പമ്പാനദീതീരത്തെ ജൈവ വൈവിധ്യം പുനരുജ്ജീവിപ്പിക്കുന്നു

2020-10-25 22:35:07

പമ്പാനദീതീര ജൈവ വൈവിധ്യപുനരുജ്ജീവനത്തിന് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് വഴി പദ്ധതി നടപ്പാക്കുന്നു. 2018 ൽ കേരളം നേരിട്ട മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ, പമ്പാനദിയുടെ ഇരുകരകളിലുമായി നഷ്ടപ്പെട്ടുപോയ ജൈവവൈവിധ്യത്തിന്റെ പുനരുജ്ജീവനത്തിനായി കേരള സർക്കാരിന്റെ റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോർഡ് നടപ്പാക്കുന്ന പദ്ധതിയാണ് പമ്പാനദീതീര ജൈവവൈവിധ്യ പൂനരുജ്ജീവനം പദ്ധതി.

പദ്ധതി എങ്ങനെ?
10 ഗ്രാമപഞ്ചായത്തുകളിലായി ആകെ 92.95 കിലോമീറ്റർ വിസ്തൃതിയിൽ തനതായിട്ടുള്ളതും, വംശനാശഭീഷണി നേരിടുന്നവയുമുൾപ്പടെ 94 ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ തൈകൾ, നഴ്‌സറികളിലൂടെ വികസിപ്പിച്ച്, പമ്പാനദീതീരത്ത് വെച്ചുപിടിപ്പിക്കുന്നതിലൂടെ, നദീതീരത്തെ ജൈവ-ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്.

കൂടാതെ നദീയോര ജൈവവൈവിധ്യത്തിൽ നിന്നും പ്രദേശവാസികൾക്ക് ജീവനോപാധിയ്ക്കുള്ള സാങ്കേതിക പരിശീലനവും പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നു.

10 പഞ്ചായത്തുകളിൽ പദ്ധതി
പ്രളയത്തെ തുടർന്ന് സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ മേൽനോട്ടത്തിൽ നടത്തിയ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ, പമ്പാ നദീതീരത്ത് ജൈവവൈവിധ്യ ശോഷണം കൂടുതലായി സംഭവിച്ച പത്തനംതിട്ട ജില്ലയിലെ ഇലന്തൂർ, കോയിപ്പുറം, റാന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ചെറുകോൽ, കോഴഞ്ചേരി, അയിരൂർ, റാന്നി, റാന്നി-പഴവങ്ങാടി, റാന്നി-അങ്ങാടി, റാന്നി-പെരുനാട്, വടശ്ശേരിക്കര, വെച്ചൂച്ചിറ, നാറണമ്മൂഴി എന്നീ തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിലെ ജൈവവൈവിധ്യ പരിപാലന സമിതികളുടെ (ബി.എം.സി കൾ) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാദേശിക ഭൂപ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും അനുയോജ്യമാകുംവിധം പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ഓരോ തദ്ദേശസ്ഥാപനങ്ങളിലുമുള്ള നിർവഹണം.

പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഒക്ടോബർ 27ന് രാവിലെ 10.30ന് വീഡിയോ കോൺഫറൻസ് മുഖേന നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 21 ഇനത്തിൽപ്പെട്ട സസ്യങ്ങളുടെ തൈകൾ 10 ഗ്രാമപഞ്ചായത്തുകളിലെ പദ്ധതി പ്രദേശത്ത് നട്ടുപിടിപ്പിക്കും.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.