34 ‘മികവിന്റെ കേന്ദ്രം’ സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

2020-09-08 19:56:14

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന ‘മികവിന്റെ കേന്ദ്രം’ പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ സെപ്തംബർ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിൽ ഒന്ന് എന്ന രീതിയിൽ അഞ്ച് കോടി രൂപയുടെ വീതം അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ 141 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.  പല മണ്ഡലങ്ങളിലും കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപയ്ക്ക് ഉപരിയായി എം.എൽ.എ. ഫണ്ടുൾപ്പെടെ പ്രാദേശികമായി കണ്ടെത്തിയിട്ടുണ്ട്.
പത്ത് ജില്ലകളിലെ 34 മണ്ഡലങ്ങളിലെ സ്‌കൂളുകളാണ്  ഉദ്ഘാടനം ചെയ്യുന്നത്. കോഴിക്കോട് (8), കണ്ണൂർ (5), തിരുവനന്തപുരം (4), കൊല്ലം (4), കോട്ടയം (3), എറണാകുളം (4), മലപ്പുറം (2), ഇടുക്കി (2), ആലപ്പുഴ (1), തൃശ്ശൂർ (1) എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്‌കൂളുകളുടെ എണ്ണം.  ഈ സ്‌കൂളുകളിൽ മാത്രം 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായിക്കഴിഞ്ഞു. ഡിസംബറിൽ 200 സ്‌കൂളുകൾ കൈമാറാൻ കൈറ്റ് നടപടികൾ സ്വീകരിച്ചതായി സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.  ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷകനായിരിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ.ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആവും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നന്ദിയും പറയും. അതത് മണ്ഡലങ്ങളിലെ എം.എൽ.എ.മാർ ഉൾപ്പെടുന്ന മറ്റ് വിശിഷ്ഠാതിഥികൾ തത്സമയം അതത് സ്‌കൂളുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ചടങ്ങിൽ സംബന്ധിക്കും.
കൈറ്റ് വിക്ടേഴ്‌സിൽ ബുധനാഴ്ച രാവിലെ 11 മണി മുതൽ അര മണിക്കൂർ ചടങ്ങിന്റെ ലൈവ് സംപ്രേഷണം ആയതിനാൽ ഈ സമയത്തുള്ള പത്താം ക്ലാസിന്റെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസ് രാവിലെ 10.30 ലേക്കും ഒന്നാം ക്ലാസ് 10 മണിയിലേക്കും മാറ്റിയിട്ടുണ്ട്. മറ്റു സമയക്രമങ്ങളിൽ മാറ്റമില്ല.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.