ഇനി തൊഴിലിടങ്ങൾ സുരക്ഷിതം: പരിശീലനത്തിനായി ഇൻസ്റ്റിറ്റ്യൂട്ട്

2020-10-14 20:05:20

    തിരുവനന്തപുരം:ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം 17 ന് മുഖ്യമന്ത്രി നിർവഹിക്കും

വ്യവസായ ശാലകളിലുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് ലക്ഷ്യമിട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് എറണാകുളത്ത് കാക്കനാട് നിർമ്മാണം പൂർത്തീകരിച്ച് ഒക്കുപേഷണൽ സേഫ്റ്റി ആന്റ് ഹെൽത്ത് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് (തൊഴിൽ ആരോഗ്യ സുരക്ഷിതത്വ പരിശീലന കേന്ദ്രം) പ്രവർത്തന സജ്ജമാകുന്നു.

ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സംസ്ഥാന സർക്കാരിനു കീഴിൽ ആരംഭിക്കുന്ന പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം 17 ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വീഡിയോ കോൺഫറൻസിംഗിലൂടെ നടക്കുന്ന ചടങ്ങിൽ തൊഴിൽ വകുപ്പ് മന്ത്രി റ്റി.പി.രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.

4.5 കോടി രൂപ ചെലവിൽ അത്യാധുനിക സൗകര്യങ്ങളോടെ മൂന്നു നിലകളിലായിട്ടാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ട്രെയിനിംഗ് സെന്ററിൽ സജ്ജീകരിച്ചിരിക്കുന്ന എക്സിബിഷൻ സെന്ററിലെ പ്രവർത്തിക്കുന്ന മോഡലുകളിലൂടെ തൊഴിലാളികൾക്ക് അവർ നേരിടുന്ന ഒട്ടുമിക്ക അപകട സാധ്യതകളും ആരോഗ്യപ്രശ്നങ്ങളും വ്യക്തതയോടെ മനസ്സിലാക്കാനും അവ തടയുന്നതിനുള്ള പരിശീലനം നേടാനുമാകും. സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്താരാഷ്ട്ര തൊഴിൽ സംഘടന, ജർമ്മൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഉൾപ്പെടെ വിദേശരാജ്യങ്ങളിൽ നടത്തുന്ന പരിശീലന പരിപാടിയിൽ ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും പങ്കെടുക്കാം. അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡിജിറ്റൽ ലൈബ്രറി, ശീതികരിച്ച പരിശീലന ഹാൾ എന്നിവ കേന്ദ്രത്തിന്റെ മുഖ്യ ആകർഷണങ്ങളാണ്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.