കേരള ട്രാവൽ മാർട്ട് വെർച്വൽ മാർട്ടായി നവംബറിൽ നടത്തും

2020-09-17 22:03:19

    തിരുവനന്തപുരം:കേരള ട്രാവൽ മാർട്ട് (കെടിഎം) വെർച്വൽ മാർട്ടായി നവംബറിൽ നടത്തുന്നമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   ടൂറിസത്തിലൂടെ വികസനത്തിന്റെ പാതയിലേക്ക് സംസ്ഥാനം നടത്തുന്ന തിരിച്ചുവരവാണ് കെടിഎം വെർച്വൽ മാർട്ടിലൂടെ ലക്ഷ്യമിടുന്നത്. നവംബർ 23 മുതൽ 27 വരെയാണ് വെർച്വൽ കെടിഎം നടത്തുന്നത്. 500ലധികം സെല്ലേഴ്‌സിനെയും രാജ്യത്തിനകത്തും പുറത്തുനിന്നുമായി 2500 ഓളം ബയേഴ്‌സിനെയുമാണ് വെർച്വൽ മീറ്റിൽ പ്രതീക്ഷിക്കുന്നത്. അടുത്ത വർഷം ആദ്യത്തോടെ ടൂറിസം രംഗം സജീവമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
രണ്ട് വർഷത്തിലൊരിക്കലാണ് കേരള ട്രാവൽ മാർട്ട് നടക്കുന്നത്. പ്രളയത്തിനു ശേഷം ടൂറിസം മേഖലയിലുണ്ടായിരുന്ന വലിയ ആശങ്ക ദൂരീകരിക്കാൻ 2018ൽ  കേരള ട്രാവൽ മാർട്ടിനു കഴിഞ്ഞു. മുപ്പത്തയ്യായിരത്തിലധികം വാണിജ്യ കൂടിക്കാഴ്ചകളാണ് കഴിഞ്ഞ ലക്കത്തിൽ  നടന്നത്.  കോവിഡ് ഭീഷണി നേരിടുന്നതിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങൾ ലോക പ്രശസ്തമാണ്. ഈ സാഹചര്യത്തിലെ ട്രാവൽമാർട്ടിനും മികച്ച പ്രതികരണം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം മേഖലയ്ക്ക് 455 കോടി രൂപയുടെ സഹായപദ്ധതികളാണ് സർക്കാർ പ്രഖ്യാപിച്ചത്. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി സംരംഭകർക്ക് 25 ലക്ഷം രൂപ വരെ വായ്പ നൽകും. ഇതിന്റെ ഒരു വർഷത്തെ പലിശയുടെ പകുതി സംസ്ഥാന സർക്കാർ സബ്‌സിഡിയായാണ് നൽകുന്നത്. ടൂറിസം മേഖലയിലെ ജീവനക്കാർക്ക് 20,000 മുതൽ 30,000 രൂപവരെ കേരള ബാങ്കിൽ നിന്ന് വായ്പ അനുവദിക്കും. കേന്ദ്ര-സംസ്ഥാന ടൂറിസം വകുപ്പുകളുടെ അംഗീകാരമുള്ള 328 ടൂറിസ്റ്റ് ഗൈഡുകൾക്ക് ഒറ്റത്തവണ സഹായമെന്ന നിലയിൽ 10,000 രൂപ നൽകാനും തീരുമാനിച്ചിട്ടുണ്ട്. പുരവഞ്ചികളുടെ അറ്റകുറ്റപ്പണികൾക്ക് ഒന്നേകാൽ ലക്ഷം രൂപ വരെ സഹായം നൽകും. പുരവഞ്ചികളിലെ കിടപ്പുമുറികളുടെ എണ്ണം കണക്കിലെടുത്ത് 80,000 മുതൽ ഒന്നേകാൽ ലക്ഷം വരെയാണ് ഈ സഹായം. ഹോംസ്റ്റേകൾക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഏർപ്പെടുത്തിയിരുന്ന വാണിജ്യ നികുതി വീട്ടുകരമായി നിലനിറുത്താനുള്ള തീരുമാനവും സർക്കാർ കൈക്കൊണ്ടതായി മന്ത്രി അറിയിച്ചു. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി.ബാലകിരൺ, കേരള ട്രാവൽമാർട്ട് പ്രസിഡന്റ് ബേബി മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.