പ്രതിസന്ധികളെ അതിജീവിക്കാൻ പുതുവഴികളുമായി കെ.എസ്.ആർ.ടി.സി

2020-10-05 22:34:53

    തിരുവനന്തപുരം:എന്റെ കെ.എസ്.ആർ.ടി.സി’ റിസർവേഷൻ ആപ്പ് ആറിന് മുഖ്യമന്ത്രി പുറത്തിറക്കും

പ്രതിസന്ധികളെ അതിജീവിക്കാൻ കെ എസ് ആർ ടി സിയെ പ്രാപ്തമാക്കുന്ന നൂതന പദ്ധതികൾ ആവിഷ്കരിക്കുകയാണ് സംസ്ഥാന സർക്കാർ. ഓൺലൈൻ റിസർവേഷനുള്ള ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പ് , കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവ ഇതിന്റെ ഭാഗമാണ്.

ഓൺലൈൻ ടിക്കറ്റ് റിസർവേഷന് ‘എന്റെ കെ.എസ്.ആർ.ടി.സി’ ആപ്പുമായി കെ.എസ്.ആർ.ടി.സി. ചൊവ്വാഴ്ച (ഒക്ടോബർ 6) രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ്  പുറത്തിറക്കും. കെ.എസ്.ആർ.ടി.സി ജനതാ സർവീസ്, കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് എന്നിവയുടെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. മുഖ്യമന്ത്രിയുടെ ചേംബറിൽ നടക്കുന്ന ചടങ്ങിൽ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ പങ്കെടുക്കും.

ഡീസൽ, സ്പെയർ പാർട്ട്സ് വില വർധനവ് വെല്ലുവിളിയായി മാറിയ സാഹചര്യത്തിൽ ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് “KSRTC LOGISTICS” എന്ന പേരിൽ പാഴ്സൽ സർവ്വീസ് ആരംഭിക്കുന്നത്. കോവിഡ് 19 ദുരിതാശ്വാസത്തിൻ്റെ ഭാഗമായി സർക്കാർ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും 4 മാസത്തേക്ക് കൂടി അനുവദിക്കുന്ന അതിജീവനക്കിറ്റുകളുടെ വിതരണത്തിനായി SUPPLYCO യ്ക്ക് വാഹനങ്ങൾ പ്രതിമാസ വാടകയ്ക്ക് അനുവദിച്ചു കൊണ്ട് ആദ്യത്തെ സർവീസ് ഉടനെ തുടങ്ങുകയാണ്.

കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, ഭരണഘടനാ സ്ഥാപനങ്ങൾ എന്നിവയുടെയും സ്വകാര്യ സംരംഭകരുടെയും പാഴ്സലുകളുടെ ഗതാഗതം ഈ സേവനം വഴി ലഭ്യമാക്കും. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, വിവിധ യൂണിവേഴ്സിറ്റികൾ, പരീക്ഷാഭവൻ എന്നിവരുടെ ചോദ്യ പേപ്പർ, ഉത്തരക്കടലാസ് തുടങ്ങിയവയും GPS അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഉള്ള വാഹനങ്ങൾ വഴി സംസ്ഥാനത്തെമ്പാടും എത്തിക്കുന്ന സംവിധാനം ഈ പദ്ധതിയുടെ ഭാഗമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത്തരത്തിൽ സർക്കാർ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചരക്ക് കടത്തിന്റെ ഒരു പ്രധാന ചുമതല നടത്തുന്ന വിധത്തിലേക്ക് “KSRTC LOGISTICS” സംവിധാനം വിപുലീകരിക്കും.

ഈയടുത്ത് നടപ്പിലാക്കിയ പ്രവർത്തനയോഗ്യമല്ലാത്ത ബസുകൾ പുനരുപയോഗിക്കുന്ന ഫുഡ് വാഗൺ പദ്ധതിയും ഏറെ ശ്രദ്ധ നേടി.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.