ഗെയിൽ: നിറവേറ്റിയത് സർക്കാരിന്റെ പ്രധാന വാഗ്ദാനം – മുഖ്യമന്ത്രി

2021-01-05 22:40:13

സംസ്ഥന സർക്കാർ ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനമാണ് ഗെയിൽ പ്രകൃതി വാതക പൈപ്പ് ലൈൻ യാഥാർത്ഥ്യമായതിലൂടെ നിറവേറ്റപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചി-മംഗളൂരു പൈപ്പ് ലൈൻ പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളുടെ ന്യായമായ ആശങ്കകൾ പരിഹരിച്ചാണ് സർക്കാർ എല്ലാ തടസ്സങ്ങളും മറികടന്നത്. പ്രശ്‌നങ്ങൾ കാരണം 2014-ൽ പൈപ്പ് ലൈനിന്റെ എല്ലാ പ്രവൃത്തിയും ഗെയിൽ നിർത്തിവെച്ചതായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 450 കി.മീറ്റർ നീളമുള്ള കൊച്ചി-മംഗളൂരു പൈപ്പ് ലൈനിൻറെ 414 കി.മീറ്ററും കേരളത്തിലാണ്. വലിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ജനങ്ങൾക്ക് ചെറിയ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാൽ പ്രയാസങ്ങൾ അവഗണിച്ചുകൊണ്ട് ജനങ്ങൾ പദ്ധതിയുമായി സഹകരിച്ചു. കാരണം, കേരളത്തിന്റെ സർവതോന്മുഖമായ വികസനത്തിന് ഈ പദ്ധതി അനിവാര്യമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു.

നിരവധി കേസുകളും ഒരുപാട് പ്രതിഷേധങ്ങളും തരണം ചെയ്താണ് ഈ പദ്ധതി പൂർത്തിയാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിലൂടെയും മലയോര മേഖലയിലൂടെയും നദികൾക്കടിയിലൂടെയും പൈപ്പിടുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ ഗെയിൽ ഉദ്യോഗസ്ഥർ നിശ്ചയദാർഢ്യത്തോടെ പദ്ധതി പൂർത്തിയാക്കാൻ പ്രവർത്തിച്ചു. ഗെയിൽ ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ജില്ലാ ഭരണാധികാരികളും പൊലീസും വിവിധ സർക്കാർ വകുപ്പുകളും തടസ്സങ്ങൾ മറികടക്കാൻ ഒരുമിച്ചു പ്രവർത്തിച്ചു. പ്രളയവും നിപ്പയും കോവിഡ് മഹാമാരിയും പോലുള്ള വെല്ലുവിളികൾക്കിടയിലും തൊഴിലാളികൾ പദ്ധതി പൂർത്തിയാക്കാൻ ആത്മാർത്ഥമായി പ്രവർത്തിച്ചു. അവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

സിറ്റി ഗ്യാസ് വിതരണ ശ്രൃംഖല വ്യാപകമാക്കാൻ പൈപ്പ്‌ലൈൻ പൂർത്തീകരണം സഹായിക്കും. അതുവഴി, വീട്ടാവശ്യത്തിനുള്ള പ്രകൃതിവാതകത്തിന്റെ ലഭ്യത വർധിക്കും. ഫാക്ടിന്റെ വികസനത്തിനും നിർദിഷ്ട പെട്രോകെമിക്കൽസ് പാർക്ക് യാഥാർത്ഥ്യമാക്കുന്നതിനും ഈ പദ്ധതി സഹായിക്കും. ഊർജരംഗത്തും ഇതു വലിയ വികസനം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.