ശബരിമല ദർശനം കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്കു മാത്രം

2020-10-06 20:29:51

   തിരുവനന്തപുരം: കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം ശബരിമല ക്ഷേത്ര ദർശനം അനുവദിക്കാമെന്നാണ് വിദഗ്ധ സമിതി റിപ്പോർട്ടെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  ദർശനത്തിന് 48 മണിക്കൂർ മുമ്പ് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായ റിപ്പോർട്ട് പോർട്ടലിൽ ഭക്തർ അപ്ലോഡ് ചെയ്യണം. ഇവർക്ക് നിലയ്ക്കലിൽ ആന്റിജൻ പരിശോധന നടത്തും. ആയുഷ്മാൻ ഭാരത് കാർഡുള്ളവർ അത് കൈയ്യിൽ കരുതണം. പരമ്പരാഗത പാതകളിലൂടെയുള്ള സന്ദർനം അനുവദിക്കില്ല. മറ്റു കാനനപാതകൾ വനുവകുപ്പിന്റെ നേതൃത്വത്തിൽ അടയ്ക്കും.
പത്ത് മുതൽ 60 വരെയുള്ളവർക്ക് മാത്രം പ്രവേശനം അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. 60-65 വയസ്സിനിടയിൽ പ്രായമുള്ളവരിൽ ഗുരുതരമായ രോഗങ്ങളില്ലെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുന്നവർക്ക് മാത്രം പ്രവേശനം അനുവദിക്കും. സന്നിധാനത്തും ഗണപതി കോവിലിലും താമസം അനുവദിക്കില്ല. പമ്പയിലെ കുളി അനുവദിക്കില്ല.
തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ 1000 പേർക്കും ശനി, ഞായർ ദിവസങ്ങളിൽ 2000 പേർക്കും പ്രവേശനം അനുവദിക്കും. മണ്ഡലപൂജയ്ക്കും മകരവിളക്കിനും നിയന്ത്രണങ്ങൾക്ക് വിധേയമായി 5000 പേരെ വരെ പ്രവേശിപ്പിക്കാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഓൺലൈൻ ക്ഷേത്ര ദർശനം സംബന്ധിച്ച് ശബരിമല ക്ഷേത്രം തന്ത്രിയും അധികാരികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പ്രതിമാസ പൂജയ്ക്കായി നടതുറക്കുന്നത് അഞ്ചിൽ നിന്ന് പത്ത് ദിവസമാക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും. ശബരിമലയിലേക്കുള്ള റോഡിന്റെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.