മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പൂങ്കാവനത്തിലേക്ക്;എരുമക്കുഴി ഇനി സന്‍മതി

2020-11-04 21:00:13

    തിരുവനന്തപുരം :തലസ്ഥാന നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്ന് എരുമക്കുഴിക്ക് ശാപമോക്ഷം. തിരുവനന്തപുരം നഗരസഭയുടെ എന്റെ നഗരം സുന്ദര നഗരം പദ്ധതിയില്‍ പരിമളം വിതറുന്ന സന്‍മതിയെന്ന പൂങ്കാവനമായി എരുമക്കുഴി മാറി. ചൊവ്വാഴ്ച രാവിലെ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു.വിളപ്പില്‍ശാല മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചുപൂട്ടിയ ശേഷം എരുമക്കുഴിയിലായിരുന്നു മാലിന്യം നിക്ഷേപിച്ചിരുന്നത്. മേയ് 15നാണ് ഇവിടെ നിന്ന് മാലിന്യം നീക്കം ചെയ്തു തുടങ്ങിയത്.

13 ലക്ഷം രൂപ മാലിന്യം നീക്കം ചെയ്യാന്‍ ചെലവായി. നഗരസഭയുടെ നേതൃത്വത്തില്‍ അജൈവ മാലിന്യം വേര്‍തിരിച്ച് വൃത്തിയാക്കി കിലോയ്ക്ക് പത്തു രൂപ നിരക്കില്‍ ക്ളീന്‍ കേരള കമ്പനിക്ക് നല്‍കി.

ജൈവമാലിന്യങ്ങള്‍ കൃഷി ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചു. വിധതരം ഇലച്ചെടികള്‍, പൂച്ചെടികള്‍, ലാന്‍ഡ് സ്‌കേപ്പിംഗ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വിളക്കുകള്‍, വാട്ടര്‍ ഫൗണ്ടന്‍, ഇന്‍സ്റ്റലേഷന്‍, കല്‍ഇരിപ്പിടങ്ങള്‍, ഇന്റര്‍ലോക്ക് നടപ്പാത എന്നിവയാണ് സന്‍മതി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. പാര്‍ക്ക് നിര്‍മാണത്തിന് 35 ലക്ഷം രൂപ ചെലവായി.

സന്‍മതി പാര്‍ക്കിനെ വനിതാ സൗഹൃദ പാര്‍ക്കായി മാറ്റുന്നതിനുള്ള നടപടി നഗരസഭ സ്വീകരിക്കും. മുലയൂട്ടല്‍ കേന്ദ്രം, സ്ത്രീ സൗഹൃദ ടോയിലറ്റുകള്‍ എന്നിവ നിര്‍മിക്കും. സന്ദര്‍ശകര്‍ക്കായി രാവിലെ മുതല്‍ രാത്രി വരെ പാര്‍ക്ക് തുറന്നുകൊടുക്കാനാണ് നഗരസഭയുടെ തീരുമാനം.

ടൂറിസം സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കൗണ്‍സിലര്‍മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.