കോവിഡ് പ്രതിരോധത്തില്‍ പങ്കാളികളായി കുരുന്നുകളും

2020-11-15 21:59:27

കാസർഗോഡ്:കോവിഡ് പ്രതിരോധ പ്രവര്‍നത്തനത്തിന്റെ ഭാഗമായി ഐഇ സി ജില്ലാതല കോഡിനേഷന്‍ കമ്മിറ്റി പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിച്ച മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരവിജയികള്‍ക്ക് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സമ്മാനവും സാക്ഷ്യപത്രവും നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ശിശുദിനാഘോഷ പരിപാടിയിലാണ് സമ്മാന വിതരണം നടത്തിയത്. കോവിഡ് പ്രതിരോധനത്തിന് മാസ്‌ക് ധരിക്കേണ്ട ആവശ്യകതയും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ട ആവശ്യകതയുമാണ് കുരുന്നുകള്‍ മൊബൈല്‍ സെല്‍ഫി വീഡിയോയിലൂടെ വിളിച്ച് പറഞ്ഞത്. മത്സരത്തിലേക്ക് മലയാളം, കന്നട, തുളു, ഇംഗ്ലീഷ് ഭാഷകളിലായി 85 ഓളം സെല്‍ഫി വീഡിയോകളാണ് ലഭിച്ചത്. ശങ്കരമ്പാടിയിലെ മൂന്ന് വയസ്സുകാരി വേദ മുതല്‍ കോവിഡ് പ്രതിരോധത്തിന്റെ വ്യത്യസ്ത സന്ദേശങ്ങളുമായി സെല്‍ഫി വീഡിയോയില്‍ നിറഞ്ഞു നിന്നു. മത്സരത്തില്‍ ചെമ്മനാട്ടെ സമീര്‍അല്‍ഫാന ദമ്പതികളുടെ മകള്‍ സുഹറ സെബയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. രണ്ടാംസ്ഥാനം കാറഡുക്കയിലെ സേതുരാജ്കൃഷ്ണ കൃപ ദമ്പതികളുടെ മകന്‍ അതുല്‍ കൃഷ്ണനും മൂന്നാംസ്ഥാനം മാലക്കല്ലിലെ പുതുപ്പറമ്പില്‍ അരുണ്‍ ചാക്കോ റീന മേരി തോമസ് ദമ്പതികളുടെ മകന്‍ അഡോണ്‍ ജോണും കരസ്ഥമാക്കി. ശങ്കരമ്പാടിയിലെ വിജയന്‍ ശങ്കരമ്പാടിപി സുനിത ദമ്പതികളുടെ മകള്‍ വേദയും, ഋതശ്രീ കെ മാധവും പ്രോത്സാഹന സമ്മാനം കരസ്ഥമാക്കി. ആദ്യത്തെ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനമായി 5000,3000,2000 രൂപ നിക്ഷേപമുള്ള നാഷണല്‍ സേവിങ്‌സ് കിസാന്‍ വികാസ് പത്രയുടെ പാസ് ബുക്കും ജില്ലാ കളക്ടറുടെ സാക്ഷ്യപാത്രവും നല്‍കി. പ്രോത്സാഹന സമ്മാനമായി വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജൂറി പാനലാണ് വിജയികളെ തിരഞ്ഞെടുത്തത്. കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം സാലിയാന്‍, മാഷ് പദ്ധതി കോര്‍ഡിനേറ്റര്‍ പി വിദ്യ, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, സാമൂഹ്യ സുരക്ഷ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ് എന്നിവരാണ് വിജയികളെ തെരഞ്ഞെടുത്ത പാനലിലെ അംഗങ്ങള്‍. ദേശീയ ആരോഗ്യ ദൗത്യമാണ് സമ്മാനം സ്‌പോണ്‍സര്‍ ചെയ്തത്.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, സംസ്ഥാന ശിശുക്ഷേമ സമിതി എക്‌സിക്യുട്ടീവ് മെംബര്‍ ഒ എം ബാലകൃഷ്ണന്‍ മാസ്റ്റര്‍, സിനിമാതാരം മഹിമാനമ്പ്യാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ അബ്ദുല്‍ ലത്തീഫ്്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ എസ് സയന, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ടി എം അബ്ദുല്‍ കരീം തുടങ്ങിയവര്‍ സംബന്ധിച്ചു.

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.