75 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നാടിന് സമർപ്പിച്ചു

2020-10-06 20:36:35

    തിരുവനന്തപുരം:കൂടുതൽ കർക്കശമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം: മുഖ്യമന്ത്രി

ഇനിയുള്ള ദിനങ്ങളിൽ കൂടുതൽ കർക്കശമായി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 75 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം കൂടിയിട്ടുണ്ടെങ്കിലും അത് തിരിച്ചു പിടിക്കാനാവും. ജാഗ്രതക്കുറവ് പറ്റില്ലെന്ന് നാടിനാകെ ബോധ്യമായിട്ടുണ്ട്. കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനം ഇപ്പോൾ മുന്നിലാണ്. അതിനാലാണ് മരണനിരക്ക് വർധിക്കാതെ പിടിച്ചു നിർത്താനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് രോഗികൾ കൂടുന്നതിനനുസരിച്ച് മരണ നിരക്കും വർധിച്ചേക്കാം. അത് സംഭവിക്കാതിരിക്കാനുള്ള ജാഗ്രതയോടെയുള്ള ഇടപെടലാണ് ഇപ്പോൾ നടത്തുന്നത്. സംസ്ഥാനത്തിന് പ്രശംസയും അംഗീകാരവും ലഭിക്കുന്നത് നാട് ഒന്നിച്ചു നിന്ന് കോവിഡിനെതിരെ പൊരുതിയതിനാലാണ്. ഈ പോരാട്ടത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്.

കേരളത്തിലെ ആരോഗ്യ വകുപ്പിനെ പുഴുവരിച്ചു പോയി എന്ന് മനസ് പുഴുവരിച്ചവർക്ക് മാത്രമേ പറയാൻ സാധിക്കൂ. കേരളത്തിന്റെ ആരോഗ്യ രംഗത്തെ അത്രകണ്ട് ആക്ഷേപിക്കാനുള്ള വകയൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ആവശ്യമായ കരുതലോടെയാണ് കേരളം മുന്നോട്ടു പോകുന്നത്. വിദഗ്ധരെന്ന് പറയുന്നവർ നാട്ടിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അഭിപ്രായമല്ല പ്രകടിപ്പിക്കേണ്ടത്. സർക്കാരിന് വീഴ്ചയുണ്ടെങ്കിൽ അത് ശ്രദ്ധയിൽപെടുത്താം. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ അഭിപ്രായം സ്വീകരിച്ചാണ് കേരളം മുന്നോട്ടു പോകുന്നത്. സ്വയമെ വിദഗ്ധരെന്ന് ധരിച്ചു നിൽക്കുന്നവരെ ബന്ധപ്പെട്ടില്ലെന്ന കാരണത്താൽ വിദഗ്ധരെ ആരെയും ബന്ധപ്പെട്ടിട്ടില്ലെന്ന് കരുതരുത്.

സംസ്ഥാനത്തിന്റെ ഉയർന്ന ആയുർദൈർഘ്യം, കുറഞ്ഞ മരണനിരക്ക്, കുറഞ്ഞ മാതൃ ശിശു മരണ നിരക്ക്, ചെലവു കുറഞ്ഞ ആരോഗ്യ സേവനം തുടങ്ങിയവയെല്ലാം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വ്യത്യസ്തമാക്കുന്നു. നാടാകെ ഒന്നിച്ചു നിന്ന് നേടിയ നേട്ടമാണിത്. പലയിടങ്ങളിലും കാണുന്ന പല പകർച്ച വ്യാധികളെയും വർഷങ്ങൾക്കു മുമ്പേ തുടച്ചു നീക്കാൻ നമുക്കായിട്ടുണ്ട്. ആസൂത്രണ പ്രക്രിയയിൽ സാമൂഹ്യ പങ്കാളിത്തം വിളക്കി ചേർത്തതിന്റെ ഫലമായാണത് സാധ്യമായത്. രണ്ടും മൂന്നും തലമുറയിൽപെട്ട ആരോഗ്യ പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാൻ കഴിയുന്ന നിലവാരത്തിലേക്ക് പൊതുജനാരോഗ്യ സംവിധാനത്തെ മെച്ചപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    തിരുവനന്തപുരത്ത് 12 ഉം കൊല്ലത്ത് അഞ്ചും പത്തനംതിട്ടയിൽ ആറും ആലപ്പുഴയിൽ മൂന്നും കോട്ടയത്ത് നാലും ഇടുക്കിയിൽ ഒന്നും എറണാകുളത്ത് നാലും തൃശൂരിൽ 19 ഉം പാലക്കാട് ആറും മലപ്പുറത്ത് എട്ടും കോഴിക്കോട് അഞ്ചും കണ്ണൂരിലും കാസർകോടും ഒന്നു വീതവും കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് നാടിന് സമർപ്പിച്ചത്.

ആർദ്രം പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് യാഥാർത്ഥ്യമായത്. ഇതിന് ആവശ്യമായ തസ്തികകളും സൃഷ്ടിച്ചു. രണ്ടാം ഘട്ടത്തിൽ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ തീരുമാനിച്ചത്. ഇതുവരെ 461 ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി. ബാക്കിയുള്ള ആശുപത്രികൾ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ മന്ത്രി കെ. കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.