തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷം- മുഖ്യമന്ത്രി

2020-09-22 21:30:50

തിരുവനന്തപുരം:ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കരുത്

കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണെന്നും 18 ശതമാനം കേസുകളും തിരുവനന്തപുരത്ത് ആണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞദിവസം വരെ സംസ്ഥാനത്ത് ആകെയുള്ള ആക്ടീവ് കേസുകളുടെ എണ്ണം 39,258 ആകുമ്പോൾ അതിൽ 7047 പേർ തിരുവനന്തപുരം ജില്ലയിലാണ്.

മരണങ്ങളുടെ കണക്ക് നോക്കുകയാണെങ്കിൽ, കഴിഞ്ഞദിവസം വരെ റിപ്പോർട്ട് ചെയ്ത 553 മരണങ്ങളിൽ 175 മരണങ്ങളും സംഭവിച്ചത് തിരുവനന്തപുരം ജില്ലയിലാണ്. അതായത് 32 ശതമാനം മരണങ്ങൾ. ചൊവ്വാഴ്ച ജില്ലയിൽ 681 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ആൾക്കൂട്ടമുണ്ടാക്കിക്കൊണ്ട് കുറേ നാളുകളായി നടത്തിവരുന്ന സമരങ്ങളെ കാണേണ്ടത്. നിരന്തരം ഈ പ്രശ്നം ചൂണ്ടിക്കാണിച്ചിട്ടും സമരം നടത്തുന്നവരും മാധ്യമങ്ങളും വേണ്ടത്ര ഗൗരവത്തോടെ ഇത് പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡിനൊപ്പം ജീവിക്കേണ്ട ഈ ഘട്ടത്തിൽ നമ്മൾ മുൻപുണ്ടായിരുന്ന രീതികളെ അടിമുടി മാറ്റിയിട്ടുണ്ട്. മീറ്റിങ്ങുകൾ കൂടുന്നത്, വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്, വിവാഹങ്ങൾ നടത്തുന്നത്, കടകൾ പ്രവർത്തിപ്പിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചുനിർത്താൻ സഹായകമായ രീതിയിലാണ് ചെയ്യുന്നത്. അതെല്ലാം അട്ടിമറിച്ചു കൊണ്ടാണ് സമരങ്ങൾ എന്ന പേരിൽ ആൾക്കൂട്ടം സൃഷ്ടിച്ച് കോവിഡ് പ്രതിരോധത്തെ തകിടം മറിക്കുന്നത്.

ലോകാരോഗ്യ സംഘടനയുൾപ്പെടെ കോവിഡ് പ്രതിരോധത്തിന്റെ ഏറ്റവും അനിവാര്യമായ കാര്യമായി പറയുന്നത് ആൾക്കൂട്ടം ഒഴിവാക്കുക എന്നതാണ്. വൈറസിന് ഏറ്റവും എളുപ്പം പടരാവുന്ന അവസരമാണ് ഇങ്ങനെ ഒരുക്കിക്കൊടുക്കുന്നത്. ഇതിന്റെ ഫലമായി സമരങ്ങൾ നേരിടുന്ന മുതിർന്ന ഉദ്യോഗസ്ഥരും മറ്റ് പൊലീസുകാരും കോവിഡ് ബാധിതരാകുന്നത് വളരെ നിർഭാഗ്യകരമാണ്. സമരങ്ങൾ തടയാൻ സംസ്ഥാനവ്യാപകമായി നിയുക്തരായ പൊലീസുകാരിൽ 101 പേർക്കാണ് കോവിഡ് സ്ഥീരികരിച്ചത്.
കോവിഡിനെതിരെ പ്രവർത്തിക്കാനുളള സർക്കാരിന്റെ ശ്രമങ്ങൾക്ക് ഇത് വിഘാതമാകുന്നതായും എല്ലാ രാഷ്ട്രീയ പാർടികളും ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ജനാധിപത്യ സമൂഹത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാൻ സാധിക്കില്ല. പക്ഷേ, പ്രതിഷേധിക്കുന്നവർ അതു സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തിക്കൊണ്ട് ചെയ്യുന്നതിൽ നിന്ന് പിൻമാറണം. എല്ലാവരും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ സഹോദരങ്ങളെ ഈ മഹാമാരിക്ക് വിട്ടു കൊടുക്കാതിരിക്കാനുള്ള ജാഗ്രത വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.