ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തത്തിന് കൈമാറി

2020-09-24 23:32:36

    തിരുവനന്തപുരം:അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തത് പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കി: മുഖ്യമന്ത്രി

പരുക്കൻ ജീവിതാനുഭവങ്ങളെ ആധാരമാക്കിയാണ് അക്കിത്തം എഴുത്തുകാരന്റെ ജീവിതബോധവും പ്രപഞ്ചബോധവും കരുപ്പിടിപ്പിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജ്ഞാനപീഠ പുരസ്‌കാരം അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഋഷിതുല്യനായ ഒരാളാണ് കവിയായിത്തീരുന്നത് എന്നും, ഒരാൾ ഋഷിതുല്യനായിത്തീരുന്നത് അയാളുടെ ദർശനവൈഭവംകൊണ്ടാണെന്നും ഭാരതീയർ വിശ്വസിക്കുന്നു.

‘നാ നൃഷി കവിരിത്യുക്തംഋഷിശ്ച കിലദർശനാത്’ എന്ന പ്രസ്താവന ഓർത്താൽ മാത്രം മതിയാകും. അക്കിത്തം ദർശനവൈഭവംകൊണ്ട് ഋഷിതുല്യനായ കവിയാണ്. മനുഷ്യന്റെ ഭൗതികമായ ആധികളെക്കുറിച്ചുമാത്രമല്ല, ദൈവികമായ ആധികളെക്കുറിച്ചും ആത്മീയമായ ആധികളെക്കുറിച്ചും ആഴത്തിൽ തന്റെ കവിതകളിലൂടെ അന്വേഷിച്ച ഒരു കവിയാണ്. ഏകാന്തതയുടെ അപൂർവ്വനിമിഷങ്ങളിൽ പ്രകൃതിയിൽ തന്റെ അസ്തിത്വത്തെത്തന്നെ അലിയിച്ചുചേർക്കുന്ന കവിയാണ്.

തന്റെ യൗവ്വനകാലത്ത് നമ്പൂതിരിസമുദായത്തിലെ പരിഷ്‌ക്കരണസംരംഭങ്ങളിൽ വി.ടി. ഭട്ടതിരിപ്പാടിനോടും ഇ.എഎസ്. നമ്പൂതിരിപ്പാടിനോടും ഒപ്പം പങ്കെടുത്ത പാരമ്പര്യം അക്കിത്തത്തിനുണ്ട്. അന്ന് തൻറെ സഹപ്രവർത്തകരിൽ ഏറെപ്പേരും ഇടതുപക്ഷാഭിമുഖ്യമുള്ളവരായിരുന്നു എന്നും അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, കേവലം ഒരു ദർശനത്തിന്റെ കാഴ്ചപ്പാടിലൂടെമാത്രം നയിക്കപ്പെടാനുള്ള തൻറെ മനസ്സിന്റെ വിമുഖതയെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.

ആത്യന്തികധർമ്മത്തിലേക്കുള്ള ദുരൂഹമായ നിരവധി വഴികളെക്കുറിച്ച് ബോധമുള്ള ഒരു കവിയെ സംബന്ധിച്ചിടത്തോളം അതാണ് ശരിയെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം. അതുകൊണ്ടാണ്, ‘മതമെന്താകിലുമാട്ടെ, മനുജാത്മാവേ കരഞ്ഞിരക്കുന്നേൻ നിരുപാധികമാം സ്നേഹം നിന്നിൽ പൊട്ടിക്കിളർന്നുപൊന്തട്ടേ’ എന്ന് ആശംസിക്കാൻ അക്കിത്തത്തിന് കഴിയുന്നത്. ‘നിരുപാധികമായ സ്നേഹം’ എന്നത് അക്കിത്തത്തിൻറെ കവിതകളുടെ അടിക്കല്ലാണ്.

ജീവിതത്തിൽ എവിടെ കുഴിച്ചാൽ കണ്ണീർ കിട്ടുമെന്ന് തന്നെ പഠിപ്പിച്ചത് ഇടശ്ശേരി ഗോവിന്ദൻനായരാണെന്ന് അക്കിത്തം എഴുതുന്നുണ്ട്. കണ്ണീരന്വേഷിച്ചുപോവുന്ന രുദിതാനുസാരിയായ കവിയെന്ന് അക്കിത്തത്തെക്കുറിച്ചു പറയാം. ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി പൊഴിക്കുമ്പോൾ മനസ്സിൽ ആയിരം സൂര്യൻമാർ ഒന്നിച്ചുദിച്ചുയരുന്നതായി തോന്നുന്ന ഒരു കവി.

അക്കിത്തത്തിന്റെ ‘ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം’ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ രചനയാണെന്ന് പലരും വിധിയെഴുതുന്നത് കണ്ടിട്ടുണ്ട്. വൈലോപ്പിള്ളിയുടെ ‘കുടിയൊഴിക്കൽ’ എന്ന ഖണ്ഡകാവ്യത്തെയും അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’ത്തെയും ഇടതുപക്ഷ സഹയാത്രികരുടെ സൗഹൃദപൂർണ്ണമായ വിമർശനമായി എന്തുകൊണ്ട് കണ്ടുകൂടാ എന്ന ചോദ്യം മാത്രം ഇവിടെ ഉന്നയിക്കുകയാണ്.

‘നിരത്തിൽ കാക്ക കൊത്തുന്നുചത്ത പെണ്ണിന്റെ കണ്ണുകൾമുല ചപ്പിവലിക്കുന്നുനരവർഗ നവാതിഥി’ എന്നിടത്ത് ‘നരവർഗ നവാതിഥി’ എന്ന വാക്കിലെ കാർക്കശ്യം മനസ്സിലാക്കിയാൽ മതിയാകും ചൂഷണവ്യവസ്ഥക്ക് അക്കിത്തത്തിന്റെ മനസ്സ് എത്ര എതിരാണെന്ന് കാണാൻ. ചിലപ്പോൾ ചില കവികളുടെ ചില വരികൾ ജനതയ്ക്ക് ഒരു പഴഞ്ചൊല്ലുപോലെ പ്രിയപ്പെട്ടതാകും.

‘വെളിച്ചം ദുഃഖമാണുണ്ണീതമസ്സല്ലോ സുഖപ്രദം’ എന്ന അക്കിത്തത്തിന്റെ വരികൾ ആരുടേതാണെന്നുപോലും ഓർക്കാതെ സാധാരണക്കാരൻ പോലും ആവർത്തിക്കുന്നു. സത്യാനന്തരകാലം എന്നൊക്കെ ഇപ്പോൾ വിളിക്കുന്ന കാലത്തിന് ഇതിൽപരം ചേരുന്ന ഒരു വിപരീതലക്ഷണാപ്രസ്താവം ഉണ്ടോ? അക്കിത്തത്തിന്റെ ‘പണ്ടത്തെ മേശാന്തി’ എന്ന കവിതയിലെ, ‘എന്റെതല്ലെന്റെതല്ലിക്കൊമ്പനാനകൾഎന്റെതല്ലീ മഹാക്ഷേത്രവും മക്കളേ’ എന്ന വരികൾ തന്റെ ഉൽപ്പാദനോപകരണങ്ങളിൽനിന്നും, ഉൽപ്പന്നങ്ങളിൽനിന്നും അനുദിനം അന്യനായിക്കൊണ്ടിരിക്കുന്ന തൊഴിലാളിവർഗത്തെക്കുറിച്ചാണെന്നു കരുതിയാൽ എന്താണ് കുഴപ്പം? തൻറെ കവിതയുടെ അർത്ഥം തീരുമാനിക്കാൻ കവിയുടെ സമ്മതം വേണമെന്നില്ല എന്നാണല്ലോ ഇപ്പോൾ പരക്കെ സമ്മതിച്ചിട്ടുള്ളത്.

അക്കിത്തത്തെ തുറന്ന മനസ്സോടെ പഠിക്കാനാണ് നമ്മൾ ശ്രമിക്കേണ്ടത് എന്നുമാത്രം പറയാനാണ് താൻ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്കിത്തത്തിന് സമർപ്പിക്കാൻ കേരള സർക്കാരിന്റെ സാംസ്‌കാരികവകുപ്പിനെ ഏൽപ്പിച്ച പുരസ്‌കാരം സാംസ്‌കാരികവകുപ്പ് മന്ത്രി എ.കെ ബാലൻ പാലക്കാട് കുമരനല്ലൂരുള്ള കവിയുടെ വീട്ടിൽവെച്ച് കൈമാറി.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.