ടോവിനോ തോമസ് സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ

2021-01-10 22:29:19

അക്ഷയ സേവനങ്ങൾ വീട്ടിലെത്തിക്കാൻ സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കും: മുഖ്യമന്ത്രി

അക്ഷയ സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കാൻ ബുദ്ധിമുട്ടുള്ളവരെ സഹായിക്കുന്നതിനും സേവനങ്ങൾ വീടുകളിലെത്തിക്കുന്നതിനും സന്നദ്ധ സേനാംഗങ്ങളെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളും പരാതികളും സ്വീകരിച്ച് അധികാരികൾക്ക് എത്തിച്ചു കൊടുക്കുന്നതിനും അതിന്റെ തുടർനടപടികളുടെ വിവരങ്ങൾ വിളിച്ച് അറിയിക്കുന്നതിനും സന്നദ്ധസേന അംഗങ്ങൾക്ക് ഇ-പാസ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരം ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് സന്നദ്ധ സേന പ്രവർത്തകർ നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നു. മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരത്തി നാനൂറ്റി മുപ്പത് വ്യക്തികളാണ് സന്നദ്ധസേന അംഗങ്ങളായത്. കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് സേനാ അംഗങ്ങൾക്ക് ആദ്യഘട്ട പ്രീ മൺസൂൺ പരിശീലനം നൽകിയത്്. ഈ ഘട്ടത്തിൽ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, ക്യാമ്പ് നടത്തിപ്പ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ സെക്ഷനുകൾ ഉൾപ്പെടുത്തി. ഏകദേശം 20,429 വ്യക്തികൾ പരിശീലനത്തിന്റെ ഭാഗമായി. സന്നദ്ധപ്രവർത്തകർക്ക് ആവശ്യമായ ഇൻഷുറൻസ് പരിരക്ഷ, മത്സര പരീക്ഷകൾക്കുള്ള ഗ്രേസ് മാർക്ക് തുടങ്ങിയവ ഗവൺമെന്റ് പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര രംഗത്തെ തിരക്കുകൾ മാറ്റിവച്ച് സന്നദ്ധസേനാംഗമായി പ്രവർത്തിച്ച ടോവിനോ തോമസിനെ സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിക്കുന്നതിലൂടെ കൂടുതൽ യുവാക്കളെ സേനയിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. സന്നദ്ധപ്രവർത്തകരെ ഏകോപിപ്പിച്ച് ശാസ്ത്രിയ പരിശീനം നൽകി സന്നദ്ധസേന രൂപികരിച്ചതിന് സർക്കാരിനെ അഭിനന്ദിച്ച ടോവിനോ ബ്രാൻഡ് അംബാസിഡർ പദവി സന്തോഷം നൽകുന്നാതാണെന്ന് പറഞ്ഞു. ഓൺലൈനായി നടന്ന ചടങ്ങിൽ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ, യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോം, സാമൂഹിക സന്നദ്ധ സേന ഡയറക്ടർ അമിത് മീണ എന്നിവർ പങ്കെടുത്തു.    
    

അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹം ആണ്. വായനക്കാരുടെ അഭിപ്രയങ്ങളിൽ വിശേഷത്തിനു യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. ദയവായി നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം രേഖപ്പെടുത്തുക. മംഗ്ലീഷ് ഒഴിവാക്കുക.