കോവിഡ് കാലത്ത് സി.ഒ.പി.ഡി ഏറെ ശ്രദ്ധിക്കണം

2020-11-17 19:40:04

    ലോക സി.ഒ.പി.ഡി. ദിനം നവംബർ 18ന്
കോവിഡ് കാലത്ത് വരുന്ന സി.ഒ.പി.ഡി ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് 65 ദശലക്ഷം ആൾക്കാർ സി.ഒ.പി.ഡി (ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്) രോഗബാധിതരാണ്. ലോകത്തും കേരളത്തിലും മരണ കാരണങ്ങളിൽ മൂന്നാം സ്ഥാനത്താണ് സി.ഒ.പി.ഡി. കേരളത്തിൽ ഒരു വർഷം 25,000ലധികം പേർ ഈ രോഗം മൂലം മരണപ്പെടുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരെ മാത്രമല്ല സ്ത്രീകളെയും ഈ രോഗം ഒരുപോലെ ബാധിയ്ക്കുന്നു. സി.ഒ.പി.ഡി. ചികിത്സിച്ച് ഭേദമാക്കാൻ കഴിയില്ല. എന്നാൽ കൃത്യമായ ചികിത്സയിലൂടെ ലക്ഷണങ്ങൾ നിയന്ത്രിക്കുന്നതിനും അനുബന്ധ രോഗങ്ങൾ ഉണ്ടാകുന്നത് തടയുന്നതിനും സാധിക്കും. സി.ഒ.പി.ഡി. രോഗികളിൽ കോവിഡ് പിടിപെട്ടാൽ മാരകമാകാനുള്ള സാധ്യതയുള്ളതിനാൽ എല്ലാ സി.ഒ.പി.ഡി. രോഗികളും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കേണ്ടതാണ്. കോവിഡ് കാലത്ത് ശ്വാസകോശ പ്രശ്നങ്ങൾ വലിയ ആരോഗ്യ പ്രശ്നമാകുമ്പോൾ എല്ലാവരും ഈ രോഗത്തെ കുറിച്ചറിയണമെന്നും മന്ത്രി വ്യക്തമാക്കി.

എന്താണ് സി.ഒ.പി.ഡി.?

ശ്വാസകോശത്തെ ബാധിക്കുന്ന ദീർഘസ്ഥായിയായ ഒരു ഗുരുതര രോഗമാണ് സി.ഒ.പി.ഡി അഥവാ ക്രോണിക് ഒബസ്ട്രക്റ്റീവ് പൾമണറി ഡിസീസ്. സ്പൈറോമെട്രിയാണ് രോഗനിർണയത്തിനായി ഉപയോഗിക്കുന്ന ടെസ്റ്റ്. ഒരാളുടെ ശ്വസന വ്യവസ്ഥയുടെ പ്രവർത്തനക്ഷമത പരിശോധിക്കുന്ന ടെസ്റ്റാണിത്.

പ്രധാന കാരണങ്ങൾ

പുകവലി, അന്തരീക്ഷ മലിനീകരണം, തൊഴിലിടങ്ങളിലും വീടുകളിലും നിന്നുമുള്ള പുക, വിഷവാതകങ്ങൾ പൊടി പടലങ്ങൾ, രാസവസ്തുക്കൾ, കുട്ടിക്കാലത്തെ ശ്വാസകോശ അണുബാധകൾ, പാരമ്പര്യ ഘടകങ്ങൾ എന്നിവയൊക്കെയാണ് സി.ഒ.പി.ഡി രോഗത്തിന് കാരണം .

പ്രധാന രോഗ ലക്ഷണങ്ങൾ

ശ്വാസകോശത്തിന്റെയും ശ്വസനനാളിയുടെയും ചുരുക്കവും നീർക്കെട്ടും മൂലം ശരീരകോശങ്ങൾക്ക് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് രോഗ ലക്ഷണങ്ങൾക്ക് കാരണം. ശ്വാസതടസം, ആയാസകരമായ ജോലികളിൽ ഏർപ്പെടുമ്പോഴുണ്ടാകുന്ന അമിതമായ കിതപ്പ്, കഫത്തോടു കൂടിയ നിരന്തരമായ ചുമ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. പ്രാഥമിക ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ പുകവലിയടക്കമുള്ള രോഗകാരണങ്ങളെ നിയന്ത്രിച്ചാൽ ഈ രോഗത്തെ തടയാൻ സാധിക്കും.

സങ്കീർണ്ണതകൾ

സി.ഒ.പി.ഡി. സങ്കീർണമായാൽ ശ്വാസകോശ അണുബാധ, ഹൃദ്രോഗങ്ങൾ, ശ്വാസകോശ ധമനികളിൽ ഉയർന്ന രക്തസമ്മർദം, വിഷാദരോഗം തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്.

പ്രതിരോധം

ഏറ്റവും കൂടുതൽ ആളുകൾക്ക് സി.ഒ.പി.ഡി വരുന്നത് പുകവലി മൂലമാണ്. പുകവലിക്കാതിരിക്കുക എന്നതാണ് ഇത് തടയുന്നതിനുള്ള ഏറ്റവും നല്ല മാർഗം. ജോലിയുമായി ബന്ധപ്പെട്ട് രാസവസ്തുക്കളുടെ പുക ശ്വസിക്കേണ്ടി വരുന്നവർ സുരക്ഷാ ഉപകരണങ്ങൾ ധരിച്ചുമാത്രം ഇത്തരം ജോലികൾ ചെയ്യുക. ഇന്ധനത്തിനായി ചാണകവറലി, വിറക് മുതലായ ഉപയോഗിക്കാതെ പാരമ്പര്യേതര ഊർജ്ജ സോത്രസുകൾ ഉപയോഗിക്കേണ്ടതാണ്.

ശ്വാസ് ക്ലിനിക്കുകൾ

ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും സി.ഒ.പി.ഡി. രോഗങ്ങൾക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും, താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിലും ശ്വാസ് ക്ലിനിക്കുകൾ പ്രവർത്തിച്ചു വരുന്നു. എല്ലാവരും ഈ സേവനം പ്രയോജനപ്പെടുത്തേണ്ടതാണ്.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.