ജലജീവൻ മിഷൻ വഴി നടപ്പു വർഷം 21.42 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള കണക്ഷൻ

2020-10-08 22:00:33

   തിരുവനന്തപുരം:സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജലജീവന്‍ മിഷന്‍ പദ്ധതിക്ക് സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനമാകുന്നു.

ഈ പദ്ധതി വഴി 2020-21ല്‍ 21.42 ലക്ഷം കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്നത്. ഇതിനായി നിലവില്‍ സംസ്ഥാനത്താകെ 564 പദ്ധതികൾ കണ്ടെത്തിക്കഴിഞ്ഞു.

കേരളത്തില്‍ ആകെ 67.15 ലക്ഷം ഗ്രാമീണ വീടുകളുള്ളതില്‍ 17.50 ലക്ഷം വീടുകള്‍ക്കാണ് നിലവില്‍ കുടിവെള്ള കണക്ഷനുള്ളത്. ശേഷിക്കുന്ന മുഴുവന്‍ ഗ്രാമീണ വീടുകള്‍ക്കും ജലജീവന്‍ പദ്ധതിയിലൂടെ കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിനിര്‍വഹണത്തിന്റെ ആദ്യഘട്ടത്തില്‍, 716 പഞ്ചായത്തുകളിലായി 16.48 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കാനായി 4343.89 കോടിയുടെ പദ്ധതികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.

ജലജീവന്‍ പദ്ധതിയില്‍ പദ്ധതിത്തുകയുടെ 15 ശതമാനം വിഹിതം പഞ്ചായത്തുകളാണ് ചെലവിടേണ്ടത്. സ്വന്തം ഫണ്ട്, പ്ലാന്‍ ഫണ്ട് എന്നിവ പഞ്ചായത്തുകള്‍ക്ക് പദ്ധതിവിഹിതം കണ്ടെത്താനായി വിനിയോഗിക്കാം. എംഎല്‍എ ഫണ്ടും ഈ ആവശ്യത്തിന് ഉപയോഗിക്കാമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. പദ്ധതിനിര്‍വഹണത്തിനായി സംസ്ഥാന-ജില്ലാ തലത്തിലും, ഗ്രാമീണ ജല-ശുചിത്വ സമിതികളെ സഹായിക്കാനായി പഞ്ചായത്ത് തലത്തിലും പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് (പിഐയു) പ്രവര്‍ത്തിക്കുന്നു.

ഒക്ടോബർ എട്ടിന് വൈകുന്നേരം 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.