നിയമവാഴ്ച ഉറപ്പാക്കുന്നതിനൊപ്പം പൊതുസേവകരെന്ന ധാരണയും വേണം- മുഖ്യമന്ത്രി

2020-10-16 21:29:40

    തിരുവനന്തപുരം:നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിനൊപ്പം പോലീസിന് പൊതുജനസേവകരാണെന്ന ധാരണയുമുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പോലീസിന് മറ്റുദ്യോഗസ്ഥരിൽനിന്ന് വ്യത്യസ്തരായി കുറ്റാന്വേഷണം നടത്താനും ക്രമസമാധാനം പാലിക്കാനും നാടിന്റെ നിയമക്രമം ശരിയായി പാലിച്ചുപോകാനുമുള്ള ഉത്തരവാദിത്തമുണ്ട്. അതിൽ വിട്ടുവീഴ്ച പാടില്ല. അതേസമയം സമൂഹത്തോട് നല്ല പ്രതിബദ്ധതയോടെ നീങ്ങാനുമാകണം.

സർവീസ് ജീവിതത്തിലുനീളം ഈ നിലപാട് പാലിച്ചുപോരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ പോലീസ് അക്കാദമിയിൽ നിന്നും വിവിധ പോലീസ് ബറ്റാലിയനുകളിൽനിന്നും പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം വീഡിയോ കോൺഫറൻസിലൂടെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ വിവിധ ബറ്റാലിയനുകളിലായി നടന്നിരുന്നതിനാൽ പരിശീലനത്തിന് ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നില്ല. തൃശൂർ ആസ്ഥാനമായി ഇൻറഗ്രേറ്റഡ് പോലീസ് ട്രെയിനിംഗ് സെൻററിന് രൂപം നൽകിയതോടെയാണ് ഇക്കാര്യത്തിൽ മാറ്റംവരുന്നത്. ഈ സെൻററിലും കേരള പോലീസ് അക്കാദമി, എസ്.എ.പി, എം.എസ്.പി, ആർ.ആർ.എഫ്, കെ.എ.പി ഒന്നുമുതൽ അഞ്ചുവരെ ബറ്റാലിയനുകൾ എന്നിവിടങ്ങളായി ഏകീകൃതമായ പരിശീലനം പൂർത്തിയാക്കിയ ആദ്യ ബാച്ചാണ് ഇറങ്ങുന്നത്.

ഈ പരിശീലനപരിപാടി കേരള പോലീസിന്റെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. സാമൂഹ്യ ജീവിതം കലുഷമായ സാഹചര്യത്തിൽ 2279 പേരുടെ പരിശീലനം ഒരേസമയം പൂർത്തിയാക്കി പുറത്തിറങ്ങുക നിസ്സാരമല്ല. പരിശീലനത്തിനിടെയാണ് മഹാമാരിയെ നേരിടേണ്ടിവന്നത് മികച്ച അവസരമായി കാണണം.

ലോക്ക്ഡൗൺ കാലത്ത് ട്രെയിനികളെ അവരുടെ മാതൃസ്റ്റേഷൻ പരിധിയിൽ ജനമൈത്രീ പോലീസ് ഡ്യൂട്ടിക്ക് നിയോഗിച്ചത് ഈ ലക്ഷ്യം കൂടി മനസിൽവെച്ചാണ്. ഡ്യൂട്ടിയോടൊപ്പം സാമൂഹ്യരംഗത്ത് ചെയ്യാവുന്നവ കൂടി നിറവേറ്റാവുന്ന അവസരമാണ് ലഭിച്ചത്.

മഹാമാരിയെ നേരിടാനുള്ള പ്രവർത്തനം ജനങ്ങൾക്കൊപ്പം നിന്നുള്ളതാണ്. സർവീസ് കാലയളവ് മുഴുവൻ ജനങ്ങളോടൊപ്പം ഏതുരീതിയിൽ കഴിയണമെന്നതിന്റെ തുടക്കമായി ഈ പരിശീലന കാലയളവിനെ എടുക്കണം. ഇത്ര വലിയ അനുഭവം നിങ്ങൾക്ക് മുമ്പ് പരിശീലനം ലഭിച്ച ആർക്കും കിട്ടിയിരിക്കാനിടയില്ല.

സമൂഹത്തെ പ്രധാനമായി കണ്ടുകൊണ്ടുള്ള പരിശീലന രീതിയാണിപ്പോൾ. അതിന്റേതായ മാറ്റം മൊത്തത്തിൽ പോലീസ് സേനയിൽ കാണാനുമാകും. ആയിരക്കണക്കിന് അംഗങ്ങളുള്ള സേന എന്ന നിലയ്ക്ക് ഒറ്റപ്പെട്ട സംഭവങ്ങൾ നാമാരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉണ്ടാകുന്നുവെന്നത് നാം എപ്പോഴും ഓർക്കണം.

എപ്പോഴും നല്ലൊരു പോലീസ് ഉദ്യോഗസ്ഥനായി നിൽക്കാനാണ് ശ്രമിക്കേണ്ടത്. അക്കാര്യത്തിൽ നിങ്ങൾക്ക് വലിയൊരു കളരിയാണ് കോവിഡ്കാലത്ത് ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിലൂടെ ലഭിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ബറ്റാലിയനുകളിലായി 2279 പേരാണ് ഔദ്യോഗിക ജീവിതത്തിലേക്ക് കടക്കുന്നത്.

ഇതിൽ 300ൽ അധികംപേർ ബിരുദധാരികളും ബിരുദാനന്തരബിരുദധാരികളുമാണ്. 152 പേർ ബിരുദാനന്തരബിരുദധാരികൾ, 25 എം.ബി.എക്കാർ ഒക്കെ ഈ പട്ടികയിലുണ്ട്. പോലീസ് സേനയുടെ അടുത്തകാലത്തെ നിയമനങ്ങൾ പരിശോധിച്ചാൽ ഇത്തരത്തിൽ ഉന്നത ബിരുദധാരികളും സാങ്കേതികവിദഗ്ധരും എല്ലാം ഒരുപാട് ചേരുന്നതായി കാണുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയറക്ടർ ഡോ. ബി. സന്ധ്യ, ഡിഐജി നീരജ് കുമാർ ഗുപ്ത എന്നിവർ പോലീസ് അക്കാദമിയിൽ സല്യൂട്ട് സ്വീകരിച്ചു.

തൃശൂർ കേരള പോലീസ് അക്കാദമി ആസ്ഥാനമായ ഐ.പി.ആർ.ടി.സിയിലും വിവിധ സായുധ പോലീസ് ബറ്റാലിയനുമായി പരിശീലനം തുടങ്ങിയ 2279 സേനാംഗങ്ങളാണ് ഔദ്യോഗിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

ഇവരിൽ കെ.എ.പി-ഒന്നിൽ 118 പേരും, കെ.എ.പി-രണ്ടിൽ 256 പേരും, കെ.എ.പി-മൂന്നിൽ  238 പേരും, കെ.എ.പി-നാലിൽ 242 പേരും, കെ.എ.പി-അഞ്ചിൽ 117 പേരും, എം.എസ്.പിയിൽ നിന്നും 343 പേരും, എസ്.എ.പിയിൽ നിന്ന് 222 പേരും, ആർ.ആർ.ആർ.എഫിൽ 117 പേരും, കേരള പോലീസ് അക്കാദമിയിൽ 319 പേരും, ഐ.പി.ആർ.ടി.സിയിൽ 308 പേരുമാണ് പരിശീലനം പൂർത്തിയാക്കുന്നത്. ഇവരിൽ കേരള പോലീസ് അക്കാദമിയിൽ നിന്നും പരിശീലനം പൂർത്തിയാക്കിയ 21 വനിതാ പോലീസ് കോൺസ്റ്റബിൾമാരുമുണ്ട്.   ഇതിനു മുമ്പ് ഇത്രയധികം പേരുടെ പരിശീലനം ഏകീകൃതമായി നടന്നിട്ടില്ല.

പരിശീലനം കഴിഞ്ഞ 2279 ട്രെയിനികളിൽ എം.ടെക് ബിരുദമുള്ള 19 പേരും, ബി.ടെക് ബിരുദമുള്ള 306 പേരും, എം.ബി.എ ബിരുദമുള്ള  26 പേരും, വിവിധ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ള 173 പേരും, ബിരുദാനന്തര ബിരുദവും ബി.എഡും ഉള്ള 9 പേരും, ബിരുദവും ബി.എഡും ഉള്ള 13 പേരും, ബിരുദം ഉള്ള 1084 പേരും, ഡിപ്ലോമ ഉള്ള 138 പേരും, ഐ.ടി.ഐ യോഗ്യതയുള്ള 19 പേരും, ബി.സി.എ ബിരുദം ഉള്ള 10 പേരും, ബി.ബി.എ ബിരുദം ഉള്ള രണ്ടു പേരും, പ്ലസ്ടു യോഗ്യതയുള്ള 480 പേരും ഉണ്ട്.

ട്രെയിനിംഗ് കാലത്ത് തന്നെ അവരവരുടെ മാതൃ പോലീസ് സ്റ്റേഷന്റെ ഭാഗമായി ജനമൈത്രി വോളണ്ടിയർ ഡ്യുട്ടി ചെയ്യാനും ഈ ബാച്ചിന് അവസരം ലഭിച്ചു. പോലീസ് സ്റ്റേഷനിലെ കോവിഡ് ഡ്യൂട്ടിയോടൊപ്പം തന്നെ ഓൺലൈൻ വഴി ഇൻഡോർ ക്ലാസ്സുകൾ, ഔട്ട്ഡോർ ക്ലാസ്സുകൾ, യോഗ, ആയുധ പരിശീലനം, ഫീൽഡ് ക്രാഫ്റ്റ്, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ക്ലാസ്സുകളും ഇവർക്ക് നൽകി.

കളരി, യോഗ, കരാട്ടെ, ഡ്രൈവിങ് എന്നിവയിൽ പരിശീലനം നൽകി. കേരള പോലീസിൽ ഉപയോഗിച്ച് വരുന്ന ആധുനിക ആയുധങ്ങളുടെ  പരിശീലനവും, ഫയറിങ് പരിശീലനവും നൽകി.

ഐപിസി, സിആർപിസി, കേരള പോലീസ്  ആക്ട്, ഭരണഘടന തുടങ്ങിയ നിയമ വിഷയങ്ങളിലും ഫോറൻസിക് സയൻസ്, ക്രിമിനോളജി, ഫോറൻസിക് മെഡിസിൻ, ദുരന്ത നിവാരണം, സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കൽ, പ്രഥമ ചികിത്സ എന്നിവയിലെ വിദഗ്ദ്ധരുടെ ക്ലാസ്സുകളും പരിശീലനത്തിന്റെ ഭാഗമായി ഇവർക്ക് ലഭിച്ചു. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചു കൊണ്ട് പൗരന്റെ അന്തസ്സിനു കാവലാളായി നിയമവാഴ്ച നടപ്പിലാക്കാൻ പര്യാപ്തരാക്കുന്ന പരിശീലനമാണ് ലഭ്യമാക്കിയത്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.