ഡിസംബറിനകം 50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും: മുഖ്യമന്ത്രി

2020-10-01 22:48:07

    തിരുവനന്തപുരം:നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകൾ സൃഷ്ടിക്കുക ലക്ഷ്യം

ഡിസംബറിനകം കേരളത്തിൽ 50000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നൂറ് ദിവസത്തിനകം പരമാവധി 95000 തൊഴിലുകൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഈ കാലയളവിൽ പി. എസ്. സി മുഖേന 5000 പേർക്ക് നിയമനം നൽകാനും ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ ഒഴിവുകളും പി.എസ്.സിക്ക് അടിയന്തിരമായി റിപ്പോർട്ട് ചെയ്യുന്നതിനു കർശന നിർദ്ദേശം വകുപ്പ് മേധാവികൾക്കു നൽകി. എല്ലാ രണ്ടാഴ്ച കൂടുമ്പോഴും ഇതുസംബന്ധിച്ച വിശദമായ കണക്കുകളും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസവും പരസ്യപ്പെടുത്തും. ഇതിനു പ്രത്യേകമായ  പോർട്ടൽ ആരംഭിക്കും.
കോവിഡ് പകർച്ചവ്യാധി മൂലമുള്ള സാമ്പത്തിക പ്രതിസന്ധി ഭീതിജനകമായ രീതിയിൽ തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പരിഹരിക്കാൻ സംസ്ഥാനത്ത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സംയോജിത പദ്ധതിയാണ് നടപ്പാക്കുന്നത്.
1000 ആളുകൾക്ക് 5 എന്ന തോതിൽ  ഓരോ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും കാർഷികേതര മേഖലയിൽ തൊഴിൽ സൃഷ്ടിക്കുന്നതിനുള്ള   പരിപാടി ലോക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ചിരുന്നു.  കോവിഡ് സംഭവവികാസങ്ങൾ ഇതിന് വിലങ്ങുതടിയായി. ഈ സാഹചര്യത്തിലാണ് 100 ഇന പരിപാടിയുടെ ഭാഗമായി 50,000 തൊഴിലവസരങ്ങൾ നൂറു ദിവസം കൊണ്ട് കാർഷികേതര മേഖലകളിൽ സൃഷ്ടിക്കുന്നത്.

സർക്കാർ മേഖല

സർക്കാർ, അർദ്ധസർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ  സ്ഥിര- താൽക്കാലിക- കരാർ രീതിയിൽ 18600 പേർക്ക് തൊഴിൽ നൽകും.  ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 425 തസ്തികകളും എയിഡഡ് കോളജുകളിൽ  700 തസ്തികകളും പുതിയ കോഴ്‌സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികകളും സൃഷ്ടിക്കും.  എയിഡഡ് സ്‌കൂളുകളിൽ 6911 തസ്തികകളിലെ നിയമനങ്ങൾ റഗുലറൈസ് ചെയ്യും.  നിയമനം അഡൈ്വസ് കിട്ടിയിട്ടും സ്‌കൂളുകൾ തുറക്കാത്തതുകൊണ്ട് ജോലിക്ക് ചേർന്നിട്ടില്ലാത്ത 1632 പേരുമുണ്ട്. എല്ലാം ചേർത്ത്  വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്കാണ് തൊഴിൽ നൽകുക.
മെഡിക്കൽ കോളജുകളിൽ 700 തസ്തികകളും പൊതു ആരോഗ്യ സംവിധാനത്തിൽ  500 തസ്തികകളും സൃഷ്ടിക്കും.  . കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 1000 ജീവനക്കാർക്ക് താൽക്കാലിക നിയമനം നൽകും.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട 500 പേരെ വനം വകുപ്പിൽ ബീറ്റ് ഓഫീസർമാരായി  നിയമിക്കും.
ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കു പുറത്ത് മറ്റു വകുപ്പുകളിലായി 1717 പേർക്ക് തൊഴിൽ ലഭ്യമാകും.
സർക്കാർ സർവ്വീസിലും പി.എസ്.സിക്ക്  വിട്ട പൊതുമേഖലാ അർദ്ധസർക്കാർ സ്ഥാപനങ്ങളിലും പി.എസ്.സി വഴിയാണ് നിയമനം നടക്കുക. പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളിലെ സ്‌പെഷ്യൽ റൂൾസിന് അംഗീകാരം ലഭിക്കാത്തതുകൊണ്ട്  നിയമനങ്ങൾ സ്തംഭനാവസ്ഥയിലാണ്. ഇതു പരിഹരിക്കുന്നതിനുവേണ്ടി ഫിനാൻസ്, നിയമം, പേഴ്‌സണൽ ആന്റ് അഡ്മിനിസ്‌ട്രേഷൻ വകുപ്പുകൾ എന്നിവരുടെ സ്ഥിരം സമിതി രൂപീകരിച്ച്  കെട്ടിക്കിടക്കുന്ന മുഴുവൻ സ്‌പെഷ്യൽ റൂളുകൾക്കും സമയബന്ധിതമായി അംഗീകാരം നൽകും. പി.എസ്.സി വഴിയുളള നിയമനങ്ങളിലും പുതിയതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും ഈ സർക്കാർ  സർവ്വകാല റെക്കാർഡാണ് സൃഷ്ടിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങൾ

അടുത്ത നൂറു ദിവസത്തിനുള്ളിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ 3977 പേർക്ക് നിയമനങ്ങൾ നടക്കുകയോ തസ്തികകൾ സൃഷ്ടിക്കുകയോ ചെയ്യും. 42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനങ്ങളും 342 താൽക്കാലിക നിയമനങ്ങളും 241 കരാർ നിയമനങ്ങളും അടക്കം 1761 നിയമനങ്ങൾ ഉണ്ടാകും.  കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്പ്‌മെന്റ് കോർപറേഷനിൽ 241 പേരെ നിയമിക്കും.   കേരള മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം, കേരള സ്റ്റേറ്റ് ടെക്‌സ്‌റ്റൈൽ കോർപറേഷൻ, കേരള സ്റ്റേറ്റ് ബാംബൂ കോർപറേഷൻ, കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്നിവയിലോരോന്നിലും നൂറിൽ കൂടുതൽ നിയമനകളാണ് നടക്കുക. ഈ അഞ്ചു സ്ഥാപനങ്ങളിൽ  ആകെ  766 നിയമനങ്ങൾ നടക്കും.
പുതിയ ഹോംകോ ഫാക്ടറിയിലേയ്ക്ക് 150 തസ്തിക സൃഷ്ടിക്കും. സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം/താൽക്കാലിക നിയമനങ്ങൾ നടത്തും. സെപ്തംബർ, നവംബർ മാസങ്ങളിലായി 1000 പേർക്ക് പി.എസ്.സി വഴി കെ. എസ്. എഫ്. ഇയിൽ നിയമനം നൽകും.
കാർഷിക വ്യവസായ പൊതുമേഖലാ സ്ഥാപനങ്ങളിൽ   കൂടുതൽ നിയമനം സ്‌പെഷ്യൽ റൂൾസിന് അംഗീകാരം കിട്ടുന്നതോടെ കേരഫെഡിൽ നടക്കും. ആറ് സ്ഥാപനങ്ങളിലായി 348 പേർക്ക് തൊഴിൽ ലഭിക്കും.

വ്യവസായ മേഖല

പൊതുമേഖലാ സ്ഥാപനങ്ങളുടെ 1760 പ്രത്യക്ഷനിയമനമടക്കം 23100 തൊഴിലവസരങ്ങളാണ്  നൂറു ദിവസങ്ങൾ കൊണ്ട് വ്യവസായ മേഖലയിൽ സൃഷ്ടിക്കുക.
ഈ ധനകാര്യവർഷത്തിന്റെ ഒന്നാംപാദത്തിൽ സംസ്ഥാനത്തു  3498 എംഎസ്എംഇ യൂണിറ്റുകൾ സ്ഥാപിച്ചു. രണ്ടാംപാദത്തിൽ ചുരുങ്ങിയത് 2400 യൂണിറ്റുകളും 7200 തൊഴിലവസരങ്ങളും ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി സൃഷ്ടിക്കും. കേരള എംഎസ്എംഇ ഫെസിലിറ്റേഷൻ ആക്ടിനു കീഴിൽ 4053 ആളുകൾക്ക് ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.   ഈ സംരംഭങ്ങളിൽ ചുരുങ്ങിയത് 6000 പേർക്ക് തൊഴിൽ ലഭിക്കും.
വ്യവസായ വകുപ്പിനു കീഴിൽ 700 സംരംഭങ്ങൾക്ക് നിക്ഷേപ സബ്‌സിഡി അനുവദിച്ചിട്ടുണ്ട്. 416 അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ട്. ഇവയും യുദ്ധകാലാടിസ്ഥാനത്തിൽ പരിശോധന പൂർത്തീകരിക്കുകയാണ്. ഈ ഇനത്തിൽ 4600 പേർക്ക് തൊഴിൽ ലഭിക്കും.
ഭക്ഷ്യസംസ്‌ക്കരണ സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾക്കുവേണ്ടിയുള്ള പ്രധാനമന്ത്രിയുടെ പദ്ധതിയിൽ 10 ലക്ഷം രൂപ വരെ ചെറുകിട സംരംഭങ്ങൾക്ക് സബ്‌സിഡി ലഭിക്കും. അടുത്ത മൂന്നു മാസത്തിനുള്ളിൽ ഇത്തരം 100 സംരംഭങ്ങളിലായി 600 പേർക്ക് തൊഴിൽ നൽകാൻ പരിപാടി തയാറാക്കി. കേന്ദ്ര ഉത്തേജക പാക്കേജിന്റെ ഭാഗമായി ഒരുലക്ഷത്തിലേറെ അക്കൗണ്ടുകളിലായി 4525 കോടി രൂപ കേരളത്തിൽ അധികവായ്പയായി വിതരണം ചെയ്തിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ 1200 അധിക തൊഴിൽ അവസരങ്ങൾ   സൃഷ്ടിക്കപ്പെടും.
വ്യവസായ ഉത്തേജക പരിപാടിയുടെ ഭാഗമായി ഏകദേശം 5000 കോടി രൂപ വായ്പയും സബ്‌സിഡിയുമായി സംരംഭകർക്ക് ലഭ്യമാക്കുന്നുണ്ട്.  മാർച്ച് മാസത്തിൽ നിഷ്‌ക്രിയ ആസ്തിയായിരുന്ന നാൽപതിനായിരത്തിൽപ്പരം സ്ഥാപനങ്ങൾക്ക് ഈ പാക്കേജിൽ നിന്ന് ധനസഹായമൊന്നും ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് ബാങ്കുകളുമായി ചർച്ച നടത്തും. കശുഅണ്ടി പോലെയുള്ള  പ്രത്യേക വ്യവസായ മേഖലയിലെങ്കിലും സർക്കാർ പലിശ സഹായം  പരിഗണിക്കും.
കശുഅണ്ടി വ്യവസായത്തിൽ കാപ്പെക്‌സിലും കോർപറേഷനിലുമായി 3000 തൊഴിലാളികളെ  100 ദിവസത്തിനുള്ളിൽ ജോലിക്കെടുക്കും. ഇതിനാവശ്യമായ തോട്ടണ്ടി ഇറക്കുമതി ചെയ്യുന്നതിന് കോവിഡ് പകർച്ചവ്യാധി സൃഷ്ടിച്ച തടസങ്ങൾ മറികടക്കാൻ  ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 100 യന്ത്രവത്കൃത ഫാക്ടറികൾ കയർ വ്യവസായത്തിൽ തുറക്കും. ഇവയിൽ പുതുതായി 500 പേർക്കെങ്കിലും അധികജോലി ലഭിക്കും.
കൃഷി വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വികസന പരിപാടികളിലൂടെ 230 പേർക്കും കാർഷിക യന്ത്രവൽക്കരണ  കർമ്മസേനകൾ വഴി കുറഞ്ഞത് 1000 പേർക്കും  തൊഴിൽ നൽകും.
അടുത്ത മൂന്ന് മാസത്തേക്ക് കൂടി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുന്നതിനായി  2000 പേരെക്കൂടി സിവിൽ സപ്ലൈസ് കോർപ്പറേഷൻ വഴി നിയമിക്കും.

ഐ ടി മേഖല

ഐ ടി  പാർക്കുകളിലും സ്റ്റാർട്ട്അപ്പുകളിലുമായി 100 ദിവസത്തിനുള്ളിൽ 2500 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.  ടെക്‌നോസിറ്റിയിലെ പുതിയ ഐടി കെട്ടിടം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.  പൂർണ്ണമായും സജ്ജമാകാൻ കുറച്ചുകൂടി സമയമെടുക്കും.   ഇവിടെ  100 ദിവസത്തിനുള്ളിൽ 900 പേർക്ക് തൊഴിൽ നൽകുന്നതിന് ഐറ്റി കമ്പനികൾ തയ്യാറായിട്ടുണ്ട്.  ഇൻഫോപാർക്കിലും അനുബന്ധ കെട്ടിടങ്ങളിലുമായി 500 പേർക്കും സൈബർ പാർക്കിൽ 100 പേർക്കും സ്റ്റാർട്ട്അപ്പിലൂടെ 1000 പേർക്കും പുതിയ തൊഴിൽ നൽകും.

സഹകരണ മേഖല

ഇന്നത്തെ ആപത്്ഘട്ടത്തിൽ സഹകരണ മേഖലയാണ് സംസ്ഥാന സർക്കാരിനും സമ്പദ്ഘടനയ്ക്കും ഏറ്റവും വലിയ കരുത്തായി മാറിയത്. സഹകരണ മേഖലയിലൂടെ 17500 തൊഴിൽ അവസരങ്ങളാണ് ഈ കോവിഡ് കാലത്ത് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്നത്.  13000ൽപ്പരം   അവസരങ്ങൾ പ്രാഥമിക സഹകരണ സംഘങ്ങളോ കേരള ബാങ്കിന്റെ ശാഖകളോ സംരംഭകർക്കു നൽകുന്ന വായ്പയുടെ അടിസ്ഥാനത്തിൽ സൃഷ്ടിക്കപ്പെടുന്നവയാണ്. അഞ്ചു ലക്ഷം രൂപ വരെ വായ്പ നൽകുന്ന 3138 സംരംഭങ്ങളും 5 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്ന 1569 സംരംഭങ്ങളും 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വായ്പ ലഭ്യമാകുന്ന 800 സംരംഭങ്ങളും 25 ലക്ഷത്തിനു മുകളിൽ വായ്പ ലഭ്യമാക്കുന്ന 300 സംരംഭങ്ങളുമുണ്ട്. 800 പ്രാഥമിക വായ്പാ സംഘങ്ങൾക്കും കേരള ബാങ്കിന്റെ 769 ശാഖകൾക്കും ഇതിനുള്ള ടാർജെറ്റ് നിശ്ചയിച്ചു നൽകും.
ഒരു പ്രാഥമിക സഹകരണസംഘമോ ബ്രാഞ്ചോ 5 ലക്ഷം രൂപയുടെ രണ്ടു സംരംഭങ്ങളോ 10 ലക്ഷം രൂപയുടെ ഒരു സംരംഭമോ ആരംഭിച്ചാൽ ഈ ലക്ഷ്യത്തിലെത്തും. ഇതിനായി 1000 കോടി രൂപ വായ്പയായി ലഭ്യമാക്കും. ഏതെങ്കിലും പ്രാഥമിക സഹകരണ സംഘത്തിന് സംരംഭക പ്രോത്സാഹനത്തിന്  പണമില്ലെങ്കിൽ  കേരള ബാങ്ക് വഴി റീ ഫിനാൻസ് ചെയ്യും.
100 നാളികേര സംസ്‌ക്കരണ യൂണിറ്റുകളിലായി 1000 പേർക്കും  750 പച്ചക്കറി സംഭരണ വിൽപന കേന്ദ്രങ്ങളിലായി 1500 പേർക്കും  തൊഴിൽ നൽകും. ഇതിനു പുറമേ പലയിനങ്ങളിലായി സംഘങ്ങൾ നേരിട്ടു മറ്റു സംരംഭങ്ങൾക്കു രൂപം നൽകും. ഇവയിലൂടെ  3000 പേർക്ക് തൊഴിൽ നൽകാൻ ഉദ്ദേശിക്കുന്നു.
അപ്പക്‌സ് സഹകരണ സംഘങ്ങളായ കൺസ്യൂമർ ഫെഡ് (1000), മാർക്കറ്റ് ഫെഡ് (12), വനിതാഫെഡ് (174), റബ്ബർ മാർക്ക് (36), എസ്.സി/എസ്ടി ഫെഡ് (28) എന്നിവയിലൂടെ 1250 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
സഹകരണ മേഖലയിലെ വായ്പാ ഇതര സംഘങ്ങളിലൂടെ 474 തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സഹകരണ വകുപ്പ്/സഹകരണ ബാങ്കുകൾ/സഹകരണ സംഘങ്ങൾ എന്നിവയിലെ സ്ഥിര നിയമനങ്ങളിലൂടെ 500 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
മത്സ്യഫെഡിന്റെ മുൻകൈയിൽ രൂപം കൊള്ളുന്ന വിവിധ തരത്തിലുള്ള സംരംഭങ്ങളിലായി 579 പേർക്കെങ്കിലും തൊഴിൽ ലഭിക്കും. അക്വാകൾച്ചർ യൂണിറ്റുകളിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

കുടുംബശ്രീ

വ്യവസായ സേവന മേഖലകൾ കേന്ദ്രീകരിച്ച് വേതനാധിഷ്ഠിത തൊഴിലോ സ്വയം തൊഴിലോ ഉറപ്പാക്കുന്ന ബൃഹദ് പദ്ധതി  കുടുംബശ്രീ വഴി നടപ്പാക്കും.  100 ദിവസം കൊണ്ട് 15441 പേർക്ക് തൊഴിൽ നൽകുകയാണ് ലക്ഷ്യം.
ഗ്രാമീണ മേഖലയിൽ 600 പേർക്കും നഗരമേഖലയിൽ 660പേർക്കും തൊഴിൽ നൽകുന്നതിനുള്ള സംരംഭങ്ങൾ ആരംഭിക്കും. കാർഷിക മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ സംരംഭങ്ങളിൽ 700 പേർക്ക് തൊഴിൽ നൽകും. ബ്ലോക്ക് അടിസ്ഥാനത്തിൽ സംരംഭകരെ പരിശീലിപ്പിച്ച് സ്വയം തൊഴിൽ പ്രാപ്തരാക്കുന്ന പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം. ഈ സംരംഭങ്ങളിൽ 1000 പേർക്ക് തൊഴിൽ നൽകും. ഹരിത കർമ്മ സേനയുമായി സഹകരിച്ച് ആരംഭിക്കുന്ന ഹരിതസംരംഭങ്ങളിൽ 3000 പേർക്ക് തൊഴിൽ നൽകും. അങ്ങനെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളിൽ മൊത്തം 5960 തൊഴിൽ അവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നത്.
ഫെസിലിറ്റി മാനേജ്‌മെന്റ് സെന്ററുകൾ വഴി 1046 പേർക്കും ഫിനിഷിംഗ് പരിശീലനത്തിനുശേഷം പ്രാദേശികമായി കടകളിലും കെയർ സ്ഥാപനങ്ങളിലും മറ്റുമായി 3195 പേർക്കും തൊഴിൽ ലഭ്യമാക്കും. കേന്ദ്രസർക്കാരിന്റെ ദീൻ ദയാൽ ഉപാധ്യായ വൈദഗ്ധ്യ വികസന പരിപാടിയുടെ നഗര ഉപജീവന മിഷന്റെ കീഴിൽ 2000 പേർക്ക് പരിശീലനം നൽകി തൊഴിൽ ലഭ്യമാക്കും. ഇങ്ങനെ വൈദഗ്ധ്യ പോഷണത്തിന്റെ അടിസ്ഥാനത്തിൽ ആകെ 6241 പേർക്ക് തൊഴിൽ ലഭിക്കും.
മൂന്ന്  മാസം കൊണ്ട് 500 ജനകീയ ഹോട്ടലുകൾ കൂടി സ്ഥാപിക്കും.  ഇവയിൽ കുറഞ്ഞത് 1500 പേർക്ക് തൊഴിൽ ലഭിക്കും. കുടുംബശ്രീ ഡിസ്ഇൻഫെക്ഷൻ ടീമുകളിൽ 300 പേർക്ക് തൊഴിൽ ലഭിക്കും.
”കയർ – ക്രാഫ്റ്റ്  ഭക്ഷ്യ സ്റ്റോറുകളുടെ  ശൃംഖല കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കും. ഹോം ഷോപ്പിയുടെ പ്രാദേശിക ഉൽപാദന ശൃംഖലയും ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും.  അടുത്ത 100 ദിവസത്തിനുള്ളിൽ 300 കേന്ദ്രങ്ങൾ തുറക്കും. ഇവയിൽ 1500 പേർക്ക് തൊഴിൽ ലഭിക്കും. വിപണന കിയോസ്‌കുകൾ, കേരള ചിക്കൻ സംരംഭങ്ങൾ, ചിക്കൻ ഔട്ട്‌ലെറ്റുകൾ തുടങ്ങിയവയിൽ 189 പേർക്ക് തൊഴിൽ ലഭിക്കും.  വിപണനവുമായി ബന്ധപ്പെട്ട് മൊത്തം 3489 പേർക്കാണ് തൊഴിൽ ലഭിക്കുന്നത്.

വികസന കോർപറേഷനുകൾ

പിന്നാക്ക വികസന കോർപറേഷന് 650 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി സർക്കാർ നൽകിയിട്ടുണ്ട്. ഇതുകൂടി ഉപയോഗപ്പെടുത്തി 3060 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും.  400 വനിതാ സംരംഭകർക്ക്  സഹായം, 75 പ്രവാസികൾക്ക് റിട്ടേൺ വായ്പ, 1125 മറ്റു സ്വയം തൊഴിൽ വായ്പാ സംരംഭങ്ങൾ,  50 വിധവകൾക്കുള്ള സഹായമടക്കം 1660 സംരംഭകർക്കാണ് സഹായം നൽകുന്നത്. ഇതുവഴി 3060 തൊഴിലവസരങ്ങളാണുണ്ടാവുക.
വനിതാ വികസന കോർപറേഷന് 740 കോടി രൂപയുടെ വായ്പയ്ക്കുള്ള ഗ്യാരണ്ടി നൽകിയിട്ടുണ്ട്.  1200 പേർക്ക് സ്വയം തൊഴിലിന് വായ്പ നൽകും. 50 പട്ടികവർഗ സ്ത്രീകൾക്കും 15 ട്രാൻസ്‌ജെൻഡേഴ്‌സിനും വായ്പ നൽകും. വിദേശത്ത് ജോലി ചെയ്യുന്നതിനുവേണ്ടിയുള്ള വൈദഗ്ധ്യപരിശീലനം 90 നഴ്‌സുമാർക്കു നൽകുന്നതാണ്. ഇങ്ങനെ മൊത്തം 2920 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്.
കേരള ഫിനാൻഷ്യൽ കോർപറേഷൻ 500 സംരംഭകർക്ക് മൂന്നു മാസം കൊണ്ട് വായ്പ നൽകുന്നുണ്ട്. ഇതിനകം ഇവർക്കുള്ള പരിശീലനം പൂർത്തിയാക്കിക്കഴിഞ്ഞു. 2500 പേർക്ക് ഈ സംരംഭങ്ങളിൽ തൊഴിൽ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തീരദേശ വികസന കോർപ്പറേഷനു കീഴിലുള്ള മത്സ്യസംസ്‌കരണ യൂണിറ്റുകളിലും ഓൺലൈൻ മാർക്കറ്റിംഗ് സംരംഭങ്ങളിലൂടെയും 150 പേർക്കാണ് തൊഴിൽ നൽകുന്നത്.
പട്ടികജാതി വികസന കോർപ്പറേഷൻ 100 കോടി രൂപ അടങ്കലുള്ള സംരംഭകത്വ വികസന പദ്ധതി നടപ്പാക്കും. ഇതിൽ 100 ദിവസം കൊണ്ട് 1308 പേർക്ക് തൊഴിൽ ലഭ്യമാക്കാൻ കഴിയും. വികലാംഗ ക്ഷേമ കോർപ്പറേഷന്റെ കൈവല്യ പദ്ധതിയിൽ 7000ൽപ്പരം അപേക്ഷകളുണ്ട്. ഇവ ജില്ലാതല സമിതികൾ അടിയന്തിരമായി പരിശോധിച്ച് അർഹരായ മുഴുവൻ പേർക്കും അംഗീകാരം നൽകും.  5000 പേർക്കെങ്കിലും ഇതുവഴി തൊഴിൽ ലഭിക്കും.
സർക്കാരിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും നേരിട്ട് തൊഴിൽ നൽകുന്നതിനു പുറമേ ഈ പരിപാടി ഊന്നൽ നൽകുന്നത് സംരംഭകത്വ പ്രോത്സാഹനത്തിനാണ്.  8000 കോടി രൂപയെങ്കിലും വായ്പയായും സബ്‌സിഡിയായും സംരംഭകർക്കു ലഭ്യമാക്കുന്നുണ്ട്. കേരള സർക്കാരിന്റെ ഏതാണ്ട് എല്ലാ ഏജൻസികളും ഈ തൊഴിൽ സൃഷ്ടിക്കാനുള്ള കർമ്മപരിപാടിയിൽ പങ്കാളികളാണ്. ഇപ്പോൾ പരാമർശിക്കാത്ത ഏജൻസികൾക്കും തങ്ങളുടെ പദ്ധതികളുമായി മുന്നോട്ടു വരാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തൊഴിൽസംരംഭങ്ങൾ ആരംഭിക്കുന്നതിനുവേണ്ടി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും പ്രോജക്ടുകൾ തയ്യാറാക്കണമെന്ന് നിഷ്‌കർഷിച്ചിരുന്നു. അവ ഊർജ്ജിതമായി നടപ്പാക്കുന്നതിനുള്ള പരിശ്രമം ഈ മാസം ഉണ്ടാവും. കുടുംബശ്രീയുടെ സംരംഭങ്ങൾക്ക് പിന്തുണ നൽകേണ്ടതും തദ്ദേശഭരണ സ്ഥാപനങ്ങളാണ്. പച്ചക്കറി സംഭരണ, വിതരണ സംരംഭങ്ങൾക്ക് പിന്തുണ നൽകി വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗിനായി 5 ലക്ഷം രൂപയുടെ പ്രോജക്ട് എല്ലാവരും തയ്യാറാക്കേണ്ടതുണ്ട്. ഇതിനുള്ള പണം സർക്കാർ അധികമായി നൽകും. ഈ വർഷം ആദ്യം പ്രഖ്യാപിച്ചതുപോലെ 1000 പേർക്ക് അഞ്ച് വീതം മൊത്തത്തിൽ പുതിയ കാർഷികേതര തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക ആദരവ് നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.