സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കും

2020-10-09 21:21:09

തിരുവനന്തപുരം:നെല്ലിന്റെ വില അന്ന് തന്നെ കർഷകർക്ക് നൽകും
സഹകരണ സംഘങ്ങൾ നേരിട്ട് നാല് ജില്ലകളിലെ നെല്ല് സംഭരിക്കുക്കാൻ മന്ത്രിതല യോഗത്തിൽ തീരുമാനം. സ്വകാര്യ മില്ലുടമകളുടെ ചൂഷണത്തിൽ നിന്ന് കർഷകരെ സംരക്ഷിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചേർന്ന മന്ത്രിതല യോഗങ്ങളിലെ പ്രധാന തീരുമാനങ്ങൾ ചുവടെ:

1. കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിനുള്ള ചുമതല സഹകരണസംഘങ്ങൾ നിർവ്വഹിക്കണം.
ഒരു കിലോ നെല്ലിന് കർഷകന് 27 രൂപ 48 പൈസ നൽകും.

2. പാഡി റസീറ്റ് നൽകുന്നതിന് സഹകരണസംഘങ്ങൾക്ക് സാങ്കേതിക സൗകര്യം സപ്ലൈകോ ഏർപ്പെടുത്തി നൽകും.

3. നെല്ലിന്റെ ഗുണനിലവാരം പരിശോധിച്ച് എടുക്കുന്നതിന് സപ്ലൈകോ പാഡി പ്രൊക്യുവർമെന്റ് ഓഫീസർമാരുടെ സേവനം സംഘങ്ങൾക്ക് ലഭ്യമാക്കും.

4. സംഘങ്ങൾ സംഭരണം മാത്രമാണ് നിർവ്വഹിക്കുന്നതെങ്കിൽ ഒരു ക്വിന്റൽ നെല്ല് എടുക്കുന്നതിന് ഗണ്ണിബാഗ്, കയറ്റിറക്ക്, വാഹനസൗകര്യം, ഗോഡൗൺ വാടക, കമ്മീഷൻ എന്നീ ഇനങ്ങളിൽ 73 രൂപ നൽകും. നെല്ല് അരിയാക്കി എഫ്.സി.ഐയ്ക്ക് 64.5 ശതമാനം ഔട്ട് ടേൺ റേഷ്യോയിൽ നൽകുകയാണെങ്കിൽ ഒരു ക്വിന്റൽ നെല്ലിന് 214 രൂപ സംഘങ്ങൾക്ക് നൽകും.

5. പാഡി റസീപ്റ്റ് അടിസ്ഥാനത്തിൽ കർഷകന് നെല്ല് അളന്ന അന്നുതന്നെ പണം നൽകുന്നതിന് സംഘങ്ങളെ/കേരള ബാങ്കിനെ ചുമതലപ്പെടുത്തും.

6. നെല്ല് സംഭരണം സഹകരണ സംഘങ്ങൾ ഏറ്റെടുക്കും. ഇത് കോ-ഓർഡിനേറ്റ് ചെയ്യുന്നതിനായി താലൂക്ക് അടിസ്ഥാനത്തിൽ ഒരു ലീഡ് സംഘത്തെ ചുമതലപ്പെടുത്തും.

7. പാലക്കാട് ജില്ലയിൽ സംഭരണം മുതൽ നെല്ല് അരിയാക്കി എഫ്.സി.ഐക്ക് കൈമാറുന്നത് വരെയുള്ള ഉത്തരവാദിത്വം സഹകരണസംഘങ്ങൾ നിർവ്വഹിക്കും. മില്ലുകളുമായി അവർ കരാറിൽ ഏർപ്പെടും. മറ്റ് ജില്ലകളിൽ സപ്ലൈകോ ആവശ്യമായ ക്രമീകരണം നടത്തണം.

8. സംഘങ്ങൾ സ്വന്തം നിലയിൽ പരമാവധി സംഭരണ കേന്ദ്രങ്ങൾ കണ്ടെത്തും. മതിവരാത്ത ജില്ലകളിൽ സംഭരണ സൗകര്യങ്ങൾ കണ്ടെത്തുന്നതിന് ജില്ലാകളക്ടർമാരുടെ സഹായം അഭ്യർത്ഥിക്കും.

9. പലിശ സഹിതം സപ്ലൈകോ തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിൽ കർഷകർക്ക് പാഡി റസീപ്റ്റ് അടിസ്ഥാനത്തിൽ നെല്ലളന്ന അന്നുതന്നെ പണം നൽകും.

10. അടുത്ത സീസൺ മുതൽ കൂടുതൽ നെല്ല് സംഭരിക്കുന്നതിന് സഹകരണസംഘങ്ങൾ സ്വന്തം നിലയിൽ കൂടുതൽ ഗോഡൗണുകൾ പണിയും. ഇതിനായി നബാർഡിൽ നിന്നുമുള്ള അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രക്ചർ ഡവലപ്‌മെന്റ് ഫണ്ട് പ്രയോജനപ്പെടുത്തും.

മന്ത്രി കടകംപള്ളി സുരേന്ദ്രന് പുറമെ മന്ത്രിമാരായ പി. തിലോത്തമൻ, എ.കെ ബാലൻ, കെ. കൃഷ്ണൻകുട്ടി എന്നിവരും, ഉന്നത ഉദ്യോഗസ്ഥരും യോഗങ്ങളിൽ പങ്കെടുത്തു. പാലക്കാട്, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിലെ നെല്ല് എടുക്കാൻ താൽപര്യമുള്ള സംഘങ്ങളുടെ പ്രതിനിധികൾ, സഹകരണസെക്രട്ടറി, സഹകരണ രജിസ്ട്രാർ, ജില്ലകളിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. 105 സംഘങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.