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നു. സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ യോഗം പിന്തുണച്ചയായി മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതി വിഹിതത്തിൻറെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇപ്പോൾ ഫണ്ട് കൈമാറുന്നുണ്ട്. അതിനുപരിയായി ലോകബാങ്കിൽനിന്നുള്ള വായ്പയാണ് കേരള സ്റ്റേറ്റ് വേസ്റ്റ് മാനേജ്‌മെൻറ് പ്രോജക്ടിലൂടെ ലഭ്യമാക്കുവാൻ ഉദ്ദേശിക്കുന്നത്. ഇതിൽ ലോകബാങ്കിന്റെ വിഹിതം 1470 കോടി രൂപയും കേരള സർക്കാരിന്റെ വിഹിതം 630 കോടി രൂപയുമാണ്. പ്രത്യേക പദ്ധതിക്കായി നൽകുന്ന വായ്പയായതിനാൽ ലോകബാങ്ക് പൊതുവായ നിബന്ധനകളൊന്നും വച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ശാക്തീകരണവും സാങ്കേതിക പിന്തുണയുമാണ് ആദ്യത്തേത്. പ്രാദേശിക പശ്ചാത്തല സൗകര്യങ്ങൾ, സാനിറ്റേഷൻ രംഗത്ത് അധിക വിഭവങ്ങൾ ലഭ്യമാക്കുക എന്നിവയാണ് മറ്റ് സവിശേഷതകൾ.
ഏകോപനവും പ്രകൃതി സൗഹൃദമായ പുനഃചംക്രമണവും പദ്ധതിയുടെ ലക്ഷ്യമാണ്. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും പ്രത്യേക സംവിധാനമുണ്ടാകും. പദ്ധതി കാലാവധി ആറുവർഷമാണ്.

ഒന്നും രണ്ടും ഘടകങ്ങൾക്ക് ശുചിത്വ മിഷനും മൂന്നാമത്തേതിന് നഗരത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമാണ് നടത്തിപ്പ് മേൽനോട്ടം. 93 നഗര തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും 183 ഗ്രാമപഞ്ചായത്തുകൾക്കും ഈ പ്രോജക്ടിന്റെ ഗുണം ലഭിക്കും. പ്രോജക്ടിന്റെ ഭാഗമായി പ്രാരംഭ പഠനം നടത്താനും വിശദമായ പ്രോജക്ടുകൾ നടത്താനും വിവിധ ചട്ടങ്ങളുടെ പരിപാലനം നിരീക്ഷിക്കാനും സർക്കാരിന്റേയും ലോകബാങ്കിന്റേയും മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്താനും സർക്കാരിനെ സഹായിക്കാൻ കൺസൾട്ടന്റുകൾ ഉണ്ടാകും. ഗ്ലോബൽ ബിഡ്ഡിങിലൂടെയാണ് കൺസൾട്ടൻറുകളെ ഇതിനായി തിരഞ്ഞെടുക്കുക.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.