സാമൂഹ്യ അകലം പാലിച്ചില്ലെങ്കിൽ കട ഉടമകൾക്കെതിരെ നടപടി: മുഖ്യമന്ത്രി

2020-09-28 23:06:37

തിരുവനന്തപുരം: സാമൂഹ്യ അകലം പാലിക്കാതെ കടകളിൽ ആളെ പ്രവേശിപ്പിക്കുന്ന കട ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കട അടച്ചിടേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കടയുടെ വിസ്തീർണം അനുസരിച്ച് എത്ര പേരെ പ്രവേശിപ്പിക്കാമെന്നത് സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനമെടുത്തിരുന്നു. കൂടുതെ പേർ കടയിലെത്തിയാൽ നിശ്ചിത ആളുകളെ അകത്ത് പ്രവേശിപ്പിക്കണം. മറ്റുള്ളവർ ക്യൂ നിൽക്കണം. ഇതിനായി സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം.

കല്യാണ ചടങ്ങുകളിൽ 50 പേരും മരണാനന്തരചടങ്ങുകളിൽ 20 പേരും പങ്കെടുന്ന രീതി നടപ്പാക്കണം. ലംഘിക്കുന്നവർക്കെതിരെ ശക്തമായ ഇടപെടൽ ഉണ്ടാവും.
നിലവിൽ ആരോഗ്യം, പോലീസ്, തദ്ദേശസ്വയംഭരണം, റവന്യു വകുപ്പ് ഉദ്യോഗസ്ഥരും വോളണ്ടിയർമാരുമാണ് കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങളിൽ കൂടുതൽ ഇടപെട്ട് പ്രവർത്തിക്കുന്നത്. പലർക്കും ഇത് ക്ഷീണവും രോഗവും ഉണ്ടാക്കിയിട്ടുണ്ട്.

സർക്കാർ സർവീസിലെ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഉപയോഗിക്കാനാണ് തീരുമാനം. ഇതിനായി ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ മേഖലകളിൽ കോവിഡ് നിയന്ത്രണ ചുമതലകൾ വഹിച്ച് ഇവർ പ്രവർത്തിക്കും. ഇതിനായി പ്രത്യേക അധികാരവും താത്ക്കാലികമായി നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പൊതുസ്ഥലങ്ങളിൽ മാസ്‌ക്ക് ധരിക്കാതെ ഇപ്പോഴും നിരവധി പേർ എത്തുന്നുണ്ട്. നിലവിലുള്ള പിഴ  തുക വർധിപ്പിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.