കേരള ബാങ്കിന്റെ ആദ്യ ഭരണസമിതി ചുമതലയേറ്റു

2020-11-27 19:27:07

  ഗോപി കോട്ടമുറിയ്ക്കല്‍ പ്രസിഡന്റ്, എം.കെ കണ്ണന്‍ വൈസ് പ്രസിഡന്റ്

105 വര്‍ഷങ്ങളുടെ ചരിത്രമുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി രൂപീകരിച്ച ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പ് വിജയിച്ച ആദ്യ ഭരണ സമിതിയുടെ പ്രസിഡന്റായി ഗോപി കോട്ടമുറിയ്ക്കലും വൈസ് പ്രസിഡന്റായി എം.കെ. കണ്ണനും ചുമതലയേറ്റു.
മറ്റു ഭരണസമിതി അംഗങ്ങള്‍: എസ് ഷാജഹാന്‍, അഡ്വ: ജി ലാലു, എം. സത്യപാലന്‍, എസ്. നിര്‍മ്മല ദേവി, കെ.ജെ. ഫിലിപ്പ്, കെ.വി. ശശി, അഡ്വ: പുഷ്പ ദാസ്, എ. പ്രഭാകരന്‍, ഇ. രമേശ് ബാബു, പി ഗഗാറിന്‍, കെ. ജെ. വത്സലകുമാരി, സാബു അബ്രഹാം. സ്വതന്ത്ര പ്രൊഫഷണല്‍ ഡയറക്ടറായി പഞ്ചാബ് ആന്റ് സിന്ധ് ബാങ്ക് മുന്‍ എം.ഡി എസ്. ഹരിശങ്കറിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു.

ബോര്‍ഡ് ഓഫ് മാനേജ്മെന്റിലേക്ക് ഭരണസമിതിയില്‍ നിന്നും ആറു പ്രതിനിധികളെ നോമിനേറ്റ് ചെയ്തു. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, അഡ്വ: ജി. ലാലു (കൊല്ലം), കെ.ജെ ഫിലിപ്പ് (കോട്ടയം), എസ്. ഷാജഹാന്‍ (തിരുവനന്തപുരം), കെ.ജെ വത്സലകുമാരി (കണ്ണൂര്‍) എന്നിവരാണിവര്‍.
ബോര്‍ഡ് ഓഫ് മാനേജ്മെന്റിലേക്ക് നോമിനികളായി വി. രവീന്ദ്രന്‍ (ആര്‍ ബി ഐ റിട്ട. എ.ജി എം- ബാങ്കിംഗ് രംഗം), കെ.എന്‍. ഹരിലാല്‍, (മെമ്പര്‍, ആസൂത്രണ ബോര്‍ഡ് -സാമ്പത്തിക രംഗം), പി.എ. ഉമ്മര്‍ (മുന്‍ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് -സഹകരണരംഗം), അഡ്വ. മാണി വിതയത്തില്‍ -(നിയമരംഗം), ഡോ. ജിജു പി. അലക്സ് (പ്രൊഫസര്‍, കേരള കാര്‍ഷിക സര്‍വ്വകലാശാല, കൃഷിരംഗം). ഒരാളെ പിന്നീട് നിശ്ചയിക്കും.

2019 നവംബര്‍ 29ന് നിലവില്‍ വന്ന കേരള ബാങ്ക് (കേരള സംസ്ഥാന സഹകരണ ബാങ്ക്) ഒന്നാം വര്‍ഷം ഒരു ലക്ഷത്തി അയ്യായിരം കോടി രൂപയുടെ ബിസിനസ്സ് ലക്ഷ്യം കൈവരിച്ചു. ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 270 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം ഉണ്ടാക്കിയിട്ടുണ്ട്.
നിലവില്‍ 40265 കോടി രൂപയുടെ വായ്പകള്‍ നല്‍കിയിട്ടുണ്ട്. നിക്ഷേപം 62450 കോടിയുണ്ട്. 5619 ജീവനക്കാരുള്ള ബാങ്കിന്റെ ആളോഹരി ബിസിനസ്സ് 18.44 കോടി രൂപയാണ്. 769 ശാഖകളുള്ള കേരള സംസ്ഥാന സഹകരണ ബാങ്ക് ഇന്ത്യയിലെ ഏറ്റവും വലിയ സഹകരണ ബാങ്കാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കും ആണ്. കേരള സംസ്ഥാന സഹകരണ ബാങ്കിന് 300-ല്‍ അധികം എ.ടി.എമ്മുകളും ആറു മൊബൈല്‍ എ.ടി.എമ്മും ഉണ്ട്. നബാര്‍ഡ് സഹായത്തോടെ 10 മൊബൈല്‍ എ.ടി.എമ്മുകള്‍ ഉടന്‍ ലഭ്യമാകും.

പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ 57 ശതമാനം ഓഹരിയുണ്ട്. 4599 പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങളുടെ ശാഖകള്‍ ഉള്‍പ്പെടെ 5668 വണ്‍ ടച്ച് പോയിന്റുകള്‍ കേരള ബാങ്കിന് സംസ്ഥാനത്ത് ആകെയുണ്ട്. ചുമതലയേല്‍ക്കലിനുശേഷം നടന്ന അനുമോദനയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ധനമന്ത്രി ഡോ: ടി.എം. തോമസ് ഐസക്, സഹകരണ സെക്രട്ടറി മിനി ആന്റണി, കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജന്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ പി. ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

കേരള ബാങ്കിന്റെ സാധ്യതകള്‍ അനന്തം- മുഖ്യമന്ത്രി

കേരളബാങ്കിന്റെ സാധ്യതകള്‍ അനന്തമാണെന്നും ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി മാറുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള ബാങ്കിന്റെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയുടെ പ്രാപ്തിയും കഴിവും പൂര്‍ണമായി പ്രകടിപ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ആര്‍.ബി.ഐ ചട്ടങ്ങള്‍ക്ക് വിധേയമായി പൂര്‍ണമായും ഒരു പ്രൊഫഷണല്‍ സ്ഥാപനമായി ബാങ്ക് പ്രവര്‍ത്തിക്കും.

ആദ്യ ഡയറക്ടര്‍ ബോര്‍ഡിന് ചരിത്രപരമായ നിയോഗമാണുള്ളത്. കേരളത്തിന്റെ പ്രശ്നങ്ങളില്‍ ഇടപെടാനും കഴിയണം. മുമ്പും കേരളത്തിന്റെ സഹകരണമേഖല മാതൃകാപരമായ പിന്തുണയും ഇടപെടലും നടത്തിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍, സാമൂഹ്യക്ഷേമ പെന്‍ഷന്‍, കെയര്‍ ഹോം തുടങ്ങിയവ ഉദാഹരണമാണ്. കേരള ബാങ്കില്‍ നിന്ന് മാറി നില്‍ക്കുന്ന ചെറിയ ഭാഗവും ഇതിനോട് ചേര്‍ന്നുനില്‍ക്കാന്‍ സന്നദ്ധമാകണം. ഒരു ജില്ലയില്‍ മാത്രം ബാങ്കിന്റെ സേവനം നഷ്ടപ്പെടാന്‍ ഇടവരരുതെന്നും അദ്ദേഹം പറഞ്ഞു.  
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.