ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയ നിർമ്മാണത്തിന് തുടക്കം

2020-10-26 22:48:26

    പ്രേംനസീർ സ്മാരകം വരുംതലമുറയ്ക്ക് മുതൽക്കൂട്ടാകും – മുഖ്യമന്ത്രി

പ്രേംനസീറിന്റെ സ്മരണയ്ക്കായി ഉയരുന്ന സ്മാരകമന്ദിരം അദ്ദേഹത്തിന്റെ ഓർമകളും സംഭാവനകളും വരുംതലമുറയ്ക്ക് മുന്നിൽ കാഴ്ചവെക്കുന്നതിന് സഹായകരമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളത്തിലെ നിത്യഹരിതനായകനായ പ്രേംനസീറിന് ജൻമനാടായ ചിറയിൻകീഴിൽ ഒരുങ്ങുന്ന സ്മാരകം അദ്ദേഹത്തെ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന പ്രേക്ഷകലക്ഷങ്ങളുടെ ചിരകാലാഭിലാഷത്തിന്റെ സാഫല്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിറയിൻകീഴിൽ പ്രേംനസീർ സ്മാരക സാംസ്‌കാരിക സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ സാംസ്‌കാരികരംഗത്തിനു വലിയ സംഭാവനകൾ നൽകിയവരുടെ സ്മരണകളെ ആദരിക്കുന്നതാണ് ആ ജനതയുടെ സാംസ്‌കാരിക നിലവാരം നിശ്ചയിക്കാനുളള ഉരകല്ല്. അതിൽ ഉരച്ചുനോക്കുമ്പോൾ മങ്ങിപ്പോവുന്നതായിക്കൂടാ ജനങ്ങളുടെയും സർക്കാരുകളുടെയും ഒക്കെ ഇടപെടലുകൾ.അന്തരിച്ച് 32 വർഷം ആവുമ്പോഴേ പ്രേംനസീറിനെപ്പോലുള്ള ഒരു മഹാനടന് സ്മാരകമുണ്ടാവുന്നുള്ളൂ എന്നത് അഭിമാനിക്കാൻ വകനൽകുന്നതല്ല. നാലു പതിറ്റാണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിന്നതും മുഴുവൻ മലയാളികളുടെയും മനസ്സിൽ മായ്ക്കാനാവാത്ത വിധം പതിഞ്ഞുനിന്നതുമായ മഹാനായ കലാകാരന് അദ്ദേഹം അന്തരിച്ചതിനു തൊട്ടടുത്ത വർഷങ്ങളിൽത്തന്നെ സ്മാരകമുണ്ടാവേണ്ടതായിരുന്നു.

അക്കാര്യത്തിൽ വേദനിപ്പിക്കുന്ന വീഴ്ചയാണുണ്ടായത്. വൈകിയ ഈ ഘട്ടത്തിലാണെങ്കിലും അത് തിരുത്താനായി.  വ്യക്തിത്വശുദ്ധിയുള്ളയാൾ, മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കാൻ കഴിയുന്നയാൾ, സാമ്പത്തികനഷ്ടം അനുഭവിക്കുന്ന നിർമാതാക്കൾക്ക് പ്രതിഫലം പോലും നോക്കാതെ ഡേറ്റുനൽകി സഹായിക്കാൻ മനസ്സുണ്ടായിരുന്നയാൾ, താരപദവിയിലേക്കുയർന്നിട്ടും അഹങ്കാരസ്പർശമില്ലാതെ ഏവരോടും സ്നേഹത്തോടെ പെരുമാറിയ ആൾ തുടങ്ങി പുതിയ തലമുറകളിലെ കലാകാരൻമാർക്ക് പഠിക്കാനും മാതൃകയാക്കാനും ഒട്ടേറെ സദ്ഗുണങ്ങൾ പ്രേംനസീറിലുണ്ടായിരുന്നു.  നാലു പതിറ്റാണ്ടുകാലം മലയാള സിനിമയിൽ നിറഞ്ഞുനിന്ന നടനായിരുന്നു പ്രേം നസീർ.

600 ഓളം മലയാള ചിത്രങ്ങളിലും മുപ്പതിൽപ്പരം തമിഴ് സിനിമകളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച നടൻ, ഏറ്റവും കൂടുതൽ സിനിമകളിൽ നായകനായി അഭിനയിച്ച നടൻ, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ നായകനായി അഭിനയിച്ച നടൻ തുടങ്ങി പ്രേംനസീറിന് മാത്രം അവകാശപ്പെട്ട വിശേഷണങ്ങൾ നിരവധിയാണ്.  സ്വഭാവമഹിമയും ആദർശധീരതയുമുള്ള വ്യക്തി എന്ന പ്രതിച്ഛായ സിനിലും പുറത്തും ഒരു പോലെ അദ്ദേഹത്തിന് നിലനിർത്താൻ കഴിഞ്ഞു. അത് അദ്ദേഹത്തിന്റെ താരപദവിയും ജനപ്രീതിയും അജയ്യമാക്കി നിലനിർത്തി. മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പർതാരവും പ്രേം നസീർ ആയിരുന്നു. നഷ്ടം വന്ന നിർമ്മാ താക്കളെ ചേർത്തു നിർത്തി ചലച്ചിത്രവ്യവസായത്തിന് താങ്ങും തണലുമാവാനും അദ്ദേഹത്തിനു കഴിഞ്ഞു. ഈ താരപദവിക്ക് നിദാനമായ വ്യക്തിപ്രഭാവം വലിയ അളവിൽ നസീറിൽ ഉണ്ടായിരുന്നു. തിരശ്ശീലയിൽ പാവങ്ങളെ സഹായിക്കുന്ന വീരനായകനായി അഭിനയിച്ചു.

പൊതുജീവിതത്തിൽ അദ്ദേഹം അത് യാഥാർഥ്യമാക്കുകയും ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.  15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ് റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. നാലുകോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര ക്ഷേത്രത്തിന് സമീപമാണ് സ്മാരകം നിർമ്മിക്കുന്നത്.
ചടങ്ങിൽ പട്ടികജാതി പട്ടികവർഗ്ഗ, നിയമ സാംസ്‌കാരിക, പാർലിമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ ബാലൻ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പിന്റെ പദ്ധതികൾ ഒട്ടേറെ ജനശ്രദ്ധ ആകർഷിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭാവനകൾ കൊണ്ട് ഒരിക്കലും മറക്കാൻ പറ്റാത്ത കലാകാരൻമാർക്ക് സ്മാരകങ്ങൾ ഒരുക്കാൻ സാധിച്ചതായും അദ്ദേഹം ചടങ്ങിൽ പറഞ്ഞു. ഗ്രാമീണ തലത്തിലുള്ള കലാകാരൻമാർക്ക് 152 ക്ലസ്റ്ററുകളിലായി സൗജന്യമായി പരിശീലനം നൽകാൻ സാംസ്‌കാരിക വകുപ്പിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.

ഡെപ്യൂട്ടി സ്പീക്കർ വി. ശശി സ്മാരക മന്ദിരത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. അന്താരാഷ്ട്ര നിലവാരമുള്ള ഗവേഷണ കേന്ദ്രമായും  മലയാള സിനിമയുടെ വളർച്ച അടയാളപ്പെടുത്തുന്ന ഇടമായും സ്മാരകത്തെ മാറ്റിയെടുക്കാനുള്ള എല്ലാ പിന്തുണയും ചലച്ചിത്ര അക്കാദമിയുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ  കമൽ പറഞ്ഞു.
മുൻ നിയമസഭാഗം ആനത്തലവട്ടം ആനന്ദൻ, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ്, ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഡീന തുങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ചലച്ചിത്രതാരങ്ങളായ  മധു, ഷീല, മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരാജ് വെഞ്ഞാറമൂട്, കനി കുസൃതി, പ്രേം നസീറിന്റെ മകനും നടനുമായ ഷാനവാസ്,  ബാലചന്ദ്രമേനോൻ, വിധുബാല, ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി, പിന്നണി ഗായകൻ പി. ജയചന്ദ്രൻ,  തുടങ്ങിയവർ ഓൺലൈനായി ചടങ്ങിന് ആശംസകൾ നേർന്നു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.