സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമം കണ്ടില്ലെന്ന് നടിക്കാനാവില്ല: മുഖ്യമന്ത്രി

2020-11-01 21:12:28

    തിരുവനന്തപുരം:സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കും കുട്ടികൾക്കും നേരേയുള്ള അതിക്രമം സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായാണ് പോലീസ് ആക്ടിൽ ഭേദഗതി വരുത്താൻ തീരുമാനിച്ചത്. നമ്മുടെ നാട്ടിൽ അഭ്യസ്തവിദ്യരായവർ പോലും നിയന്ത്രണമില്ലാതെ സൈബർ ലോകത്ത് അതിക്രമം കാട്ടുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് സമൂഹമാധ്യമങ്ങളെ ഉപയോഗിക്കാൻ പാടില്ല. എല്ലാ പോലീസ് ജില്ലകളിലും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾ നിലവിൽ വരുന്നത് സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പുതിയതായി ആരംഭിക്കുന്ന 15 സൈബർ പോലീസ് സ്റ്റേഷനുകളുടെയും മലക്കപ്പാറ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റേയും പോലീസിന്റെ ആധുനിക വീഡിയോ കോൺഫറൻസ് സംവിധാനത്തിന്റേയും ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസ് ഫോർമേഷൻ ഡേ പരേഡിന്റെ സല്യൂട്ട് ഇതോടൊപ്പം നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സ്വീകരിച്ചു. വിവിധ പോലീസ് മെഡലുകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു.

കോവിഡ് കാലത്ത് പകർച്ചവ്യാധികളെ നേരിടാനുള്ള പരിശീലനം ഇല്ലാതിരുന്നിട്ടുപോലും ആരോഗ്യപ്രവർത്തകർക്കൊപ്പം തോളോടുതോൾ ചേർന്നുനിന്ന് പോരാടിയവരാണ് സംസ്ഥാനത്തെ പോലീസുകാർ. ജനമൈത്രി എന്ന പേര് അന്വർത്ഥമാക്കും വിധമായിരുന്നു മഹാമാരി ഘട്ടത്തിലെ പോലീസിന്റെ ഇടപെടൽ. അഭ്യസ്തവിദ്യരായ ഒട്ടേറെ യുവതീയുവാക്കൾ ഇപ്പോൾ പോലീസ് സേനയിലേക്ക് കടന്നു വരുന്നുണ്ട്. കുറ്റാന്വേഷണ മികവിൽ കേരള പോലീസിനെ വെല്ലാൻ ആളില്ലെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ശരിയായ വിവരം യഥാസമയം കൃത്യതയോടെ കൈമാറുക എന്നത് പോലീസിനെ സംബന്ധിച്ച് പ്രധാനമാണ്. പോലീസിന്റെ വാർത്താവിനിമയ സംവിധാനങ്ങളിൽ വലിയ മാറ്റമാണ് അടുത്ത കാലത്തായി ഉണ്ടായത്. ഇത്തരത്തിലുള്ള നവീകരണം തുടരും. ഉന്നത നിവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കുന്ന വിനിമയ സംവിധാനമാണ് കേരള പോലീസിന്റേത്. പുതിയ വീഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെയും മറ്റു സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥരോട് ഉയർന്ന ഉദ്യോഗസ്ഥർക്ക് ഒരേസമയം സംസാരിക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ജനപ്രതിനിധികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ  സംബന്ധിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.