മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ: മുഖ്യമന്ത്രി

2020-09-24 23:31:28

    തിരുവനന്തപുരം:കേരളത്തിലെ മുഴുവൻ പഞ്ചായത്തുകളിലും സപ്ലൈകോ യൂണിറ്റുകൾ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാവേലി ഉൽപ്പന്നങ്ങൾ റേഷൻ കടകൾ വഴിയും വിതരണം ചെയ്യും. സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് വീടുകളിൽ സാധനങ്ങൾ ലഭ്യമാക്കുന്ന സംവിധാനം ആരംഭിക്കാൻ ഉദ്ദേശിക്കുന്നു.

ഇതിനുള്ള ഓർഡറുകൾ ഓൺലൈനായി സ്വീകരിക്കും. മുൻഗണനാ വിഭാഗത്തിനുള്ള ഗോതമ്പ് വിഹിതം ആട്ടയാക്കി വിതരണം ചെയ്യാൻ ആലോചിച്ചിട്ടുണ്ട്. സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ കൂടുതൽ ആരംഭിക്കും. ഗൃഹോപകരണങ്ങൾക്ക് പ്രത്യേക വിൽപ്പനശാലകൾ തുറക്കാനും സപ്ലൈകോ തീരുമാനിച്ചിട്ടുണ്ട്.

പൊതുവിപണിയിൽ വില നിയന്ത്രിച്ചു നിർത്തുന്നതിന് ഉയർന്ന വിഹിതം സപ്ലൈകോയ്ക്ക് അനുവദിക്കുന്നുണ്ട്. ഈ സർക്കാരിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ 200 കോടി രൂപ വീതവും 2019-20ൽ 150 കോടി രൂപയുമാണ് വിപണി ഇടപെടലിന് നൽകിയത്. പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവിലാണ് 14 ഇനം അവശ്യസാധനങ്ങൾ സപ്ലൈകോ വിതരണം ചെയ്യുന്നത്.

വീട്ടു നമ്പർ ഇല്ലാത്തവർക്കും വീടില്ലാത്തവർക്കും റേഷൻ കാർഡ് നൽകാൻ തീരുമാനിച്ചു. റേഷൻ കാർഡിന് ഓൺലൈനായി അപേക്ഷ നൽകാം. അക്ഷയ സെന്റർ വഴി അപേക്ഷിക്കുന്നവർക്ക് 24 മണിക്കൂറിനകം കാർഡ് നൽകണമെന്നാണ് തീരുമാനം. ഇപ്പോൾ സംസ്ഥാനത്ത് 88.42 ലക്ഷം കാർഡുടമകളാണ് ഉള്ളത്. 8.22 ലക്ഷം കാർഡുകൾ ഈ സർക്കാർ പുതിയതായി വിതരണം ചെയ്തതായി മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.