തിരുവനന്തപുരം മെഡി: കോളേജിൽ അത്യാധുനിക പരിശോധന സംവിധാനങ്ങൾ

2020-10-19 21:04:13

തിരുവനന്തപുരം: ഡി.എസ്.എ., ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റൽ മാമ്മോഗ്രാം
ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കും
തിരുവനന്തപുരം മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ പ്രവർത്തനസജ്ജമായ ഡി.എസ്.എ., ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി, ഡിജിറ്റൽ മാമ്മോഗ്രാം എന്നീ മെഷീനുകളുടെ ഉദ്ഘാടനം ഒക്ടോബർ 20ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണ ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.

വളരെ വിലകൂടിയ പരിശോധനകൾ മെഡിക്കൽ കോളേജിൽ സാധ്യമാകുന്നത് പാവപ്പെട്ട രോഗികൾക്ക് ഏറെ സഹായകരമാകുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിരവധി വികസന പ്രവർത്തനങ്ങളാണ് മെഡിക്കൽ കോളേജിൽ നടന്നു വരുന്നത്. 717.29 കോടി രൂപയുടെ മാസ്റ്റർ പ്ലാനിന്റെ ഭാഗമായി ആദ്യ ഘട്ടമായി 58.37 കോടി രൂപ കിഫ്ബി വഴി അനുവദിക്കുകയും നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയും ചെയ്യുന്നു. രണ്ടാംഘട്ടമായി അടുത്തിടെ 194.33 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

ഡി.എസ്.എ.മെഷീൻ

6 കോടി രൂപ ചെലവഴിച്ചാണ് മെഡിക്കൽ കോളേജ് റേഡിയോ ഡയഗ്‌നോസിസ് വിഭാഗത്തിൽ അത്യാധുനിക ഡി.എസ്.എ. മെഷീൻ സ്ഥാപിച്ചത്. ശരീരത്തിലെ രക്തക്കുഴലുകൾ വഴി മാരകരോഗങ്ങൾ ചികിത്സിക്കാനുളള സംവിധാനമാണ് ഡി.എസ്.എ മെഷീനിലുളളത്. പക്ഷാഘാതം, തലച്ചോറിലെ രക്തസ്രാവം, വയറിലും അന്നനാളത്തിലുമുണ്ടാകുന്ന അർബുദരോഗം, മഞ്ഞപ്പിത്തം, രക്തക്കുഴലുകളിലുണ്ടാകുന്ന തടസം ഇങ്ങനെ നിരവധി രോഗങ്ങളുടെ ചികിത്സയ്ക്ക് ഈ ഉപകരണം സഹായകരമാണ്. ഇത്തരം രോഗങ്ങൾക്ക് മേജർ ശസ്ത്രക്രിയ വേണ്ടിടത്ത് ഡി.എസ്.എ. മെഷീൻ ഉപയോഗിച്ച് ശരീരത്തിന്റെ അരഭാഗത്ത് ചെറിയ മുറിവുണ്ടാക്കി അതിൽക്കൂടി കുഴൽ കടത്തി മരുന്നുകൾ നൽകുന്നതിനും ചികിത്സിക്കുന്നതിനും കഴിയും. അതിനാൽ ദീർഘനാളത്തെ ആശുപത്രി വാസം ഒഴിവാക്കാനാകും.

ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ

65 ലക്ഷം രൂപ ചെലവഴിച്ചാണ് ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ സ്ഥാപിച്ചത്. എക്സ്റേ ഉപയോഗിച്ച് ആന്തരികാവയവങ്ങളുടെ പ്രവർത്തനം തത്സമയം കാണുന്നതിനുളള സംവിധാനമാണ് ഫ്ളൂറോസ്‌കോപ്പി. ഈ സംവിധാനത്തെ ഡിജിറ്റലൈസേഷൻ വഴി നവീകരിച്ച് കാണുന്നതിനായാണ് ഡിജിറ്റൽ ഫ്ളൂറോസ്‌കോപ്പി മെഷീൻ ഉപയോഗിക്കുന്നത്. സാധാരണ എക്സ്റേ വച്ചു നടുത്തുന്ന ബേരിയം പരിശോധനകൾ, ഐ.വി.പി. സ്റ്റഡി എന്നിവ യഥാസമയം കാണാൻ ഈ ഉപകരണത്തിലൂടെ സാധിക്കും. റേഡിയോളജിസ്റ്റ് നേരിട്ട് ചെയ്യുന്ന ഈ പരിശോധനകൾക്ക് ആവശ്യമെങ്കിൽ മാത്രം ഫിലിമിലാക്കിയാൽ മതി. അതിനാൽ തന്നെ ഫിലിമിന്റെ ചെലവ് ഒഴിവാക്കാനാകും.

ഡിജിറ്റൽ മാമ്മോഗ്രാം മെഷീൻ

ഒരു കോടി രൂപ വരുന്ന ഡിജിറ്റൽ മാമോഗ്രാഫി മെഷീൻ റോട്ടറി തിരുവനന്തപുരം ഡിസ്ട്രിക്റ്റ് സൗജന്യമായി നൽകിയതാണ്. തുടക്കത്തിൽ തന്നെ സ്തനാർബുദം വളരെപ്പെട്ടന്ന് കണ്ടെത്താൻ കഴിയുന്ന അത്യാധുനിക സൗകര്യമുള്ളതാണ് ഡിജിറ്റൽ മാമോഗ്രാം മെഷീൻ. സ്വകാര്യ മേഖലയിൽ ഒരു ടെസ്റ്റിന് 3500 രൂപയിലധികം ചെലവ് വരുന്നതാണ് സ്തനാർബുദ നിർണയം. നാമമാത്ര സ്ഥാപനങ്ങളിലാണ് ഡിജിറ്റൽ മാമ്മോഗ്രാം മെഷീനുള്ളത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൂടി ഇത് പ്രവർത്തന സജ്ജമാകുന്നതോടെ വളരെയേറെ രോഗികൾക്ക് സഹായകമാകും.   
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.