കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത, കടലിൽ പോകരുത്

2020-12-05 20:40:00

    ഡിസംബർ അഞ്ചു മുതൽ ഡിസംബർ 6 വരെ കടൽ അതിപ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണ്ണമായും നിരോധിച്ചു.
മാന്നാർ കടലിടുക്കിൽ എത്തിയ തീവ്ര ന്യൂനമർദം കഴിഞ്ഞ 33 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. ഇത് രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റർ ദൂരത്തിലും, പാമ്പനിൽ നിന്നും 70 കിലോമീറ്റർ ദൂരത്തിലുമാണ്. നിലവിൽ തീവ്ര ന്യൂനമർദത്തിന്റെ പരമാവധി വേഗത മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയുമാണ്.
തീവ്ര ന്യൂനമർദം അടുത്ത 12 മണിക്കൂറിൽ നിലവിലുള്ളയിടത്ത് തന്നെ തുടരുകയും ശക്തി കുറഞ്ഞ് ന്യൂനമർദമായി മാറുകയും ചെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് കണക്കാക്കുന്നത്.

ഡിസംബർ ആറുവരെ ലക്ഷദ്വീപ്-മാലിദ്വീപ്, കൊമോറിൻ പ്രദേശങ്ങളിലും തെക്കുകിഴക്കൻ അറബിക്കടലിലും കേരളത്തിന്റെ തെക്കൻ തീരപ്രദേശത്തും മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൽസ്യത്തൊഴിലാളികൾ ഈ തീയതികളിൽ കടലിൽ പോകാൻ പാടുള്ളതല്ല.

ഉയർന്ന തിരമാല മുന്നറിയിപ്പ്

ഡിസംബർ അഞ്ച് രാത്രി 11.30 വരെ കേരള തീരത്തു പൊഴിയൂർ മുതൽ കോഴിക്കോട് വരെ 1.5 മീറ്റർ മുതൽ 3.2 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.